പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ

വലതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകരും ഇഡി ഉദ്യോഗസ്ഥരും ചേർന്നുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ ചോർത്തിയാണ് റെയ്ഡ് നാടകം കളിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് മാർച്ച് നടത്തിയ സിപിഎം നേതാക്കൾക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി. രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്,ജില്ലാ സെക്രട്ടറി എസ്. സതീഷ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് കേസ്.
ബുധനാഴ്ച രാവിലെ 11മണിക്കായിരുന്നു പ്രതിഷേധം . സിപിഎം എറണാകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച് പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴി മേനക ജംഗ്ഷനിലേക്കായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.
പ്രവർത്തകർ നിയമവിരുദ്ധമായി സംഘം ചേരുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നും, വലിയ രീതിയിലുള്ള ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്നും പോലീസിന്‍റെ എഫ്ഐആറിൽ പറയുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 173 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ, ബിഎൻഎസ് 189(2), 191(2), 190, 285 വകുപ്പുകളും 2011-ലെ കേരള പബ്ലിക് വേയ്‌സ് ആക്ട് സെക്ഷൻ 6 ഉം ചുമത്തി.
എറണാകുളം സെൻട്രൽ പോലീസ് സബ് ഇൻസ്പെക്ടർ രാംലാൽ എ.ആർ ആണ് പരാതി നൽകിയിരിക്കുന്നത്. ഗ്രേഡ് എസ്.ഐ രാജേഷ് കെ. ചെല്ലപ്പൻ്റെ നേർതൃത്വത്തിലാണ് കേസ് അന്വേഷണംനടക്കുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ വന്ന് ‘എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല’ എന്ന് ചോദിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് കടുത്ത രാഷ്ട്രീയ അപക്വതയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കുറ്റപ്പെടുത്തി.തന്നോടൊപ്പം ഇന്ത്യാ മുന്നണിയിൽ നിൽക്കുന്ന നേതാവിൻ്റെ വീട് ഇ ഡി എന്തുകൊണ്ട് റെയ്ഡ് ചെയ്തില്ല എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. രാഹുൽ ഗാന്ധി സംഘപരിവാറിനു മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തപ്പോൾ ഇന്ത്യ ഹെറാൾഡ് കേസിൻ്റെയും വധേരയുടെ ഭൂമി തട്ടിപ്പു കേസിൻ്റെയും അന്വേഷണം മന്ദഗതിയിലായി. ഇ ഡി വേട്ടയെ ജനങ്ങളെ അണി നിരത്തി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
വലതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകരും ഇഡി ഉദ്യോഗസ്ഥരും ചേർന്നുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ ചോർത്തിയാണ് റെയ്ഡ് നാടകം കളിക്കുന്നത്. മണിക്കൂറുകൾ പരിശോധന നടത്തിയിട്ടും ഒടുവിൽ ‘ഒന്നും കണ്ടെത്തിയില്ല’ എന്ന് ഇഡിക്ക് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടി വന്നു.ഇടതുപക്ഷത്തെ ഒരു തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരിൽ തളർത്താമെന്ന് ആരും മോഹിക്കേണ്ടെന്നും, ഈ നെറികേടിനെ ജനങ്ങളെ അണിനിരത്തി പൂർണ്ണമായും ജനാധിപത്യപരവും സമാധാനപരവുമായി നേരിടുമെന്നും സ്വരാജ് പ്രഖ്യാപിച്ചു.






