ഐഒഎ തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി പ്രസിഡന്റ് പി.ടി. ഉഷ ,തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും അഞ്ജു ബോബി ജോർജ്

വിഷയത്തിൽ ഐഒസിയുടെ അടിയന്തര ഇടപെടലും നിഷ്പക്ഷമായ സ്വതന്ത്ര അന്വേഷണവും വേണമെന്നാണ് ഉഷയുടെ പ്രധാന ആവശ്യം
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്കുള്ള(ഐഒഎ) എസ് ഒ എം തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ചുകൊണ്ട് പ്രസിഡന്റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) കത്തയച്ചു. തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു(53 വോട്ട്) നേടി ജയിച്ച അഞ്ജു ബോബി ജോർജ് ഇതിന് മറുപടിയുമായി എത്തി.
ചുമതലയുണ്ടായിരുന്ന വരണാധികാരി സഞ്ജയ് കെ ശ്രീവാസ്തവ നിഷ്പക്ഷത പുലർത്തിയില്ലെന്നും നടപടികളിൽ പൂർണ്ണമായും പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ഉഷ ഐഒസി പ്രസിഡന്റ് കിര്‍സ്റ്റി കോവെൻട്രിക്ക് അയച്ച മൂന്നു പേജുള്ള കത്തിൽ കുറ്റപ്പെടുത്തി. വിഷയത്തിൽ ഐഒസിയുടെ അടിയന്തര ഇടപെടലും നിഷ്പക്ഷമായ സ്വതന്ത്ര അന്വേഷണവും വേണമെന്നാണ് ഉഷയുടെ പ്രധാന ആവശ്യം.
തെരഞ്ഞെടുപ്പിൽ മത്സരിച്ച് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് പിന്നാലെയാണ് ഉഷയുടെ ഈ നീക്കം. എന്നാൽ വ്യക്തിപരമായ തോൽവിയുടെ പേരിലല്ല, മറിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും ഐ.ഒ.എയുടെ സ്വയംഭരണാവകാശവും സംരക്ഷിക്കാനാണ് പരാതി നൽകുന്നതെന്ന് ഉഷ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോള ബാനർജി, യോഗേശ്വർ ദത്ത് എന്നിവരുടെ പേരിൽ വോട്ടർമാർക്കിടയിൽ ഒരു പ്രത്യേക പാനലിനായി വോട്ടുചോദിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിച്ചതായി ഉഷ ആരോപിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണ്. വോട്ട് രേഖപ്പെടുത്തിയത് സ്ഥിരീകരിക്കാൻ വോട്ടർമാർക്കു മേൽ സമ്മർദ്ദമുണ്ടായെന്നും, കേന്ദ്ര കായിക മന്ത്രാലയം ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന തരത്തിൽ ചിലർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും അവർ കത്തിൽ സൂചിപ്പിക്കുന്നു.
ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിനുള്ള കൃത്യമായ തെളിവ് ഹാജരാക്കണമെന്ന് അഞ്ജു ബോബി ജോർജ് ആവശ്യപ്പെട്ടു.എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെയാണ് സമീപിക്കേണ്ടതെന്നും അവർ പറഞ്ഞു.
ഐ.ഒ.എയുടെ ‘സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് കായികരംഗത്തെ തന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് അഞ്ജു പറഞ്ഞു. വോട്ടെടുപ്പിൽ ആരൊക്കെയാണ് തനിക്ക് വോട്ട് ചെയ്തതെന്ന് പറയാൻ കഴിയില്ലെന്നും അവർ അറിയിച്ചു.






