പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

എസ് എഫ് ഐ,ഡിവൈഎഫ് ഐ,മഹിളാ നേതാക്കൾ സംസ്ഥാന സമിതിയിൽ
കോഴിക്കോട്:സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ, മുൻ മന്ത്രിമാരായ വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. രാജ്യസഭാംഗമായ ഡോ. ജോൺ ബ്രിട്ടാസ് എംപിയെയും ക്ഷണിതാവായി ഉൾപ്പെടുത്തി.ടി പി രാമകൃഷ്ണൻ, തോമസ് ഐസക് എന്നിവർ സെക്രട്ടേറിയേറ്റിൽ നിന്നും ഒഴിവായി. കേന്ദ്രകമ്മറ്റി അംഗങ്ങള്‍ എന്ന നിലയില്‍ സെക്രട്ടറിയേറ്റിന്‍റെ ഭാഗമായി തുടര്‍ന്ന് പ്രവര്‍ത്തിക്കും.കേന്ദ്രകമ്മിറ്റി അംഗം പി.രാജീവ് എൽ ഡി എഫ് കൺവീനറാവുമെന്നാണ് സൂചന.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായിരിക്കേ സിപിഎം സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയ
സൂസൻ കോടി സംസ്ഥാന സമിതിയിൽ തിരിച്ചെത്തി. കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ നടപടി നേരിട്ട് പുറത്തായതായിരുന്നു സൂസൻ കോടി.
എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി, ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജെയ്‌ക് സി തോമസ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്‌ജീവ്, പ്രസിഡന്‍റ് എം ശിവപ്രസാദ്,സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍ സുകന്യ, ഒ എസ് അംബിക എംഎൽഎ,ജനാധിപത്യ മഹിളാ അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, കവി പ്രഭാവർമ എന്നിവരെ സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കളാക്കി.
യോഗത്തിൽ തനിക്കെതിരെ ഉയർന്ന പരസ്യ ശാസനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അത് പാർട്ടിയുടെ ആഭ്യന്തരവും സംഘടനാപരവുമായ കാര്യമാണെന്നും എല്ലാം തുറന്നു പറയേണ്ടതില്ലെന്നും എം വി. ഗോവിന്ദൻ പ്രതികരിച്ചു. ഞാൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പറ്റിയ തെറ്റുകൾ ചർച്ച ചെയ്തിട്ടുണ്ടെന്നും പാർട്ടി സമഗ്രമായ തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസം കൂടുമ്പോൾ കീഴ്ഘടകങ്ങളിൽ അവലോകനവും ആറുമാസത്തിലൊരിക്കൽ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലും നടപ്പിലാക്കും.






