വി ഡി സതീശൻ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ലെന്ന് നടൻ സിദ്ദിഖ്

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ തിരിച്ചടി വിചാരിക്കുന്നതിലും അപ്പുറം:സിദ്ദിഖ്
തിരുവനന്തപുരം: വി ഡി സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ലെന്ന് നടനും നടീനടൻമാരുടെ സംഘടനയായ ‘അമ്മ’മുൻ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ്.ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് കോൺഗ്രസ് നേതാക്കളെ ഓർമിപ്പിക്കുന്ന അദ്ദേഹം ‘ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ് എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, കെ. കരുണാകരനെയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്‍റെ കൈ കൂപ്പിയുള്ള അപേക്ഷ ആണെ’ന്നും അവകാശപ്പെടുന്നു. മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം.വി ഡി സതീശൻ എന്ന ജനനായകൻ്റെ പേര് എന്നും സിദ്ദിഖ് പ്രഖ്യാപിച്ചിട്ടുണ്ട്.
യുവനടിയുടെ പീഡനപരാതിയില്‍ സിദ്ദിഖ് അറസ്റ്റിലായിരുന്നു.യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തു.തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയ സിദ്ദിഖ് അവിടെവച്ച് അവരെ ബലാത്സംഗം ചെയ്തുവെന്നു നേരത്തേ കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറഞ്ഞതു തന്നെയാണു കുറ്റപത്രത്തിലുമുള്ളത്.താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള സിദ്ദിഖിന്‍റെ രാജിക്കു കാരണമായ പീഡനപരാതി ശരിയെന്ന് പ്രത്യേക അന്വേഷണസംഘം തെളിയിച്ചു. 2016 ജനുവരി 28ന് ആയിരുന്നു പീഡനമെന്നാണു പരാതി. ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് എത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു.പ്രിവ്യൂ കാണാന്‍ നടിയെയും കുടുംബത്തെയും സിദ്ദിഖ് ക്ഷണിച്ചതിനും നടി ഹോട്ടലില്‍ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.ഹോട്ടലില്‍ പരാതിക്കാരിയായ നടിയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.ആ കേസ് ദുർബലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിദ്ദിഖിൻ്റെ കുറിപ്പെന്ന വിലയിരുത്തലുമുണ്ട്.

സിദ്ദിഖ്
സിദ്ദിഖിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.
ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്‍റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു UDF അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്.
അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും.
ആ വിശ്വാസം തകർക്കരുത്.
അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്.
ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല.
എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല.
വി ഡിസതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല.

വി ഡി സതീശൻ
കോൺഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.
ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ് എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, കെ കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്.
മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം.വി ഡി സതീശൻ എന്ന ജനനായകന്റെ പേര്.നല്ലത് വരട്ടെ, നല്ലതേ വരാവു..!!’






