തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

‘സത്യം, ഉറപ്പ്, നിങ്ങളോടൊപ്പം’ എന്ന ടാഗ്‌ലൈനിലാണ് പുതിയ ചാനൽ
ചെന്നൈ:വിജയ് നയിക്കുന്ന തമിഴ്ക വെട്രി കഴകത്തിന്‍റെ ഡിജിറ്റൽ വാർത്താവിഭാഗം മലയാളത്തിലേക്കും.’വിജയം ‘എന്ന പേരിലാണ് ഡിജിറ്റൽ ചാനൽ കേരളത്തിലെത്തുന്നത്. തമിഴ്നാട്ടിൽ ‘വെട്രി’ എന്ന പേരിലാണ് ചാനൽ പ്രവർത്തിക്കുക.
‘സത്യം, ഉറപ്പ്, നിങ്ങളോടൊപ്പം’ എന്ന ടാഗ്‌ലൈനിലാണ് പുതിയ ചാനൽ വരുന്നത്. ‘ഉൺമൈ, ഉരുതി, ഉങ്കളുടൻ’ എന്നതിന്‍റെ മലയാളമാണിത്.
ദേശീയതലത്തിലേക്ക് പാർട്ടിയെ വളർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിജയ്‌യുടെ പാർട്ടി വാർത്താമാധ്യമ രംഗത്തേക്ക് ഇറങ്ങുന്നത്. വിജയ്‌ക്ക് ഏറെ ആരാധകരുള്ള കേരളത്തിൽ ഏറ്റവുമാദ്യം ചാനൽ പ്രവർത്തനം തുടങ്ങും.

ഉത്തരേന്ത്യയിലടക്കം ഡിജിറ്റൽ ചാനൽ പ്രവർത്തിപ്പിക്കും. നിലവിൽ ഡിജിറ്റൽ വെബ്‌സൈറ്റ് പേജുകൾ തയ്യാറായിട്ടുണ്ട്. അതെസമയം ഔദ്യോഗികമായി ഈ ചാനലിൻ്റെ പ്രവർത്തനം തുടങ്ങിയിട്ടില്ല. തമിഴ്നാട്ടിൽ ‘വെട്രി’ എന്ന പേരിൽ സോഷ്യൽ മീഡിയ പേജുകൾ നേരത്തേ തന്നെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയ പേജുകളിൽ വിവിധ വാർത്താധിഷ്ഠിത പരിപാടികളും മറ്റും വന്നു തുടങ്ങിയിട്ടുമുണ്ട്.






