എൽഡിഎഫിന് അപ്രതീക്ഷിത പരാജയം,ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ

‘ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും’
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായതെന്നും സിപിഎം ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .
ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി. പാർട്ടി പ്രവർത്തകരുടെയും എൽഡിഎഫ് ഘടകകക്ഷികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഇതിൽ പരിശോധന നടത്തുമെന്ന് അദ്ദേഹം എകെജി സെൻ്ററിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർത്ത് സഖാക്കൾക്ക് പറയാനുള്ളത് കേൾക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് കൊണ്ട് ജില്ലാ സെക്രട്ടേറിയറ്റും രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ കമ്മിറ്റികളും ചേരും. ഏല്ലാ ഏരിയാ കമ്മിറ്റികളും സംസ്ഥാന കമ്മറ്റി അംഗങ്ങൾ പങ്കെടുത്ത് കൊണ്ട് ചേരും. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് കൊണ്ട് ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റി അംഗങ്ങൾ ചേർന്ന് കൊണ്ട് ബ്രാഞ്ച് യോഗവും ചേരും. ഇത്തരം എല്ലാ ഘടകങ്ങളിലെയും ചർച്ചകൾ പരിഗണിച്ചാകും തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുക. തിരിച്ചടികളിൽ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് നേരെ നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു. തോൽവിയെ കുറിച്ച് എല്ലാവരും മറുപടി പറയുമെന്ന് പറഞ്ഞ അദ്ദേഹം, മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. അഞ്ചുമിനിറ്റിനുള്ളിൽ തന്നെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.






