ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണെന്ന് ഡിജിപി
തിരുവനന്തപുരം:ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വന്ദനാ കേസ് ഏറെ വേദനയുണ്ടാക്കിയതാണ്. ഈ കേസിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നിര്‍മ്മാണം നടത്തി. വന്ദനാ കേസില്‍ സ്വീകരിച്ച നടപടികള്‍ ദേശീയ തലത്തിലും ശ്രദ്ധ നേടി. കൊല്‍ത്തയിലെ കേസ് ചര്‍ച്ച ചെയ്യുന്ന സമയത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, വന്ദനാ കേസിലെ ഹൈക്കോടതിയുടെ നടപടികളെപ്പറ്റി പരാമര്‍ശിച്ചു. ഓരോ വ്യക്തിയുടേയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഏത് തരത്തിലുള്ള ആക്രമണവും ഭരണഘടനയ്ക്ക് എതിരാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷന്റെ ഭാഗമായി ‘ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ’ സംബന്ധിച്ച പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ്.
ഇന്ത്യയിലെ ആരോഗ്യ മേഖല ലോകത്തുതന്നെ മികച്ചതാണ്. അതില്‍ തന്നെ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും സംഭാവനയാണ് ഇതിന് കാരണം. പൊതു-സ്വകാര്യ മേഖലകള്‍ സംയുക്തമായ പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നത്. മറ്റ് രാജ്യത്ത് ഉള്ളതിനേക്കാള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കേരളത്തില്‍ വേഗത്തില്‍ ലഭ്യമാകും. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഏറ്റവും പഴക്കമുള്ള ക്യാമ്പസില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. അക്രമങ്ങള്‍ തടയുന്നതിനായി നിയമങ്ങള്‍ വളരെ കര്‍ശനമായി നടപ്പിലാക്കുകയും മാതൃകാപകരമായി അക്രമികളെ ശിക്ഷിക്കുകയും വേണം. അതിനായി പോലീസിന്റെ ഭാഗത്തുള്ള പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യുന്നു. രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്നും ഡിജിപി പറഞ്ഞു.
അലുമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ. സി. ജോണ്‍ പണിക്കര്‍, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജു രവീന്ദ്രന്, അലുമ്നി അസോസിയേഷന് സെക്രട്ടറി ഡോ. കവിത രവി, ഡോ. എം.വി. പിള്ള,മുൻ ഡിഎംഇ ഡോ. കെ.എ. കുമാര്‍ എന്നിവര്‍ സംസാരിച്ചു.






