‘പാറ്റ’കളുടെ നിസ്സഹായ ജന്‍മങ്ങളേ, നമോവാകം…!

അതീതം/എം.ബി.സന്തോഷ്
‘ഒട്ടും ‘നീറ്റ’ല്ലാത്ത നീറ്റ് ‘എന്ന കുറിപ്പ് ‘മെട്രൊവാർത്ത’യിലെ ‘അതീത’ത്തിൽ പ്രസിദ്ധീകരിച്ചത് 2024 ജൂൺ 13നായിരുന്നു എന്ന് ഓർമിപ്പിച്ച് അത് അയച്ചുതന്നത് സുഹൃത്തായ ഗുരുവായൂരപ്പനാണ്.സർക്കാർ ഉദ്യോഗസ്ഥനായ ഒരാളിന് ഇങ്ങിനെയൊരു പേരോ എന്ന് ഞാനും ആദ്യം കണ്ടപ്പോൾ അതിശയിച്ചുവെങ്കിലും ആൾ നീതിന്യായ വ്യവസ്ഥ നന്നായി നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരിലൊരാളാണ്.
‘മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയായ ‘നീറ്റ് യുജി’ക്കെതിരേ ഉയർന്ന ചോദ്യ പേപ്പർ ചോർച്ച, ഗ്രേസ് മാർക്ക് നൽകിയതിലെ അസ്വാഭാവികത തുടങ്ങിയവ പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചുവെന്ന് നിരീക്ഷിച്ചത് ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി’എന്നാണ് ആ ലേഖനം ആരംഭിക്കുന്നത്.അവസാനിപ്പിച്ചത് ഇങ്ങനെ:’ ഇത്തരം ക്രമക്കേടുകൾ ഉണ്ടാവുമ്പോൾ ആശ്വാസം നീതിപീഠങ്ങൾ മാത്രമേയുള്ളൂ എന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് മിടുക്കരായ കുട്ടികൾ കാത്തിരിക്കുന്നത്. രാജ്യത്ത് നല്ല നിലയിൽ നടന്ന ഒരു സംവിധാനത്തെ അട്ടിമറിച്ച് പ്രവേശന പരീക്ഷക്ക് ഒരു സുതാര്യതയുമില്ലാത്ത സംവിധാനം ഏർപ്പെടുത്തിയതെന്തിന് എന്ന ചോദ്യവും ഇതോടൊപ്പം ഉയരേണ്ടതുണ്ട്.’ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘അതീതം’എന്ന പുസ്തകത്തിൽ ഈ ലേഖനവും ഉൾപ്പെടുന്നുണ്ട്.
പക്ഷെ,ക്രമക്കേടുകൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൻ്റെ സ്ഥാനംപോലും ഇടിയുകയാണ്.വിവിധ കമ്മിഷൻ അധ്യക്ഷ സ്ഥാനം മുതൽ എംപി വരെ എആവുന്നതിനുവേണ്ടി ജുഡീഷ്യറിയിലെ പരമോന്നത സ്ഥാനത്തെ ഏണിപ്പടിയാക്കിയവരുടെ എണ്ണം കുറവല്ല.അതുകൊണ്ടുതന്നെ ആവർത്തിക്കപ്പെടുന്ന പരീക്ഷാ ക്രമക്കേടുകളിൽനിന്ന് അടുത്ത തലമുറയെ കാക്കണമെങ്കിൽ നമ്മളോരോരുത്തരും ഉയർന്നെഴുന്നേൽക്കുകതന്നെ വേണം.
2024ലെ ക്രമക്കേടുകൾ ആ ലേഖനത്തിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്:
എൻടിഎയുടെ ഫലത്തിൽ 670 മാർക്ക് നേടിയ കുട്ടിക്ക് റാങ്ക് 1,10,000.അതേസമയം, 580 മാർക്ക് കിട്ടിയ ആളിന് 80,000! എന്തതിശയമേ, ഈ എൻടിഎ! ഇതിനു പുറമെ 60 മുതൽ 70 വരെ റാങ്കുള്ളവരിൽ 8 പേർ ഈ പരീക്ഷ എഴുതിയത് ഹരിയാനയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ!
നീറ്റിന് പരമാവധി കിട്ടാവുന്ന മാർക്ക് 720. അതിനു താഴെ കിട്ടാവുന്ന സ്കോർ 716. അതുകഴിഞ്ഞ് 715. അതായത്, ഒരു ചോദ്യം ഒഴിവാക്കിയാൽ 716. ഒരുത്തരം തെറ്റിയാൽ 715. എന്നാൽ 717, 718, 719 എന്നീ സ്‌കോറുകൾ കിട്ടാനുള്ള ഒരു സാധ്യതയുമില്ല. 720 എന്ന മുഴുവൻ സ്കോർ നേടിയ 67 ഒന്നാം റാങ്കുകാർ കഴിഞ്ഞാൽ രണ്ടുപേരുടെ മാർക്ക് 718, 719..!ഒരു കാരണവശാലും കിട്ടാൻ സാധ്യത ഇല്ലാത്ത മാർക്ക്. കാരണം ഒരു ചോദ്യം എഴുതാതെ വിട്ടാൽ 4 മാർക്ക് പോകും. ഉത്തരം തെറ്റിയാൽ ഈ 4 മാർക്കിനോട് നെഗറ്റീവ് മാർക്ക് 1 ഉൾപ്പെടെ 5 മാർക്ക് നഷ്ടമാവും. എന്നാൽ ഈ വർഷം 719, 718 ഒക്കെ എങ്ങനെ വന്നു?
ഗുജറാത്തിലെ ഒരു പെൺകുട്ടിക്ക് പ്ലസ് ടു ഫിസിക്സിന് ഒരു മാർക്ക്. ഇത്തവണ “നീറ്റി’ൽ പക്ഷെ, 705 മാർക്കുണ്ട്. ഇത്രയും മിടുക്കിക്ക് എങ്ങനെ ഫിസിക്സിൽ ഒറ്റ മാർക്കായിപ്പോയി? ആ കുട്ടിയുടെ പ്ലസ്ടു, നീറ്റ് മാർക്ക് ലിസ്റ്റുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘വ്യാപം’ അഴിമതി ഓർമയില്ലേ? മധ്യപ്രദേശിൽ രാഷ്‌ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകി പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ നേടിയ അഴിമതി രാജ്യത്തെ നടുക്കിയിരുന്നു. നിയമനം ലഭിക്കാനും പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷ കുറുക്കു വഴിയിലൂടെ പാസാകാനും 2,000 കോടി രൂപ കൈക്കൂലിയായി ഒഴുകിയെന്നായിരുന്നു 15 കൊല്ലം മുമ്പത്തെ കണ്ടെത്തൽ. ഇന്‍ഡോറിലെ ഒരു സംഘം ട്യൂട്ടോറിയല്‍ ഉടമകളുടെ ബുദ്ധിയിലുദിച്ച കുംഭകോണത്തിന് മന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, മാഫിയ സംഘങ്ങള്‍ എന്നിവര്‍ പിന്തുണയേകി. ഈ കേസിൽ സാക്ഷി പറഞ്ഞവരും തെളിവ് നൽകിയവരുമുൾപ്പെടെ 40ലധികം പേർ റോഡ് അപകടങ്ങളിലും ആത്മഹത്യകളിലുമായി സംശയാസ്പദമായ രീതിയിൽ മരണപ്പെട്ടു.
2012 ജൂണില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ലഷ്മികാന്ത് ശര്‍മ അറസ്റ്റിലായി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫfസിനു കുംഭകോണത്തില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമായി. അന്നത്തെ ഗവര്‍ണര്‍ രാംനരേഷ് യാദവിന് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. യാദവ് ഉദ്യോഗാര്‍ഥികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും തെളിഞ്ഞിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഗവര്‍ണറെന്ന നിലയിലുളള നിയമ പരിരക്ഷ യാദവിനെതിരായ നടപടികള്‍ക്കു തടസമായി. 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,000ത്തിലേറെ പേരെ അറസ്റ്റ് ചെയ്തു.2015 ജൂലൈയിൽ കേസ് സിബിഐക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഭരണകക്ഷിയിലെ വമ്പന്മാർ പ്രതികളായ കേസുകൾ അന്വേഷിക്കുമ്പോൾ സിബിഐക്ക് എന്താണോ സംഭവിക്കുന്നത് അത് ഇവിടെയും ബാധകമായി. അന്വേഷണം അനന്തമായി നീളുന്നു!
പരീക്ഷാ ക്രമക്കേടുകൾ ഇനിയും തുടരും.അത് വാർത്തയാവുമ്പോക്ഷ കോടതികൾ നടുക്കം പ്രകടിപ്പിക്കും.അന്വേഷണം അനന്തമായി തുടരും.അതിനെതിരെയുള്ള പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങൾ അപ്പോഴുമുണ്ടാവും…!
‘പാറ്റ’കളുടെ നിസ്സഹായ ജന്‍മങ്ങളേ, നമോവാകം…!






