ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471

ഒരു ദിവസം ശരാശരി 18000 ഭക്തർ ഭക്ഷണം കഴിക്കുന്നു
ശബരിമല:”സദ്യ ചാലാ ബാഗുന്ദി. ശബരിമലലോ മധ്യാഹ്ന ഭോജനം മിസ്സ് ആയി ഉൺടേ ചാലാ പെദ്ദ നഷ്ടം ആയി ഉൺടേദി,” ബുധനാഴ്ച്ച ഉച്ചയ്ക്ക് അന്നദാന മണ്ഡപത്തിൽ നിന്ന് സദ്യ കഴിച്ചിറങ്ങിയ ഹൈദരാബാദ് സ്വദേശി യു. ഹേമന്ദ് പറഞ്ഞു.
ശബരിമലയിലെ സദ്യയെക്കുറിച്ചു ഹേമന്ദ് പ്രകടിപ്പിച്ച അഭിപ്രായം തന്നെയാണ് എല്ലാ അയ്യപ്പൻമാർക്കും. സദ്യയോടൊപ്പം അയ്യപ്പന്മാരുടെ മനം കവർന്നത് പ്രഭാത ഭക്ഷണത്തിനൊപ്പം നൽകുന്ന കേസരിയുടെ മധുരമാണ്. “കേസരി ഗംഭീരമായി,” മലപ്പുറം പുലാമന്തോളിൽ നിന്ന് വന്ന മാളികപ്പുറം 62-കാരി വാസന്തിയമ്മ പറയുന്നു.
നവംബർ 24 വരെയുള്ള കണക്കനുസരിച്ചു സന്നിധാനത്തെ അന്നദാനമണ്ഡപത്തിൽ നിന്ന് ആകെ 135471 പേർ ഭക്ഷണം കഴിച്ചു. ഇതിൽ 44788 പേർ പ്രഭാതഭക്ഷണവും 34608 പേർ ഉച്ചയ്ക്ക് സദ്യയും 56075 പേർ രാത്രിയിലും ഭക്ഷണം കഴിച്ചവരാണ്. ഒരു ദിവസം ശരാശരി 18000 ഭക്തർ ഭക്ഷണം കഴിക്കുന്നുണ്ട്. ഒരേ സമയം 1000 പേർക്ക് കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.
രാവിലെ 6.30 മുതൽ 11 വരെയാണ് പ്രഭാതഭക്ഷണത്തിന്റെ സമയം. ഇഡ്ഡലിയോ ദോശയോ ഉപ്പുമാവോ ആയിരിക്കും. കൂടെ കേസരിയും ചൂട് ചുക്കുകാപ്പിയും. ഉച്ച 12 മുതൽ 3 വരെയാണ്, പായസം അടക്കമുള്ള കേരളീയ സദ്യ. നെയ്യും പരിപ്പും സാമ്പാറും പപ്പടവും അവിയലും മോരുകറിയും ഉൾപ്പെടെയുള്ള സദ്യ കഴിക്കാൻ ഇതരസംസ്ഥാനത്ത് നിന്നുള്ള അയ്യപ്പന്മാരാണ് അന്നദാന മണ്ഡപത്തിന് മുൻപിലുള്ള വരിയിൽ കൂടുതൽ. പായസം ഓരോ ദിവസവും മാറി മാറി വിളമ്പുന്നു.
വൈകീട്ട് 6.30 ന് തുടങ്ങുന്ന അത്താഴത്തിന് കഞ്ഞിയും തോരനും അസ്ത്രവും (കിഴങ്ങുവർഗ്ഗങ്ങളും തേങ്ങയരപ്പും പ്രധാന ചേരുവകളായി വരുന്ന വിഭവം) ആണ് വിഭവങ്ങൾ. രാത്രി 11 വരെ അത്താഴം വിളമ്പും. മൂന്ന് ഷിഫ്റ്റിലായി 130 പേർ വിളമ്പുകാരായി ഉണ്ട്.





