ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

‘അടിസ്ഥാന യോഗ്യതകളില്ലാത്ത വ്യാജചികിത്സകർക്ക് പിൻവാതിൽ വഴി നിയമസാധുത നൽകാനായി ഒരു കമ്മിഷനെ നിയോഗിക്കുന്നത് രാജ്യത്തെ പരമോന്നത കോടതിയോടും നിയമവാഴ്ചയോടുമുള്ള കടുത്ത വെല്ലുവിളി’
തിരുവനന്തപുരം: അംഗീകൃത വിദ്യാഭ്യാസ യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമില്ലാത്തവർക്ക് ചികിത്സ നടത്താൻ നിയമപരിരക്ഷ നൽകാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) സംസ്ഥാന കമ്മിറ്റി.
നിലവിലെ കേന്ദ്ര സംസ്ഥാന നിയമങ്ങൾ പ്രകാരവും സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിപ്രകാരവും ചികിത്സകരാകാൻ അയോഗ്യരായവർ പാരമ്പര്യത്തിൻ്റെ പേരുപറഞ്ഞ് തിരുവനന്തപുരത്ത് നടന്ന ഒരു സമ്മേളനത്തിൽ ഇവർക്ക് നിയമപരമായ അംഗീകാരം നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ നിയോഗിക്കുമെന്ന് ആരോഗ്യ-ആയുഷ് വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചതായി വന്ന വാർത്തകൾ തികഞ്ഞ ഞെട്ടലോടെയും അതിലേറെ പ്രതിഷേധത്തോടെയുമാണ് സമൂഹം കാണുന്നത്. പാരമ്പര്യ അറിവുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, എന്നാൽ, അതിൻ്റെ പേരിൽ മനുഷ്യജീവനിൽ ഇടപെടാൻ യാതൊരു ശാസ്ത്രീയ അവഗാഹവുമില്ലാത്തവർക്ക് ലൈസൻസ് നൽകാനുള്ള ശ്രമം കേരളത്തിന്‍റെ ആരോഗ്യമേഖലയെ പിന്നോട്ട് നയിക്കുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു.
രോഗികളെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും അംഗീകൃത യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും അനിവാര്യമാണെന്നിരിക്കെ അടിസ്ഥാന യോഗ്യതകളില്ലാത്ത വ്യാജചികിത്സകർക്ക് പിൻവാതിൽ വഴി നിയമസാധുത നൽകാനായി ഒരു കമ്മിഷനെ നിയോഗിക്കുന്നത് രാജ്യത്തെ പരമോന്നത കോടതിയോടും നിയമവാഴ്ചയോടുമുള്ള കടുത്ത വെല്ലുവിളിയാണെന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
ഉത്തരവാദിത്തമുള്ള മന്ത്രിസ്ഥാനത്തിരുന്ന് നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ വ്യാജ ചികിത്സകർക്ക് നൽകുന്ന ധൈര്യവും പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന ഭീഷണിയും ചെറുതല്ലെന്നും ആരോഗ്യമന്ത്രി അടിയന്തരമായി തൻ്റെ നിലപാട് തിരുത്താൻ തയ്യാറാകണമെന്നും എ.എം.എ.ഐ സംസ്ഥാന പ്രസിഡന്‍റ് ഡോ. കെ. എസ്. വിഷ്ണു നമ്പൂതിരി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി. കെ. ഹരിദാസ് എന്നിവർ പറഞ്ഞു.നിയമവിരുദ്ധ ചികിത്സയ്ക്ക് നിയമപരിരക്ഷ നൽകാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്കും തുടർനടപടികൾക്കും എ.എം.എ.ഐ നേതൃത്വം നൽകുമെന്നും ഇവർ അറിയിച്ചു.






