വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ പൂർണ്ണമായി വിശ്വസിക്കരുതെന്നും പൊലീസ്
തിരുവനന്തപുരം :ഇന്റർനെറ്റിൽ തിരയുന്ന കസ്റ്റമർ കെയർ നമ്പറുകൾ വഴി പണവും വ്യക്തിഗത വിവരങ്ങളും ചോരുന്ന തട്ടിപ്പുകൾ വർധിക്കുന്നു. ബാങ്കുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പുകാർ ഇന്റർനെറ്റിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്താണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്.
സഹായത്തിനായി ഉപഭോക്താക്കൾ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ നേരിട്ട് കണക്റ്റാകില്ല. തുടർന്ന് കസ്റ്റമർ സപ്പോർട്ട് ഏജന്‍റാണെന്ന വ്യാജേന തട്ടിപ്പുകാർ തിരികെ വിളിക്കുകയാണ് ചെയ്യുന്നത്. പരാതി പരിഹരിക്കാനെന്ന പേരിൽ ഫോണിൽ റിമോട്ട് ആക്‌സസ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് രജിസ്ട്രേഷൻ ഫീസെന്നോ വെരിഫിക്കേഷൻ ഫീസെന്നോ പറഞ്ഞ് അഞ്ചു രൂപ പോലെയുള്ള ചെറിയ തുക അടയ്ക്കാൻ നിർദ്ദേശിക്കും. ഇതിലൂടെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്തി വൻ സാമ്പത്തിക തട്ടിപ്പാണ് ഇവർ നടത്തുന്നത്.
ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ പൂർണ്ണമായി വിശ്വസിക്കരുത്. സേവനത്തിന് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കുക. അജ്ഞാതരുടെ ആവശ്യപ്രകാരം ഒരു കാരണവശാലും റിമോട്ട് ആക്‌സസ് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയോ രജിസ്‌ട്രേഷൻ ഫീസുകൾ നൽകുകയോ ചെയ്യരുത്. ഒ.ടി.പി, പിൻ, പാസ്‌വേഡ്, കാർഡ് വിവരങ്ങൾ തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്. ഫോൺ സംഭാഷണത്തിനിടെ എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ കോൾ അവസാനിപ്പിച്ച് ഔദ്യോഗിക വിവരങ്ങൾ വഴി ബന്ധപ്പെടുകയോ തൊട്ടടുത്ത ബ്രാഞ്ച് നേരിട്ട് സന്ദർശിക്കുകയോ ചെയ്യണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി നൽകേണ്ടതാണ്.






