വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് 2 ലക്ഷം രൂപ വീതം
തിരുവന്തപുരം:വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്ന് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
ഇതുവരെ തുറമുഖത്ത് ട്രാൻസ്ഷിപ്പ്‌മെന്റ് പ്രവർത്തനമാണ് പ്രധാനമായും നടന്നിരുന്നത്. വിഴിഞ്ഞം തുറമുഖത്തെ, ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന താത്കാലിക റോഡിന്‍റെ നിർമാണവും പൂർത്തിയായി. വിഴിഞ്ഞം തുറമുഖത്തെ അദാനി ഗ്രൂപ്പിന്‍റെ ഓഹരി കൈമാറ്റ അപേക്ഷ പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സുരക്ഷാ അനുമതി ലഭിച്ച ശേഷവും സംസ്ഥാനത്തിന്‍റെ താത്പര്യങ്ങൾ പരിഗണിച്ചു മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് മന്ത്രിസഭായോഗശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

വി ഡി സതീശൻ
വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുന:രധിവാസ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി അഞ്ച് കോടിയിലധികം രൂപയുടെ അധിക ഫണ്ട് അനുവദിക്കും.
കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്‍റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും. കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകും. നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകുന്നതിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻസ് ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിക്കും. ഭൂമിയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറുന്നതും ഫെഡറൽ സംവിധാനത്തിന് വിരുദ്ധവുമാണ്. തീരദേശവും വനവും ഉൾപ്പെടെയുള്ള മേഖലകളിൽ കേന്ദ്ര നിയന്ത്രണം വർധിപ്പിക്കുന്ന നീക്കത്തെയും സംസ്ഥാനം എതിർക്കും.
കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി ഓരോ മിനിറ്റും നിർണായകമാക്കി പ്രവർത്തിക്കുന്ന പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്ഒപി) അടിയന്തരമായി തയ്യാറാക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകി. മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി ഐ.ഐ.ടി ഉൾപ്പെടെയുള്ള വിദഗ്ധ സമിതികളുടെ റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണ്. ഹ്രസ്വകാല, ദീർഘകാല പരിഹാരങ്ങൾ ഉടൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എം.എ.വൈ അർബൻ 2.0 പദ്ധതി നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ധാരണാപത്രം ഒപ്പിടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025-26 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾക്കും അനുമതി നൽകി. സർക്കാർ ജീവനക്കാർക്ക് സാധാരണയായി നൽകിവരുന്ന ഉത്സവ ആനുകൂല്യങ്ങൾ നൽകുമെന്നും ജീവനക്കാർക്കുള്ള മെഡിസെപ് പദ്ധതി പുനഃക്രമീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.






