ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ

ചെങ്കടല്‍ തീരത്തെ ജിസാന്‍, യാന്‍ബു എന്നിവിടങ്ങളിലെ അരാംകോ എണ്ണ ശാലകള്‍ക്ക് നേരെ ഹൂതികളുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍
വാഷിംഗ്ടൺ:ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം. തുടർച്ചയായി 13 ദിവസം ആക്രമണം നടത്തിയ ശേഷം, കൂടുതൽ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച അനുമതി നൽകിയില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് വിലയിരുത്തൽ.
ഇറാനുമായി നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിൽ ട്രംപ് അറിയിച്ചു. ഇറാൻ കൂടുതൽ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്.കരാറിലെത്തുന്നതാണ് കൂടുതൽ ബുദ്ധിപരമായ തന്ത്രം. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ സംഘം ടെഹ്റാനിലെത്തി ചർച്ചകൾ നടത്തിവരികയാണ്.ഈ ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഈ ആഴ്ച തന്നെ ഒരു കരാർ ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ഇസ്രായേലിൻ്റെ ആക്രമണം വ്യാപിപ്പിക്കാനുള്ള ശ്രമം അമേരിക്ക തടഞ്ഞതായും പ്രചരിക്കപ്പെടുന്നു.
ട്രംപിന്റെ വാദം ഇറാന്‍ തള്ളി . സംഘർഷത്തിൽ അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു.200 യുഎസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടെന്നുമുള്ള അവകാശവാദമാണ് ഇറാന്‍ ഉന്നയിക്കുന്നത്.അമേരിക്കയ്ക്ക് പിന്തുണ തുടർന്നാൽ ബ്രിട്ടനെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെങ്കടലിൽ പുതിയ പോർമുഖം തുറക്കുമ്പോഴും, ഇറാനുമേൽ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചാണ് അമേരിക്ക നയതന്ത്ര ചർച്ചകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതിനിടെ, ചെങ്കടലില്‍ ആശങ്കയായി ഹൂതികള്‍ സൗദിക്ക് മേല്‍ ആക്രണം നടത്തുകയാണ്. ചെങ്കടല്‍ തീരത്തെ ജിസാന്‍, യാന്‍ബു എന്നിവിടങ്ങളിലെ അരാംകോ എണ്ണ ശാലകള്‍ക്ക് നേരെ ഹൂതികള്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഹൊദൈദ തുറമുഖത്തും കമറാന്‍ ദ്വീപിലും സൗദി നേതൃത്വത്തിലുള്ള സഖ്യസേന തിരിച്ചടിയും നടത്തി. ഇതിനിടെ കാസ്പിയന്‍ കടലില്‍ ഇറാനിയന്‍ കപ്പലിനു നേരെ കീവ് നടത്തിയ ബോംബാക്രമണത്തില്‍ ഒരു നാവികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഉക്രെയ്ന്‍ നയതന്ത്രജ്ഞരെ ഇറാന്‍ വിളിച്ചുവരുത്തിയിരിക്കുകയാണ്.






