സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം:പവർകട്ട് ഒഴിവാക്കി കെ എസ് ഇ ബി

മാർച്ച് 25ന് 5,802 മെഗാവാട്ടിൻ്റെ വൈദ്യുതി ഉപഭോഗ റെക്കോർഡ്
തിരുവനന്തപുരം:ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ.മാർച്ച് 25ന് 5,802 മെഗാവാട്ടിൻ്റെ കുതിപ്പിലെത്തി.ഇതിനുമുമ്പത്തെ റെക്കോർഡ് ഉപഭോഗം 2024 മെയ് 2 ലെ 5,797 മെഗാവാട്ട് ആയിരുന്നു.അതാണ് 25ന് ഭേദിച്ചത്.
ഇതേ തുടർന്ന് വൈദ്യുതി ബോർഡിൻ്റെ ചെയർമാൻ ആന്‍റ് മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
വൈദ്യുതി ഉപഭോഗം ഇത്രയും കുതിച്ചുയർന്നിട്ടും വൈദ്യുതി വിതരണം കെ എസ് ഇ ബി സുഗമമായി കൈകാര്യം ചെയ്തുവെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി.വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയാലും ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവും കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ കെ എസ് ഇ ബിക്ക് കഴിയുമെന്നും യോഗം വിലയിരുത്തി.
ഇത്രയും ചൂടുകൂടി വൈദ്യുതി ഉപഭോഗം കുതിക്കുമ്പോഴും പവർകട്ടില്ലാതെ സംസ്ഥാനം മുന്നോട്ടുപോവുകയാണ്.
25ന് മൊത്തം വൈദ്യുതി ഉപഭോഗം ഉയർന്നപ്പോൾ രാവിലത്തെ പീക്ക് ഡിമാൻഡ് 4175 മെഗാവാട്ടായും രേഖപ്പെടുത്തിയിട്ടുണ്ട്. കടുത്ത വേനൽച്ചൂടിനെത്തുടർന്ന് ഉപഭോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പവർ ഗ്രിഡിൻ്റെ സുരക്ഷയും തടസ്സമില്ലാത്ത വൈദ്യുതി വിതരണവും ഉറപ്പാക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും സംസ്ഥാനത്തെ ഇരുട്ടിലാഴ്ത്താതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത് സർക്കാരിൻ്റെയും വകുപ്പിന്‍റെയും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി .ഈ വലിയ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ജീവനക്കാരെയും സഹകരിക്കുന്ന ജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.






