‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’

‘പ്രതിഛായാ ചർച്ചയും നേതൃമാറ്റവും അതിവിദൂരത്തൊന്നുമല്ല. പുലി പതുങ്ങുന്നതു പെടുക്കാനല്ല. കെസിയും അങ്ങനെ തന്നെ…’

എസ് സുദീപ്
എസ് സുദീപ്
ഒരു വർഷമാവുമ്പോഴേയ്ക്ക് പ്രതിഛായാ ചർച്ച കൊടുമ്പിരിക്കൊള്ളും.
കരുണാകരൻ്റെയും ആൻ്റണിയുടെയുമൊക്കെ കസേരകൾ പാതി വഴിയിൽ തെറിപ്പിച്ച അതേ പ്രതിഛായാ ചർച്ച.
സ്വന്തം പ്രതിഛായ നശിപ്പിക്കാൻ കരുണാകരനും ആൻ്റണിക്കും ഉമ്മൻചാണ്ടിക്കുമൊക്കെ അല്പകാലമെങ്കിലും വേണ്ടി വന്നു. പുതുയുഗ രാജാവിനാവട്ടെ നാലു മാസം പോലും വേണ്ടി വന്നില്ല. പൊലീസ് രാജും റെയ്ഡ് രാജും അമേരിക്കൻ രാജും രാജു പി നായർ രാജും ലോഡ് ഷെഡിംഗ് രാജും മലപ്പുറം ഫുഡ് രാജും ചേന്തി രാജും പെങ്ങളൂട്ടി രാജും ഹെലികോപ്റ്റർ രാജുമെല്ലാം അരങ്ങു തകർക്കുകയാണ്. സ്വന്തം പാർട്ടിക്കാർക്ക് ഇന്നു മതിയായെങ്കിൽ, ജെ ദേവികയ്ക്ക് ഇന്നലേ മതിയായി, ബോധമുള്ള മനുഷ്യർക്കു മിനിഞ്ഞാന്നു തന്നെ മടുത്തു.
എം എൽ എമാരുടെ പിന്തുണ പണ്ടേയില്ല. ഹൈക്കമാൻ്റിൻ്റെയും. ഹൈക്കമാൻ്റിനെ ഭീഷണിപ്പെടുത്തി പദവി കരസ്ഥമാക്കിയതൊന്നും ഹൈക്കമാൻ്റ് പൊറുക്കില്ല.
ആകെയുള്ള പിന്തുണ ഇടതു വിരുദ്ധരായ മുഖ്യധാരാ മാദ്ധ്യമങ്ങളുടേതു മാത്രം! ഞെട്ടുകളെ ഉന്നം വച്ചതും സൈക്കിളിൻ്റെ കാറ്റഴിച്ചു വിട്ടതും അറുപതു പുസ്തകങ്ങളുടെ ലിസ്റ്റുമൊക്കെയായി, അതൊക്കെ വായിക്കാനും കേൾക്കാനും കറൻ്റു പോലുമില്ലാത്ത നാട്ടിൽ, ഈ കഥകളും കൊണ്ട് അധികനാൾ മുമ്പോട്ടു പോകാനൊന്നും കഴിയില്ല എന്ന് എല്ലാവർക്കും അറിയാം.
പ്രതിഛായാ ചർച്ചയും നേതൃമാറ്റവും അതിവിദൂരത്തൊന്നുമല്ല. പുലി പതുങ്ങുന്നതു പെടുക്കാനല്ല. കെസിയും അങ്ങനെ തന്നെ.
മാറ്റം അനിവാര്യമാണ്. വിധിയെ തടുക്കാൻ മാമ്മൻ മാപ്പിളയ്ക്കും കഴിയില്ല എന്നല്ലേ പഴഞ്ചൊല്ല്.
അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?
അടുത്ത വഴി ഇന്നലെയേ നോക്കണം.
ഹെഡ്ഗേവാറിനു വിളക്കു കൊളുത്തിയതു വെറുതെയല്ല. കെഎസ്‌യു പ്രസിഡൻ്റിനെ കാണാതെ എബിവിപിക്കാരെ കണ്ടതു ചുമ്മാതല്ല. ആർ വി ബാബുവിനും ശശികലയ്ക്കും പരവതാനി വിരിച്ചതും ഒന്നും കാണാതെയല്ല. വന്ദേ മാതരം മുഴുവനും കാണാപ്പാഠമാക്കി ചൊല്ലിക്കുന്നത് അറിയാതെയല്ല.
തിരിച്ച് സുരേഷ് ഗോപി നന്നായി പുറം ചൊറിയുന്നുണ്ട്. അൽഫോൻസ് കണ്ണന്താനം വാഴ്‌ത്തുന്നുണ്ട്. വി വി രാജേഷ് തലോടുന്നുണ്ട്.
ഒന്നും കാണാതെ ചെട്ടി ആറ്റിൽ ചാടില്ല. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്.
എന്നെ മാറ്റിയാൽ ഞാനെൻ്റെ ജൈവകുടുംബമായ സംഘപരിവാറിലെത്തും എന്ന് ഇന്നേ പറഞ്ഞു വയ്ക്കുകയാണ്.
മാറ്റിയില്ലെങ്കിലും മാറ്റിയാലും അയാൾ സംഘപരിവാർ തന്നെയാണ്.
അന്നും ഇന്നും എന്നും. ഒരു മാറ്റവുമില്ല.
നമസ്തേ സദാ വത്സലേ മാതൃഭൂമീ മനോരമേ ഏഷ്യാനെറ്റേ…(ഫെയ്സ് ബുക് കുറിപ്പ്)






