കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ജൂലൈ 1 മുതൽ പ്രാബല്യം
ന്യൂഡൽഹി :കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയുടെയും (ഡിഎ) പെൻഷൻകാർക്ക് ക്ഷാമാശ്വാസത്തിൻ്റെയും (ഡിആർ) അധിക ഗഡു അനുവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വിലക്കയറ്റത്തിന്റെ ആഘാതം പരിഹരിക്കുന്നതിനായി, അടിസ്ഥാന ശമ്പളത്തിന്റെയും പെൻഷൻ്റെയും നിലവിലുള്ള 60 ശതമാനം നിരക്കിന് മുകളിൽ 3 ശതമാനം വർധനയോടെ, 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഇത് അനുവദിക്കുന്നത്.ദീപാവലി സമ്മാനമായി പ്രഖ്യാപിക്കപ്പെട്ട ഈ തീരുമാനത്തോടെ, നിലവിലുള്ള 60 ശതമാനത്തിൽ നിന്നും ക്ഷാമബത്ത നിരക്ക് 63 ശതമാനമായി ഉയരും.
ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും വരുത്തുന്ന വർധന മൂലം ഖജനാവിന് പ്രതിവർഷം ആകെ 10,016.10 കോടി രൂപയുടെ അധിക ചെലവുണ്ടാകും. ഏകദേശം 48.54 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.71 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ട ഫോർമുലയ്ക്ക് അനുസൃതമായാണ് ഈ വർദ്ധന വരുത്തിയിട്ടുള്ളത്.ഇതിനനുസൃതമായി ഇനി അതത് സംസ്ഥാന സർക്കാരുകളും ജീവനക്കാരുടേയും അധ്യാപകരുടേയും പെൻഷൻകാരുടെയും വേതനത്തിൽ വർധന വരുത്തും.
കേന്ദ്ര മന്ത്രിസഭാ തീരുമാനങ്ങളുടെ ഭാഗമായി പിഎം വികസിത് ഗ്രാമ സ്വരാജ് യോജനയ്ക്ക് 7,395 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചു. കണ്ടെയ്നർ നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 10,000 കോടി രൂപയുടെ പദ്ധതിക്കും ഖേലോ ഇന്ത്യ സ്പോർട്സ് ഗുഡ്സ് ആൻഡ് മാനുഫാക്ചറിങ് പദ്ധതിക്കായി 1,856 കോടി രൂപയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി.






