നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും കലാശപ്പോരാട്ടത്തിൽ നേർക്കുനേർ ,ഇത് ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യം

അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുന്നത് ഞായറാഴ്ച (ഇന്ത്യൻ സമയം ജൂലൈ 20 പുലർച്ചെ 12:30 ന്) ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ
ന്യൂയോർക്ക്:ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും സെമിഫൈനലുകളിൽ തകർത്തെറിഞ്ഞ് സ്പെയിനും അർജന്റീനയും ഫിഫ ലോകകപ്പ് ഫൈനലിലേക്ക് എത്തിയതോടെ കാൽപ്പന്ത് കളിയിലെ ചരിത്ര പോരാട്ടത്തിന് ഒരുങ്ങി ന്യൂയോർക്ക് .
ചൊവ്വാഴ്ച നടന്ന ആദ്യ സെമിഫൈനലിൽ 2024-ലെ യുവേഫ യൂറോ ജേതാക്കളായ സ്പെയിൻ കരുത്തരായ ഫ്രാൻസിനെ 2-0 ന് തകർത്തു. തൊട്ടുപിന്നാലെ നടന്ന രണ്ടാം സെമിയിൽ, 2024-ലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി . ഇരു ടീമുകളുടെയും ത്രസിപ്പിക്കുന്ന വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത അപൂർവ്വ ഫൈനലിനാണ് വേദിയൊരുങ്ങുന്നത്.
ഫിഫ ലോകകപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരും കോപ്പ അമേരിക്ക ജേതാക്കളും തമ്മിൽ ഒരു കലാശപ്പോരാട്ടത്തിൽ നേർക്കുനേർ വരുന്നത്. ഞായറാഴ്ച ((ഇന്ത്യൻ സമയം ജൂലൈ 20 പുലർച്ചെ 12:30 ന്)) ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഈ വർഷത്തെ ലോകകപ്പിൽ തകർപ്പൻ പ്രകടനം കൊണ്ട് ആരാധകരെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സ്പെയിൻ. ടൂർണമെന്റിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ ആറ് വിജയവും ഒരു സമനിലയുമാണ് സ്പെയിൻ നേടിയത്. ഈ ടൂർണമെന്റിലുടനീളം വെറും ഒരൊറ്റ ഗോൾ മാത്രമാണ് സ്പെയിൻ പ്രതിരോധം വഴങ്ങിയത്. ഈ പതിപ്പിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ റെക്കോർഡും സ്പെയിനാണ്.
തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്.
ഇത്തവണ ലോകകപ്പിൽ അർജന്റീന നേടിയ 19 ഗോളുകളിൽ എട്ടെണ്ണവും ക്യാപ്റ്റൻ ലയണൽ മെസ്സിയുടേതാണ്. എട്ട് ഗോളുകൾക്ക് പുറമെ, നാല് ഗോളുകൾക്ക് മെസ്സി അസിസ്റ്റും ചെയ്തു. ഇതിൽ രണ്ടെണ്ണം ഇംഗ്ലണ്ടിനെതിരായ നിർണായക സെമിഫൈനലിലായിരുന്നു.
ഗോളടിയിൽ മുന്നിലുള്ള അർജന്റീനയുടെ ആക്രമണനിരയും, ഗോൾ വഴങ്ങാൻ മടിക്കുന്ന സ്പെയിന്‍റെ പ്രതിരോധ കോട്ടയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും ആവേശകരമായ ഒരു ഫൈനലിനാവും ന്യൂയോർക്ക് സാക്ഷ്യം വഹിക്കുക.






