സുപ്രീംകോടതി വിധിച്ചിട്ടും തിരുപ്പറൻകുണ്ട്രം ദീപത്തൂണിൽ ഇക്കുറിയും കാർത്തിക ദീപം തെളിഞ്ഞില്ല

മധുരയിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിലെ പതിവ് സ്ഥലത്താണ് ദീപം തെളിയിച്ചത്
മധുര: തിരുപ്പറൻകുണ്ട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതെ തമിഴ്നാട്ടിലെ വിജയ് സർക്കാർ.കഴിഞ്ഞ ഡിഎംകെ സർക്കാരും ഇതു സംബന്ധിച്ചസുപ്രീംകോടതി വിധി പാലിച്ചിരുന്നില്ല.
ദീപത്തൂണിൽ വിളക്ക് കത്തിക്കാതെ മധുരയിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിലെ പതിവ് സ്ഥലത്താണ് ദീപം തെളിയിച്ചത്. കാർത്തിക ദീപം തെളിയിക്കുന്ന ചടങ്ങിനെച്ചൊല്ലി സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ദീപം തെളിയിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം മധുര ജില്ലയിലെ തിരുപ്പറൻകുണ്ട്രം കുന്നിൻ മുകളിലുള്ള ഉച്ചിപിള്ളയാർ ക്ഷേത്രത്തിലെ പരമ്പരാഗത സ്ഥലത്ത് വാർഷിക കാർത്തിക ദീപം തെളിയിച്ച വിവരം തമിഴ്നാട് നിയമമന്ത്രിയും തിരുപ്പറൻകുണ്ട്രം ടിവികെ എംഎൽഎയുമായ സിടിആർ നിര്മൽ കുമാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
തിരുപ്പറൻകുണ്ട്രം കുന്നിന്റെ താഴ്വാരത്ത് മുരുകന്റെ ആറ് പ്രധാന ആരാധനാലയങ്ങളിൽ ഒന്നായ അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും, മുകളിൽ മുസ്ലീം ആരാധനാലയമായ സിക്കന്ദർ ബാദുഷ ദർഗയുമാണ് സ്ഥിതി ചെയ്യുന്നത്. ദർഗയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെയാണ് ‘ദീപത്തൂൺ’ എന്ന കൽത്തൂൺ ഉള്ളത്. പരമ്പരാഗതമായ കാർത്തിക ദീപം ഈ തൂണിലും തെളിയിക്കണമെന്നാണ് ബിജെപിയുടേയും വിവിധ ഹിന്ദു സംഘടനകളുടെയും ആവശ്യം.
നവംബർ 20-ന്, ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കാർത്തിക ദീപം ഉത്സവ ദിവസം തിരുപ്പറൻകുണ്ട്രം കുന്നിലെ ‘ദീപത്തൂണിൽ’ ദീപം തെളിയിക്കാൻ ഉത്തരവിട്ടിരുന്നു. “താൽക്കാലികവും ഒറ്റത്തവണത്തേക്കുമുള്ള ക്രമീകരണം” എന്നാണ് കോടതി ഈ നിർദ്ദേശത്തെ വിശേഷിപ്പിച്ചത്. ജനുവരി 6-ലെ വിധി സ്റ്റേ ചെയ്യണമെന്ന തമിഴ്നാട് സർക്കാരിന്റെ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ഈ ഇടക്കാല ഉത്തരവ്.
നവംബർ 24-ന് നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ, നഗരത്തിലെയും കുന്നിലെയും പ്രധാന തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഏകദേശം 6,000 പോലീസുകാരെ വിന്യസിച്ച് മധുര സിറ്റി പോലീസ് സുരക്ഷ ശക്തമാക്കി. ഉച്ചയോടെ തിരുപ്പറൻകുണ്ട്രത്തേക്ക് പോകുകയായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ തിരുനെൽവേലി ജില്ലയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
“സമത്വം, സാഹോദര്യം, സൗഹാർദ്ദം- ഇവ ഉയർത്തിപ്പിടിക്കുന്നതാണ് യഥാർത്ഥ സാമൂഹിക നീതി. രാഷ്ട്രീയ നേട്ടങ്ങൾ ആഗ്രഹിക്കാതെ യഥാർത്ഥ സാമൂഹിക നീതി ഉയർത്തിപ്പിടിക്കുന്നവർ എല്ലാവരുടെയും നേതാക്കളാണ്. ഞങ്ങളുടെ നേതാവ്, ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി, എല്ലാവർക്കും വേണ്ടി യഥാർത്ഥ സാമൂഹിക നീതി സംരക്ഷിക്കുന്ന നേതാവാണ്,” ഭരണ കക്ഷിയായ ടിവികെ പ്രസ്താവനയിൽ അറിയിച്ചു.
“ഭരണഘടന നൽകുന്ന അധികാരത്തിന് കീഴിൽ ഭരിക്കുന്ന ആളാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി. ജനാധിപത്യത്തിന്റെ മഹത്തായ തൂണുകളായി കോടതികൾ ഇവിടെ നിലകൊള്ളുന്നു. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമാകാതെ, ഒരു സർക്കാർ കോടതി വിധികൾ സത്യസന്ധമായി നടപ്പിലാക്കുമ്പോൾ മാത്രമേ നീതി പുലരുകയുള്ളൂ,”-ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.





