യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

പരിപാടിയിൽ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 പ്രതിനിധികൾ
പാലക്കാട് :കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ സംരംഭത്തിന് കീഴിലെ യുവ സംഗമം പരിപാടിയുടെ ഭാഗമായി കാശി ഹിന്ദു സർവകലാശാലയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള സംഘം കേരളത്തിലെത്തി.
പാലക്കാട് എത്തിയ സംഘത്തെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പാലക്കാട് ഐഐടിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐഐടിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

കാശി ഹിന്ദു സർവകലാശാലയിലെ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ സീനിയർ അസോസിയേറ്റ് പ്രൊഫസറായ ഡോ. ബാലാ ലഖേന്ദ്ര, ഐഐടി പാലക്കാട് അധ്യാപകനും യുവസംഘം നോഡൽ ഓഫീസറുമായ ഡോ. വിനീത് നാരായണൻ എന്നിവരാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്.രാജ്യത്തെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ, ഭാഷകൾ, ആചാരങ്ങൾ, ജീവിതരീതികൾ എന്നിവയിൽ പരസ്പര ധാരണയും ഐക്യവും വളർത്താൻ ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടത്തുന്ന സംരംഭമാണ് ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’.
ഈ വർഷവും ഉത്തർപ്രദേശിലെ നോഡൽ സർവകലാശാലയായി കാശി ഹിന്ദു സർവകലാശാലയെയും കേരളത്തിലെ നോഡൽ സ്ഥാപനമായി ഐഐടി പാലക്കാടിനെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. യുവ സംഗമത്തിൻറെ ഭാഗമായി വാരണാസിയിലെ കാശി ഹിന്ദു സർവകലാശാലയുടെ നേതൃത്വത്തിലുള്ള 55 അംഗ സംഘം (50 വിദ്യാർത്ഥികളും 5 അധ്യാപകരും) നവംബർ 5 മുതൽ നവംബർ 13 വരെ കേരളത്തിലെ വിവിധ സാംസ്കാരിക, മതപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശനം നടത്തും. ഒക്ടോബറിൽ കേരള സംഘം വാരാണാസിയിൽ സന്ദർശനം നടത്തിയിരുന്നു.






