വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

‘ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും അവരുടെ ഔദ്യോഗിക ഹെലികോപ്ടറിലും ഔദ്യോഗിക വിമാനത്തിലുമല്ലാതെ സ്വകാര്യവിമാനങ്ങളിലും ഹെലികോപ്ടറുകളിലും സഞ്ചരിക്കാറുണ്ട്. കേരളത്തിലെ മുന്‍മുഖ്യമന്ത്രിമാര്‍ സഞ്ചരിച്ചിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ സഞ്ചരിച്ചു. ഞാന്‍ ഇനിയും സഞ്ചരിക്കും’
തിരുവനന്തപുരം:വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ലെന്നും അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.
മുഖ്യമന്ത്രി വിമാനമോ ഹെലികോപ്ടറോ ഉപയോഗിച്ചതില്‍ ഒരു രൂപ പോലും ഈ ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല. നേരത്തെ ഹെലികോപ്ടര്‍ യാത്ര ചില മാധ്യമങ്ങള്‍ വിവാദമാക്കിയിരുന്നു. ഹെലികോപ്ടറിന്റെ എഗ്രിമെന്‍റ് പ്രകാരം മാസം 80 ലക്ഷം രൂപ നല്‍കി 25 മണിക്കൂര്‍ യാത്ര ചെയ്യാം. മൂന്നോ നാലോ മണിക്കൂറാണ് യാത്ര ചെയ്തത്. കഴിഞ്ഞ ഗവണ്‍മെന്‍റ് ഉണ്ടാക്കിയ കരാര്‍ പ്രകാരം മാസം 80 ലക്ഷം രൂപ നല്‍കണം. ഉപയോഗിച്ചാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ കൊടുക്കണം. സെപ്റ്റംബര്‍ 19ന് ആ എഗ്രിമെന്‍റ് അവസാനിച്ചു. അത് രണ്ട് പ്രാവശ്യം ഉപയോഗിച്ചതല്ലാതെ എന്‍റെ യാത്രയ്ക്ക് വേണ്ടി ഒരു രൂപ പോലും സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്ന് ചെലവാക്കിയിട്ടില്ല. മലപ്പുറത്ത് വലിയൊരു ദുരന്തമുണ്ടായി ആറ് പേര്‍ മരിച്ചു. മുഖ്യമന്ത്രി ഡിസാസ്റ്റര്‍ മാനേജ്മെന്റ് കൂടി നോക്കുന്ന ആളാണ്. സെപ്റ്റംബര്‍ 21ന് തീയതി ശിവഗിരിയില്‍ ശ്രീനാരായണ ഗുരു സമാധിദിന പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം അവിടെ എത്തണം. പോയില്ലെങ്കില്‍ 6 പേര് മരിച്ചിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്നായിരിക്കും വാര്‍ത്ത. പോകാന്‍ വേറെ മാര്‍ഗമില്ല. അപ്പോള്‍ പരിചയക്കാരന്‍ വിമാനം അറേഞ്ച് ചെയ്തു തന്നു. അതിലെന്താണ് തെറ്റ്?-മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.
സ്വകാര്യ വ്യക്തി അറേഞ്ച് ചെയ്ത വിമാനത്തിലാണ് പോയത്. അത് ആരാണെന്ന് വെളിപ്പെടുത്തണമെന്ന് സി.പി. എമ്മിൻ്റെ സെക്രട്ടറി എം.വി ഗോവിന്ദന്‍ പറയുന്നത് കേട്ടു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ സ്വകാര്യ വ്യക്തികള്‍ അറേഞ്ച് ചെയ്തുതന്ന വിമാനത്തിലും സ്വകാര്യ ഹെലികോപ്ടറിലും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. പേര് വെളിപ്പെടുത്തിയിട്ടുണ്ടോ? മലയാളി ആയ ഒരാള്‍ അറേഞ്ച് ചെയ്ത ഫ്ളൈറ്റിലാണ് ഞാന്‍ പോയത്. ആവശ്യമുണ്ടെങ്കില്‍ ഇനിയും പോകും. അതില്‍ എന്താണ് തെറ്റ്? ഒരു തെറ്റും അതില്‍ കാണുന്നില്ല. ഇതിന് മുന്‍പ് മുഖ്യമന്ത്രിമാരായിരുന്ന പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും സ്വകാര്യ വ്യക്തികള്‍ അറേഞ്ച് ചെയ്ത തന്ന വിമാനത്തില്‍ പോയിട്ടുണ്ട്. ആദ്യം സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും പണം മുടക്കിയാണ് യാത്രയെന്നായിരുന്നു വാര്‍ത്ത. ഖജനാവിലെ പണമല്ല എന്നറിഞ്ഞപ്പോള്‍ സ്വകാര്യവ്യക്തിയായി. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും അവരുടെ ഔദ്യോഗിക ഹെലികോപ്ടറിലും ഔദ്യോഗിക വിമാനത്തിലുമല്ലാതെ സ്വകാര്യവിമാനങ്ങളിലും ഹെലികോപ്ടറുകളിലും സഞ്ചരിക്കാറുണ്ട്. കേരളത്തിലെ മുന്‍മുഖ്യമന്ത്രിമാര്‍ സഞ്ചരിച്ചിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ സഞ്ചരിച്ചു. ഞാന്‍ ഇനിയും സഞ്ചരിക്കും-അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും ലാഭേച്ഛയോടെയാണ് വിമാനം വിട്ടുതന്നതെങ്കില്‍ മുന്‍ മുഖ്യമന്ത്രിക്കും അങ്ങനെയാണോ നല്‍കിയത്? കേരളത്തില്‍ വിമാനം സ്വന്തമായി ഉള്ളത് ആര്‍ക്കൊക്കെയാണെന്ന് എല്ലാവര്‍ക്കുമറിയാം. അവരൊക്കെ പ്രധാനപ്പെട്ട ആളുകളാണ്. അത്യാവശ്യത്തിന് കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു ദുരന്തസ്ഥലത്തേയ്ക്ക് യാത്ര ചെയ്യാന്‍ വിമാനം നല്‍കിയതിന് നാളെ ഒരു ഔദാര്യം കൈപ്പറ്റാന്‍ വരുന്നവരല്ല അവര്‍. അങ്ങനെ ഔദാര്യം ചോദിച്ചു വന്നാല്‍ ചെയ്തു നല്‍കുന്ന ഗവണ്‍മെന്റുമല്ല കേരളത്തിലുള്ളത്. പിണറായി വിജയന്‍ സ്വകാര്യ വ്യക്തികള്‍ നല്‍കിയ വിമാനം പല തവണ ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ പോകേണ്ടി വരും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അത് ചോദ്യം ചെയ്തിട്ടില്ല. പ്രതിപക്ഷം അതിനെ പരിഹസിച്ചിട്ടില്ല. വിമാനം നല്‍കിയവരുടെ പേര് ആവശ്യപ്പെട്ടിട്ടില്ല. വെറുതെ അവരുടെ പേര് വലിച്ചിഴച്ച് വഷളാക്കേണ്ട. മുഖ്യമന്ത്രിക്ക് വിമാനം നല്‍കിയത് കൊണ്ട് അവര്‍ ഔദാര്യം ചോദിച്ചു വരുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടു പോകേണ്ട കാര്യമില്ലെന്നം മുഖ്യമന്ത്രി അറിയിച്ചു.






