മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി ഡോക്ടർമാർക്ക് നൽകണം; കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധം : മന്ത്രി കെ.മുരളീധരൻ

ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കി
തിരുവനന്തപുരം : സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ സർക്കുലർ . മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും (റീ ഏജൻ്റ്) ലഭ്യത ഉറപ്പാക്കുന്നതിനും സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സർക്കുലർ നൽകിയത്.
ആശുപത്രികളിൽ ലഭ്യമായ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. വിഭാഗത്തിലെ ഡോക്ടർമാർക്ക് നൽകണം. ഇതിലൂടെ ആശുപത്രിയിൽ ലഭ്യമായ മരുന്നുകൾ തിരിച്ചറിഞ്ഞ് അവ രോഗികൾക്ക് നിർദേശിക്കാനും മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും കഴിയും. ഡോക്ടർമാർ നൽകുന്ന കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും രേഖപ്പെടുത്തണമെന്ന് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

മന്ത്രി കെ മുരളീധരൻ
റീഏജന്റുകളുടെ സ്റ്റോക്ക്, ഭാവിയിലെ ആവശ്യകത എന്നിവ സംബന്ധിച്ച് രണ്ടാഴ്ചയിലൊരിക്കൽ റിപ്പോർട്ട് നൽകണം. ഇതിലൂടെ ക്ഷാമം മുൻകൂട്ടി കണ്ടെത്തി ആവശ്യമായ സാമഗ്രികൾ സമയബന്ധിതമായി ലഭ്യമാക്കാൻ സാധിക്കും. ലാബ് പരിശോധനകൾക്ക് ആവശ്യമായ സാമഗ്രികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് അവ വാങ്ങാമെന്നും സർക്കുലറിലുണ്ട്.
മരുന്നുകളുടെയും ലാബ് പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം സ്റ്റോക്ക് നിരീക്ഷണവും വിതരണ സംവിധാനവും കാര്യക്ഷമമാക്കുന്നതിലൂടെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സമയബന്ധിതവും തടസരഹിതവുമായ ചികിത്സ ഉറപ്പാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.






