തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

‘വിദ്യാർത്ഥികൾക്ക് നേരെ കോൺഗ്രസ്സും പോലിസും നടത്തിയ ഭീകാരാക്രമണത്തെ ന്യായികരിക്കാൻ നുണകൾ നിർമ്മിക്കുന്നവർക്ക് ഇത്തവണ മനോരമ പോലും കൂട്ടിനില്ല’
തിരുവനന്തപുരം:തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും മലയാളമനോരമ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.രാജീവ്.വിദ്യാർത്ഥികൾക്ക് നേരെ കോൺഗ്രസ്സും പോലിസും നടത്തിയ ഭീകാരാക്രമണത്തെ ന്യായികരിക്കാൻ നുണകൾ നിർമ്മിക്കുന്നവർക്ക് ഇത്തവണ മനോരമ പോലും കൂട്ടിനില്ലെന്ന് അദ്ദേഹം മനോരമ വാർത്ത ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നു.

പി.രാജീവ്
പി.രാജീവ് എഴുതിയത് വായിക്കാം:
‘തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് നേരെ കോൺഗ്രസ്സും പോലിസും നടത്തിയ ഭീകാരാക്രമണത്തെ ന്യായികരിക്കാൻ നുണകൾ നിർമ്മിക്കുന്നവർക്ക് ഇത്തവണ മനോരമ പോലും കൂട്ടിനില്ല. ചിലപ്പോഴൊക്കെ സംഭവങ്ങൾ വാർത്തയായി വരുമ്പോൾ നിര്ബന്ധമായും പത്രത്തിൽ കൊടുക്കേണ്ടതുകൊണ്ട് ഡെസ്കിന് അധിക സമയം കിട്ടിയെന്നുവരില്ല. അപ്പോൾ വസ്‌തുത അതേപോലെ വാർത്തയായി വരും. ചിത്രത്തിൽ ഹൈലൈറ്റ് ചെയ്ത ഭാഗം വായിച്ചാൽ എന്തു നടന്നുവെന്നത് മനോരമ വാർത്തയിൽ വ്യക്തം. കറണ്ട് പോയപ്പോൾ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കുവി വിളിച്ചു.

മനോരമ വാർത്ത
മറുപടിയായി പന്തവും ഇഷ്‌ടികയും ഹോസ്റ്റലിലെത്തി (നടന്നു വന്നതായിരിക്കില്ല!). മനോരമ വാർത്ത പറയുന്നത് എസ് എഫ്ഐക്കാർ ഈ പന്തങ്ങൾ കൂട്ടിവെയ്ക്കുക മാത്രമാണ് ചെയ്തത്. ഇതിനിടെ പ്രകടനം കഴിഞ്ഞ് മടങ്ങിയെത്തിയ കെ എസ് യു യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഹോസ്‌റ്റലിലേക്ക് ഇഷ്ടികയും മറ്റുമെറിഞ്ഞ് പ്രകോപനമുണ്ടാക്കിയെന്നും വാർത്ത. പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും മലയാളമനോരമ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലത്. തുടർന്ന് പ്രതികരണവും ഉണ്ടായെന്ന് ദൃസാക്ഷിയായ ലേഖകൻ പറയുന്നത് ഇന്നലെ എസ് എഫ്ഐ സംസ്ഥാനസെക്രട്ടറി മാധ്യമങ്ങളോട് സമ്മതിച്ചതുമാണ്.
ഇനി പോലീസിന്റെ നടപടി എങ്ങനെയാണ് മനോരമ എഴുതിയത് നോക്കു. ‘പിന്നാലെ പാഞ്ഞെത്തിയ കന്റോൺമെന്റ് പോലീസ് ഹോസ്റ്റലിലേക്ക് കയറുകയും വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുകയുമായിരുന്നു. ‘ മനോരമ ഒരു പക്ഷേ,ആദ്യമായിട്ടായിരിക്കും പോലീസ് എസ് എഫ്ഐക്കാരെ കൈകാര്യം ചെയ്തുവെന്ന് എഴുതുന്നത്! വിവരമറിഞ്ഞെത്തിയ എസ് എഫ്ഐ സംസ്ഥാനസെക്രട്ടറി പി എസ് സഞ്‌ജീവിനും മർദ്ദനമേറ്റുവെന്ന് വാർത്ത. മർദ്ദിച്ചുവെന്നതിനു പകരം മർദ്ദനമേറ്റുവെന്ന് ശീലപ്രകാരം എഴുതിയെന്നു മാത്രം.
അപ്പോൾ ,ഭരണത്തിന്റെസൗകര്യം ഉപയോഗിച്ച് യൂത്ത്കോൺഗ്രസ്- കെ എസ് യു സംഘം അക്രമം നടത്തുകയും പോലീസ് അവർക്ക് വേണ്ടി ഭീകരമായി കുട്ടികളെ കൈകാര്യം ചെയ്തത് ആർക്കും പഴം മുറംകൊണ്ട് മറച്ചുവെയ്ക്കാനാവില്ല. ഇനിയും നുണപ്രചാരവേലയുമായി രംഗത്തിറങ്ങുന്നവർ വെറും വാഴ്ത്തുപാട്ടക്കാർ മാത്രമാണ്.’






