ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

ദേശീയതല ടൂര്‍ണമെന്‍റിൽ കേരളം, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഹരിയാന എന്നീ ആറ് ടീമുകള്‍ മാറ്റുരയ്ക്കും
തിരുവനന്തപുരം :ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള സംഘടിപ്പിക്കുന്ന ‘എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി – ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷണല്‍ വിമന്‍സ് ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 2026’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ച പരിമിതരായ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ദേശീയതല ടൂര്‍ണമെന്‍റിൽ കേരളം, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഹരിയാന എന്നീ ആറ് ടീമുകള്‍ മാറ്റുരയ്ക്കും. കളിക്കാര്‍ക്ക് പുറമെ പരിശീലകരും ഒഫീഷ്യലുകളുമായി നൂറിലധികം പേര്‍ ഈ ചാമ്പ്യന്‍ഷിപ്പിനായി എത്തുന്നുണ്ട്. കാഴ്ചപരിമിതരായ വനിതകള്‍ക്ക് കായികരംഗത്ത് കൂടുതല്‍ അവസരങ്ങളും തുല്യതയും ഉറപ്പാക്കുകയാണ് ടൂര്‍ണമെന്‍റിന്‍റെ പ്രധാന ലക്ഷ്യമെന്ന് സിഎബികെ ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റി പറഞ്ഞു.
ഒക്ടോബര്‍ 5-ന് രാവിലെ 11:30-ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സാമൂഹ്യനീതി മന്ത്രി. വി. ഇ. അബ്ദുള്‍ ഗഫൂര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒക്ടോബര്‍ 8-ന് വൈകുന്നേരം 4:00 മണിക്ക് നടക്കുന്ന സമാപന ചടങ്ങിലും സമ്മാനദാന ചടങ്ങിലും ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി . കെ. മുരളീധരന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
2012ല്‍ സ്ഥാപിതമായ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള , കേരളത്തില്‍ ബ്ലൈന്‍ഡ് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും ഉന്നതിക്കുമായി പ്രവര്‍ത്തിക്കുന്ന മുഖ്യ സംഘടനയാണ്.






