സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

കേരളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ‘വേലുത്തമ്പി ദളവ’ സംവിധാനം ചെയ്തത് സൂര്യ കൃഷ്ണമൂർത്തിയാണ്
തിരുവനന്തപുരം: സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക കലാമേളയായ സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിയാണ് വിടപറഞ്ഞത്. ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങനിരിക്കെ ആണ് വേർപാട്. അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി ചെയർമാനായും പ്രവത്തിച്ചിട്ടുണ്ട്. മൃതദേഹം തൈക്കാട്ടെ വീട്ടിലെത്തിക്കും. സെപ്തംബർ 24 രാവിലെ 9 മുതൽ വീട്ടിൽ പൊതുദർശനം. വൈകീട്ട് 5ന്ശാന്തി കവാടത്തിലാണ് സംസ്കാരം.
കേരളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ‘വേലുത്തമ്പി ദളവ’ സംവിധാനം ചെയ്തത് സൂര്യ കൃഷ്ണമൂർത്തിയാണ്.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കലാരംഗത്തോടുള്ള താൽപര്യം പിന്തുടർന്ന് സാംസ്കാരിക പ്രവർത്തനത്തിലേക്ക് പൂർണമായി തിരിയുകയായിരുന്നു.ശാസ്ത്രലോകത്തുനിന്ന് കേരളത്തിന്‍റെ കലാവേദികളിലേക്കുള്ള ഈ മാറ്റം അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ശ്രദ്ധേയമായ ഏടായിരുന്നു.

സൂര്യ കൃഷ്ണമൂർത്തി
നാടകവും ലൈറ്റ് ആൻഡ് സൗണ്ട് ഷോകളും ഉൾപ്പെടെ നിരവധി പരിപാടികളിലൂടെ സൂര്യ കൃഷ്ണമൂർത്തി ശ്രദ്ധ നേടി. കലാകാരന്മാർക്ക്വേണ്ടത്ര അവസരങ്ങൾ ഒരുക്കുന്നതിലും അദ്ദേഹം ശ്രദ്ധപുലർത്തി. പുതുതലമുറയിലെ കലാകാരന്മാരെ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചതും അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.കലാരംഗത്തെ സംഭാവനകൾക്ക് ദേശീയതലത്തിലും അദ്ദേഹത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
1996ൽ സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷനുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചു. വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2003ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ‘മാൻ ഓഫ് ദ ഇയർ’ ബഹുമതിയും ലഭിച്ചു.

സൂര്യ കൃഷ്ണമൂർത്തി
ശാസ്ത്രജ്ഞനിൽനിന്ന് കലാകാരനിലേക്കുള്ള ആ വഴിമാറ്റം ഒടുവിൽ ഒരു വ്യക്തിയുടെ മാത്രം യാത്രയായിരുന്നില്ല. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയിലൂടെയും സൂര്യ ഫെസ്റ്റിവലിലൂടെയും നിരവധി കലാകാരന്മാർക്ക് വേദിയൊരുക്കിയ ഒരു നീണ്ട സാംസ്കാരിക യാത്രയ്ക്കാണ് 78-ാം വയസ്സിൽ വിരാമമാകുന്നത്.
നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തി 1951 ഏപ്രിൽ 11 ആം തിയതി കേരള സർക്കാർ എഞ്ചിനീയർ ആയിരുന്ന നടരാജ പിള്ളയുടെയും ഗാന്ധി പീസ് ഫൌണ്ടേഷന്‍റെ സജീവ അംഗമായിരുന്ന സി. സരസ്വതിയമ്മയുടെയും മകനായി കോട്ടയത്താണ് ജനിച്ചത്.
1972 ൽ കൊല്ലത്തെ ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം , ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ ശാസ്ത്രജ്ഞനായ ഇദ്ദേഹം 1977 ൽ സൂര്യ ഫെസ്റ്റിവൽ എന്ന പേരിൽ മ്യൂസിക് & ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ ആരംഭം കുറിച്ചു.
രചനയും സംവിധാനവും നിര്‍വഹിച്ച ‘മേല്‍വിലാസം’ എന്ന നാടകം നാനൂറിലേറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നാടകത്തെ അടിസ്ഥാനമാക്കി2011 ൽ പുറത്തിറങ്ങിയ മേൽവിലാസം എന്ന ചലച്ചിത്രത്തിന്‍റെ കഥ,തിരക്കഥ സംഭാഷണം എന്നിവ ഇദ്ദേഹമാണ് രചിച്ചത്.

2006 ൽ ജോൺ എബ്രഹാം അവാർഡുകളുടെയും പി. പത്മരാജൻ അവാർഡിന്റെയും ഫിലിം അവാർഡ് ജൂറിയുടെ ചെയർമാനായിരുന്നു അദ്ദേഹം ദൂരദർശൻ ഉപദേശക സമിതി, ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന്റെ വിദഗ്ദ്ധ സമിതി, രാജ്യത്തിന്‍റെ സാംസ്കാരിക നയം വികസിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പ് രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടറായി മൂന്ന് തവണ സേവനമനുഷ്ഠിച്ച ഇദ്ദേഹം ഇന്ത്യാ നാഷണൽ ഫിലിം അവാർഡ് കമ്മിറ്റി, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി, എൻഎഫ്‌ഡിസി സ്ക്രിപ്റ്റ് കമ്മിറ്റി, ഇന്ത്യൻ പനോരമ ഫിലിംസ് തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ കമ്മിറ്റി എന്നിവയിൽ അംഗമായും സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ സാംസ്കാരിക നയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യാ സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ വിദഗ്ദ്ധ സമിതിയിലും അംഗമായിരുന്ന ഇദ്ദേഹം കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു.
1996 ൽ ഇന്ത്യൻ രാഷ്ട്രപതിയുടെ നാടക ശില്പകലയ്ക്കും സംവിധാനത്തിനുമുള്ള ദേശീയ അവാർഡ് നൽകി ആദരിച്ച ഇദ്ദേഹത്തെ തേടി കേരളം, തമിഴ്‌നാട്, പുതുച്ചേരി സർക്കാരുകളുടെ പരമോന്നത ബഹുമതികളും വന്നിട്ടുണ്ട്. 2023 ൽ, കേരള സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന ബഹുമതിയായ കേരള പ്രഭ അവാർഡ് നൽകി ആദരിച്ച ഇദ്ദേഹത്തെ തേടി ഒട്ടേറെ അംഗീകാരങ്ങൾ വന്നിട്ടുണ്ട്.






