‘ആട് 3 ‘100 കോടി ക്ലബ്ബിലേക്ക്,ഏറ്റവും വലിയ ആദ്യവീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ ‘എമ്പുരാന്’ ശേഷം രണ്ടാമത്

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടം
തിരുവനന്തപുരം : മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’നൂറുകോടിയിലേക്ക്. ആദ്യവീക്കെൻഡുകൊണ്ട് 90 കോടിയോളം ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ആദ്യ നാല് ദിവസത്തിനുള്ളിൽ ലോകവ്യാപകമായി 87 കോടി രൂപ ഗ്രോസ് നേടി. ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് 864 ഷോകളിൽ നിന്നായി കേരളാ ബോക്സോഫീസിൽ നിന്ന് മാത്രം ഒരു കോടി രൂപയ്ക്ക് മേൽ ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. ഈവനിംഗ്, നൈറ്റ് ഷോകൾക്ക് ഇതിന്‍റെ ഇരട്ടിയിലേറെ കളക്ഷൻ വരുമെന്നാണ് സൂചന. ആറാം ദിവസം ചിത്രം ലോക വ്യാപകമായി 100 കോടി പിന്നിടുമെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ വിലയിരുത്തൽ.
വിദേശത്തും കൂടുതൽ സ്‌ക്രീനുകൾ ചിത്രത്തിനായി കൂട്ടിച്ചേർക്കപ്പെടുകയാണ്. ബുക്ക് മൈ ഷോയിൽ ചിത്രം ട്രെൻഡിങ് തുടരുകയാണ്.

ഏറ്റവും വലിയ ആദ്യവീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ മോഹൻലാൽ നായകനായ എമ്പുരാന് ശേഷം രണ്ടാമതെത്താൻ ‘ആട് 3’-ക്ക് സാധിച്ചിട്ടുണ്ട്.175 കോടിരൂപയിലേറെയാണ് എമ്പുരാൻ്റെ റെക്കോർഡ്. കേരളത്തിൽനിന്നുമാത്രം ‘ആട് 3 ‘ആദ്യവീക്കെൻഡ് പിന്നിടുമ്പോൾ 27 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഗൾഫ് മാർക്കറ്റിൽ യുഎഇയിലാണ് ചിത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്നത്. 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള ചിത്രമായി ‘ആട് 3’ മാറുമെന്നുറപ്പായിട്ടുണ്ട്.
നായകനായ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രമാണ് ‘ആട് 3 ‘. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടമായി ഇത് മാറിയി ട്ടുണ്ട്.
ഇന്ദ്രൻസ്,വിനായകൻ,ധർമജൻ ബോൾഗാട്ടി,സൈജു കുറുപ്പ്,ഭഗത് മാനുവൽ, സണ്ണി വെയ്ൻ, വിജയ് ബാബു, നോബി, നിർമൽ പാലാഴി, ഹരികൃഷ്ണൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്.
യുകെ 134, യുഎസ് 68, യുഎഇ 64, ഓസ്ട്രേലിയ 56, സൗദി അറേബ്യ 42, കാനഡ 30, ജർമനി 26, ഖത്തർ 16, ഒമാൻ 16, ബഹ്‌റൈൻ 12, നെതർലാൻഡ്‌സ് എട്ട്, ഫ്രാൻസ് നാല്, ഓസ്ട്രിയ നാല്, ചെക്ക് റിപ്പബ്ലിക് മൂന്ന്, കുവൈറ്റ് നാല് എന്നിങ്ങനെയാണ് ചിത്രത്തിന് കൂടുതൽ സ്‌ക്രീനുകൾ കൂട്ടിച്ചേർത്തത്. ബെൽജിയത്തിലും ലിത്വാനിയയിലും സിങ്കപ്പൂരിലും ഉസ്ബെക്കിസ്ഥാനിലും രണ്ടുവീതവും, ലാത്വിയയിലും എസ്റ്റോണിയയിലും സ്വിറ്റ്‌സർലാൻഡിലും ലക്‌സംബർഗിലും സ്ലോവാക്യയിയിലും സ്ലോവേനിയയിലും മോൾഡോവയിലും കസാഖ്സ്ഥാനിലും അർമേനിയയിലും അസർബൈജാനിലും ഒന്നുവീതവും ഇറ്റലിയിൽ അഞ്ചും പുതിയ സ്‌ക്രീനുകൾ കൂട്ടിച്ചേർത്തു.
വിജയ് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ‘ആട് 3’യുടെ നിർമാണം.






