മമ്മൂട്ടിയുടെ പിറന്നാളിന് 40,000 പേർക്ക് രക്തദാനം

ആഗസ്റ്റ് 17 മുതൽ ജന്മദിനം വരെ രക്തദാന ക്യാമ്പുകൾ
തിരുവനന്തപുരം:മമ്മൂട്ടിയുടെ ജന്‍മദിനാഘോഷത്തിന്‍റെ ഭാഗമായി 17 രാജ്യങ്ങളിലായി 40,000 പേർക്ക് രക്തദാനം നടത്താൻ ലക്ഷ്യമിട്ട് മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ.
സെപ്റ്റംബർ 7-ന് നടക്കുന്ന മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ രക്തദാന പദ്ധതി.ആഗസ്റ്റ് 17 മുതൽ ജന്മദിനം വരെ വിദ്യാർത്ഥികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ, സന്നദ്ധസംഘടനകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കും.
കഴിഞ്ഞ വർഷങ്ങളിൽ 25,000-ലധികം പേർ രക്തദാനത്തിൽ പങ്കെടുത്തു.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളും നടക്കും.കൂടുതൽ വിവരങ്ങൾക്ക്: 917034634369 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു.
കേരളത്തിൽ അനാഥാലയങ്ങളിൽ അന്നദാനം, സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ, പരിസര ശുചീകരണ പരിപാടികൾ എന്നിവ ഉൾപ്പെടെ നൂറുകണക്കിന് ജീവകാരുണ്യ-സാമൂഹിക പദ്ധതികൾ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ.
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്ത്ജനിച്ച മമ്മൂട്ടി കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ.

മമ്മൂട്ടി
മമ്മൂട്ടി 1980ൽ വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ.പ്രമുഖ നടൻ ദുൽഖർ സൽമാൻ, സുറുമി എന്നിവരാണ് മക്കൾ.
1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം.
മികച്ച നടനുള്ള ദേശീയപുരസ്കാരം നാല് തവണയും സംസ്ഥാന പുരസ്കാരം 5 തവണയും നേടി. ‘ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു. 2022 -ൽ പ്രഥമ കേരളപ്രഭ പുരസ്‌ക്കാരം ലഭിച്ചു.അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തിനും ഇന്ത്യൻ സിനിമയ്ക്കുള്ള മികച്ച സംഭാവനകളും മാനിച്ച് 2026-ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.1998ൽ പത്മശ്രീക്കും അർഹനായി.






