”ഗോഡ്ഫാദർ’ഇല്ലാതെ ആര്യാരാജേന്ദ്രൻ,പഴികൾ കേട്ടില്ല,പൊട്ടിക്കരഞ്ഞില്ല…!’സലിൻ മാങ്കുഴി എഴുതുന്നു

‘നാക്കു പിഴകളോ അബദ്ധങ്ങളോ പറഞ്ഞ് ട്രോളൻമാർക്ക് അവസരം കൊടുക്കാത്തതിൽ അസൂയ’
തിരുവനന്തപുരം:ഇന്ത്യയിൽതന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറിയ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ബിജെപി തിരുവനന്തപുരം നഗരസഭയിൽ 101ൽ 50 സീറ്റു നേടിയതോടെ വലിയ തോതിൽ സൈബറാക്രമണം ഉൾപ്പെടെയുള്ളവയ്ക്ക് വിധേയമായി.അതിന് മുന്നിൽ നിന്നത് എതിരാളികൾ മാത്രമായിരുന്നില്ല. കഴിഞ്ഞ തവണ മേയറാകാൻ ആഗ്രഹിച്ച് നടപ്പാകാതെ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സണായി ഒതുങ്ങേണ്ടിവന്ന ഗായത്രിബാബു എന്ന സഹകൌൺസിലറുൾപ്പെടെയുള്ളവർ അതിന് കുടപിടിച്ചു.സിപിഎം വഞ്ചിയൂർ ഏരിയാ സെക്രട്ടറിയും നിലവിലെ വഞ്ചിയൂർ കൌൺസിലറുമായ ബാബു ഉൾപ്പെടുന്ന പാർട്ടി കുടുംബാംഗമാണ് ‘ആര്യവധ’ത്തിന് തുടക്കം കുറിച്ചത്.അതിന് ‘ഒരിഞ്ച് പിന്നോട്ടില്ല’എന്ന വ്യക്തമായി മറുപടിയാണ് ആര്യ നൽകിയത്.ഈ സാഹചര്യത്തിലാണ് പ്രമുഖ നോവലിസ്റ്റും ഐ ആൻ്റ് പിആർഡി റിട്ട. അഡീ ഡയറക്ടറുമായ സലിൻ മാങ്കുഴി’ആര്യാ രാജേന്ദ്രനോടുള്ള ശത്രുതയ്ക്ക് കാരണം ?’ എന്ന തലക്കെട്ടിൽ എഴുതിയ ഫെയ്സ് ബുക് കുറിപ്പിൻ്റെ പ്രസക്തി.

സലിൻ മാങ്കുഴി
സലിൻ മാങ്കുഴിയുടെ കുറിപ്പ് പൂർണമായി വായിക്കാം:
‘തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ഏറ്റുവാങ്ങിയ ശത്രുതയ്ക്കും അപഹസിക്കലിനും കാരണം ലളിതമാണ്.
1) 21 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഉയർന്ന പദവി പെട്ടെന്ന് ലഭിച്ചത് സമൂഹത്തിന് ഉൾക്കൊള്ളാനുള്ള പ്രയാസം.
2) 21 കാരി മേയറായാൽ ആറു മാസം തികയ്ക്കില്ലെന്ന കണക്കുകൂട്ടൽ തെറ്റിയത്.
3) 21 കാരിയെ നിയന്ത്രിക്കാനും പിന്നിൽ നിന്ന് ഭരണം നടത്താനും ചില ഗോഡ്ഫാദർമാർ തല പൊക്കുമെന്ന കണക്കുകൂട്ടൽ തെറ്റിയത്.
4 ) തപ്പിയും തടഞ്ഞും പത്രസമ്മേളനങ്ങളിൽ വിയർക്കുയോ , കരയുകയോ അബദ്ധങ്ങൾ പറയുകയോ ചെയ്യുമെന്ന മുൻവിധി .

ആര്യാ രാജേന്ദ്രന് ഹരിതകർമസേനാംഗങ്ങൾ വിളക്ക് നൽകുന്നു
5) ആര്യാ രാജേന്ദ്രൻ വിഷയങ്ങൾ അവതരിപ്പിക്കുമ്പോഴുള്ള വ്യക്തതയും ഭാഷാസ്വാധീനവും പാകതയും എതിരാളികൾ തീരെ പ്രതീക്ഷിച്ചതല്ല.
6) പ്രസന്നമായി എല്ലാ കാര്യങ്ങളെയും അഭിമുഖീകരിക്കുന്നത് കാണുമ്പോഴുള്ള അതിശയം, നാക്കു പിഴകളോ അബദ്ധങ്ങളോ പറഞ്ഞ് ട്രോളൻമാർക്ക് അവസരം കൊടുക്കാത്തത് എങ്ങനെയെന്ന അസൂയ.
7) ഒരു സ്ത്രീ, ഒരു പ്രായം കുറഞ്ഞയാൾ മിന്നിത്തിളങ്ങുന്നത് ഉൾക്കൊള്ളാനുള്ള വ്യക്തിവളർച്ചയോ സാമൂഹിക വളർച്ചയോ നമുക്കില്ലാത്തത്.
😎 ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയർ നമ്മുടെ തലസ്ഥാനം ഭരിക്കുന്നു എന്ന വസ്തുത നമ്മുടെ ആണഹന്തയ്ക്ക് ഏൽപ്പിച്ച മുറിവ്.
9) നമ്മുടെ സമൂഹം സ്ത്രീകളെ(പ്രത്യേകിച്ചും പ്രായം കുറഞ്ഞവരെ) ഇന്നും എങ്ങനെയാണ് കാണാനാഗ്രഹിക്കുന്നത് അത് ആര്യാ രാജേന്ദ്രനിലൂടെ കാണാൻ സാധിക്കാത്തത്.

10 ) ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ അഞ്ച് വർഷം ഭരിച്ച ഒരു സ്ത്രീയെ ഉൾക്കൊള്ളാനാകാത്ത സമൂഹത്തിൻ്റെ മനസ്സ്.
11) 21 വയസ്സും അതിന് മുകളിലുമുള്ള നമുക്ക് പരിചിതരായ കുട്ടികളിൽ ഭൂരിപക്ഷവും കാണിക്കുന്ന കൊഞ്ചലും കുഴയലും കാര്യപ്രാപ്തിയില്ലായ്മയും രാഷ്ട്രീയ തിരിച്ചറിവ് ഇല്ലായ്മയുമായി താരതമ്യം ചെയ്ത് ആര്യയെ വിലയിരുത്തിയതും കുട്ടീ, കുട്ടീ എന്ന് വിളിച്ചവരോട് ഞാൻ കുട്ടിയല്ല മേയറാണ് എന്ന് പറഞ്ഞ രാഷ്ട്രീയവും സ്വയം ബോധ്യവും സമൂഹത്തിന് ഉൾക്കൊള്ളാനാകാത്ത ഞെട്ടൽ.
12) നൂറു ശതമാനം പരാജയപ്പെടുമെന്ന് മുൻവിധിച്ചവർക്ക് വിജയത്തെ അംഗീകരിക്കാനുള്ള വൈമുഖ്യം. ഞാനും എൻ്റെ മക്കളും 21 വയസ്സിൽ എന്ത് ചെയ്യുകയായിരുന്നു എന്ന ബഹുഭൂരിപക്ഷത്തിൻ്റെ സ്വയം ചോദ്യവും അതിൻ്റെ മാരകമായ ഉത്തരവും ഉണ്ടാക്കുന്ന ആഘാതം.

13) തല നരച്ചവർ മാത്രം, അതും ആണുങ്ങൾ ഇത്തരം ഉയർന്ന(താഴ്ന്നതും) രാഷ്ട്രീയ സ്ഥാനങ്ങളിൽ ഇരുന്നാലേ ശരിയാകൂ എന്ന പൊതുധാരണ.
14) ആര്യയുടെ അച്ഛനോ ഭർത്താവോ സഹോദരനോ പാർട്ടി ചുമതലപ്പെടുത്തിയ ആണുങ്ങളോ പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നതായി ഒരു ആരോപണവും വരാത്തത്.
15) അഴിമതി, കെടുകാര്യസ്ഥത, ബന്ധുനിയമനം തുടങ്ങിയ പഴികൾ പറയാൻ അവസരം ഉണ്ടാകാതിരുന്നത്.
ഇനിയുമുണ്ട് പറയാൻ കാരണങ്ങൾ. നാണം കെട്ടിറങ്ങിപ്പോകുന്ന ഒരു പെൺകുട്ടിയെ ആണ് പ്രതീക്ഷിച്ചത്. ആണുങ്ങൾ അടക്കിവാണ യിടത്ത് ഒരു പെൺകുട്ടി തലയുയർത്തി, പുഞ്ചിരി തൂകി, വിജയിയായി നിൽക്കുന്നത് കാണാനുള്ള ത്രാണി നമ്മുടെ സമൂഹം ഇനിയും കൈവരിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാൽ മതി. പ്രശ്നം ആര്യാ രാജേന്ദ്രനല്ല, നമ്മുടെ സാമൂഹത്തിൻ്റെ മാനസിക വളർച്ചയ്ക്കാണ്.’






