പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം:കേരളത്തിൽ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശങ്ങൾ നൽകി. ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലും ഉള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണം.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക.
ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കണം. ഏതെങ്കിലും സഞ്ചാരികൾ അപകടത്തിൽ പെടുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്താൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ വ്യാപകമായി ടൂറിസ്റ്റുകൾക്ക് ഇടയിൽ പ്രചരിപ്പിക്കാൻ നടപടി സ്വീകരിക്കണം.
മുന്നറിയിപ്പ് അവസാനിക്കുന്നത് വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കണ്ട്രോൾ റൂമുകൾ ആരംഭിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരണം നടത്തണം. പോലീസ്, ദുരന്ത നിവാരണം, അഗ്നിശമന രക്ഷാ സേന എന്നിവയുടെ കൺട്രോൾ റൂമുകളിലേക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ ലഭ്യമാക്കേണ്ടതാണ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 25 വരെയും കർണാടക തീരത്ത് ഒക്ടോബർ 23 മുതൽ 25 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത
കേന്ദ്ര കാലാവസ്ഥ വകുപ്പ്എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒക്ടോബർ 22ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് 22ന് മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്.
തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരും
കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളത്തിലെ തുറമുഖങ്ങളിൽ ലോക്കൽ കാഷനറി സിഗ്നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ) തുടർന്നും ഉയർത്തി നിർത്താൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.
കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം തുറമുഖങ്ങളിലാണ് മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരുന്നത്.മത്സ്യത്തൊഴിലാളികളും ചെറുവള്ളം, ബോട്ട് എന്നിവയുടെ ഉടമകളും കേരളം, കർണാടക തീരങ്ങളിൽ നിലവിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും കടലിൽ പോകുന്നതിന് മുമ്പ് ഏറ്റവും പുതിയ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.






