ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

സംസ്ഥാന ഐടി സ്പെഷ്യല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: യു.എസ് കോണ്‍സല്‍ ജനറല്‍ മരിയാന എല്‍ നെയ്സുലെറുടെ നേതൃത്വത്തില്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ നിന്നുള്ള സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു.
സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സിഇഒ അനൂപ് അംബിക എന്നിവരുടെ സാന്നിധ്യത്തില്‍ യു.എസ് കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലേക്കുള്ള തന്‍റെ ആദ്യ സന്ദര്‍ശനമാണിതെന്ന് പറഞ്ഞ യുഎസ് കോണ്‍സല്‍ ജനറല്‍ ലോജിസ്റ്റിക്സ്, സമുദ്രമേഖല, നാവിഗേഷന്‍, ഊര്‍ജ്ജം, ഐടി എന്നീ മേഖലകളിലെ സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. യുഎസ് കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ഈ മേഖലകളിലെ പങ്കാളികള്‍ അവരുടെ ആശയങ്ങള്‍ക്ക് കൃത്യമായ രൂപം നല്‍കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.
രാജ്യത്തെ പുരോഗതി പ്രാപിച്ച സംസ്ഥാനമെന്ന നിലയിലുള്ള കേരളത്തിന്‍റെ ഖ്യാതി സീറാം സാംബശിവ റാവു എടുത്തുപറഞ്ഞു. സംസ്ഥാനത്തെ ഒരു നോളജ് ഇന്‍ഡസ്ട്രി ഹബ്ബ് ആയി ഉയര്‍ത്തുന്നതിനും യുഎസിലെയും കേരളത്തിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ സര്‍വകലാശാലകളില്‍ ‘സെന്‍റര്‍ ഓഫ് എക്സലന്‍സ്’ സ്ഥാപിക്കുന്നതിനും യുഎസ് സ്ഥാപനങ്ങളുടെ പിന്തുണ അദ്ദേഹം തേടി.

ഏകദേശം 10,000 സ്റ്റാര്‍ട്ടപ്പുകളുള്ള മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്നും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ് ആക്സിലറേറ്ററുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സാംബശിവ റാവു പറഞ്ഞു. ഇതിനായി യുഎസ് ആക്സിലറേറ്ററുകള്‍ക്ക് കേരളത്തില്‍ അവരുടെ കേന്ദ്രങ്ങള്‍ ആരംഭിക്കാവുന്നതാണ്. രാജ്യത്തിന് തന്നെ മാതൃക സൃഷ്ടിക്കാന്‍ ഇതിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിലെ പൊളിറ്റിക്കല്‍ ആന്‍ഡ് ഇക്കണോമിക് സ്പെഷ്യലിസ്റ്റുമാരായ കാര്‍ത്തിക് സെല്‍വരാജ്, ഗീത ഗോപാലകൃഷ്ണന്‍ എന്നിവരും കോണ്‍സല്‍ ജനറലിനൊപ്പം ഉണ്ടായിരുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്-കേരള (ഐഐഐടിഎം-കെ) യിലെ ഫാബ് ലാബും ടെക്നോപാര്‍ക്ക് ഫേസ്-ഒന്നിലെ ഡീപ്-ടെക് റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സും യുഎസ് കോണ്‍സുലേറ്റ് സംഘം സന്ദര്‍ശിച്ചു.
ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് വസന്ത് വരദ, ടാറ്റ എല്‍ക്സി സെന്‍റര്‍ ഹെഡ് ശ്രീകുമാര്‍ വി, സോഫ്റ്റ്നോഷന്‍സ് ടെക്നോളജീസ് സിഇഒയും സ്ഥാപകനുമായ റോണി സെബാസ്റ്റ്യന്‍, ഇക്വിഫാക്സ് പിഇസി തിരുവനന്തപുരം സൈറ്റ് ലീഡ് വിനോദ് നായര്‍, മിറോക്സ് സൈബര്‍ സെക്യൂരിറ്റി സിഇഒ രാജേഷ് ബാബു, പേസ് എക്സല്‍ സിഇഒ ഗീതു ശിവകുമാര്‍, തിരുവനന്തപുരം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സെന്‍റര്‍ ഹെഡ് ജയന്‍ നായര്‍, ഐബിഎസ് സോഫ്റ്റ്‌വെയര്‍ എക്സ്റ്റേണല്‍ അഫയേഴ്സ് ഹെഡ് വിഷ്ണു വി നായര്‍, ജിടെക് സിഇഒ ഈപ്പന്‍ ടോണി ജോണ്‍, കെഎസ്‌യുഎം പ്രോജക്ട് ഡയറക്ടര്‍ വരുണ്‍ ജി, ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് സീനിയര്‍ മാനേജര്‍ ജോര്‍ജ് ജേക്കബ്, ലീഡ് ഐടി സ്ട്രാറ്റജിസ്റ്റുമാരായ ഡോ. അനൂപ നാരായണന്‍, ശ്രീനാഥ് ജ്ഞാനേശ്വര്‍, പ്രകാശ് ജേക്കബ് മാത്യു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.






