ടെക്നോപാര്ക്കില്‍ സ്റ്റേറ്റ് സെന്ട്രല് ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ് ഉദ്ഘാടനം ചെയ്തു

ടെക്നോപാര്ക്കിലെ എക്സ്റ്റന്ഷന് കൗണ്ടര് പ്രവൃത്തിദിവസങ്ങളില് രാവിലെ 11 മുതല് വൈകുന്നേരം 6 വരെ
തിരുവനന്തപുരം:സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മ്മ പരിപാടിയുടെ ഭാഗമായി ടെക്നോപാര്ക്ക് ജീവനക്കാരില് വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് സെന്ട്രല് ലൈബ്രറി ടെക്നോപാര്ക്കില് എക്സ്റ്റന്ഷന് കൗണ്ടര് ആരംഭിച്ചു. ടെക്നോപാര്ക്ക് ഫേസ് 1 കാമ്പസിലെ ഭവാനി കെട്ടിടത്തിലെ ലൈബ്രറി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ് ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് സെന്ട്രല് ലൈബ്രേറിയന് ശോഭന പി.കെ, മുന് എം.എല്.എയും സ്റ്റേറ്റ് സെന്ട്രല് ലൈബ്രറി അഡ്വൈസറി കമ്മിറ്റി ചെയര്മാനുമായ കെ. മോഹന്കുമാര്, ടെക്നോപാര്ക്ക് അഡ്മിനിസ്ട്രേഷന് ആന്ഡ് ഇന്ഡസ്ട്രിയല് റിലേഷന്സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അഭിലാഷ് ഡി.എസ്, മാധ്യമപ്രവര്ത്തകനും എഴുത്തുകാരനുമായ ബാബു രാമചന്ദ്രന്, പൊതുപ്രവര്ത്തകന് മലയിന്കീഴ് വേണുഗോപാല്, എഴുത്തുകാരനും പരിസ്ഥിതി പ്രവര്ത്തകനുമായ സി. റഹീം എന്നിവര് ചടങ്ങില് പങ്കെടുത്തു.
ലൈബ്രറിയുടെ സ്മാര്ട്ട് കാര്ഡ്, ഡിജിറ്റല് പേയ്മെന്റ് സംവിധാനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്വഹിച്ചു. സ്മാര്ട്ട് കാര്ഡ് സംവിധാനം വഴി അംഗങ്ങളുടെ വിവരങ്ങള് ഏകീകരിക്കാനും പുസ്തകങ്ങള് ബുക്ക് ചെയ്യുന്ന നടപടിക്രമങ്ങള് ലളിതമാക്കാനും സാധിക്കും. ഡിജിറ്റല് പേയ്മെന്റ് സംവിധാനം പിഴ അടയ്ക്കുന്നത് ഉള്പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള് എളുപ്പമാക്കും.
ടെക്നോപാര്ക്ക് ജീവനക്കാരുടെ ദീര്ഘകാലമായുള്ള ആവശ്യമായിരുന്നു സ്റ്റേറ്റ് സെന്ട്രല് ലൈബ്രറിയുടെ ഒരു ശാഖയെന്നും സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മ്മപരിപാടിയുടെ ഭാഗമായി അത് യാഥാര്ത്ഥ്യമാക്കാന് കഴിഞ്ഞത് വലിയൊരു നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ടെക്നോപാര്ക്ക് ജീവനക്കാരും സംരംഭകരും ഈ സൗകര്യം പ്രയോജനപ്പെടുത്തുകയും ജോലിത്തിരക്കിനിടയിലും വായനാശീലം വളര്ത്തിയെടുക്കുകയും വേണം. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ ക്ലാസിക് കൃതികള് പുതിയ ശാഖയില് ലഭ്യമാണ്. വരും ദിവസങ്ങളില് ഈ സൗകര്യം കൂടുതല് മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാര്ക്ക് നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാവുന്നതാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അവ പരിഗണിക്കുകയും ആവശ്യമായ നടപടികള് സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
വിവിധ വിഭാഗം ജനങ്ങള്ക്കിടയില് വായനാശീലം വളര്ത്താന് സ്റ്റേറ്റ് സെന്ട്രല് ലൈബ്രറി പ്രതിജ്ഞാബദ്ധമാണെന്നും ടെക്നോപാര്ക്കില് ശാഖ ആരംഭിക്കുന്നത് ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണെന്നും ശോഭന പി.കെ. പറഞ്ഞു.
പുസ്തകവായന തലച്ചോറിന്റെ പ്രവര്ത്തനത്തെ ഉത്തേജിപ്പിക്കുകയും സമ്മര്ദ്ദം കുറയ്ക്കുകയും ചെയ്യുമെന്നും ഐടി ജീവനക്കാരുടെ ജോലിഭാരം കണക്കിലെടുക്കുമ്പോള് ഇത് അവര്ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും ബാബു രാമചന്ദ്രന് പറഞ്ഞു.
ടെക്നോപാര്ക്കിലെ എക്സ്റ്റന്ഷന് കൗണ്ടര് പ്രവൃത്തിദിവസങ്ങളില് രാവിലെ 11 മുതല് വൈകുന്നേരം 6 വരെ പ്രവര്ത്തിക്കും.






