‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

‘കേരളത്തിൽ തന്നെ പാരമ്പര്യമുള്ളതും ഇല്ലാത്തതുമായ മറ്റു മീഡിയ സ്ഥാപനങ്ങൾ ഉണ്ടല്ലോ, അതിൽ പലതിന്‍റെയും ഉടമകളുടെ പേരിൽ പലതരം കേസുകളും ഉണ്ടല്ലോ? ആ മാധ്യമങ്ങളുടെയൊക്കെ ഡസ്കുകളിൽ പോലീസ് കടന്നുചെല്ലുമോ?’:ഡോ.ടി.എം തോമസ് ഐസക്
തിരുവനന്തപുരം:’മനോരമയ്ക്ക് ഹോർത്തൂസ്, മാതൃഭൂമിക്ക് ക, ദേശാഭിമാനിക്ക് അക്ഷരമുറ്റം എന്നിവയുണ്ട്. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി ഇതിനൊക്കെ അപ്പുറമുള്ള മറ്റൊരു വമ്പൻ പരിപാടി അവതരിപ്പിക്കുന്നു:മെസ്സിയേയും അർജന്റീന ഫുട്ബോൾ ടീമിനേയും കേരളത്തിൽ കൊണ്ടുവരാൻ പരിപാടിയിടുന്നു. സർക്കാരിൽ നിന്നോ നാട്ടിൽ നിന്നോ പിരിക്കുന്നില്ല. അവരുടെ പണം. അത് വിജയിച്ചില്ല. ഇതിൽ എന്താണ് തട്ടിപ്പ്? ഇതിൽ എന്താണ് കേസ്? ഇതിൽ എന്താണ് സർക്കാരിന്റെ വീഴ്ച്ച?
ഒന്നുമില്ല എന്നാണ് ഉത്തരം.’-മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് വ്യക്തമാക്കുന്നു.
ഡോ.ടി.എം തോമസ് ഐസക് ഫെയ്സ് ബുക്കിൽ എഴുതിയത് വായിക്കാം:
‘സത്യത്തിൽ എന്താണ് മെസ്സി സന്ദർശനവുമായി ബന്ധപ്പെട്ട കേസ് എന്ന് എനിക്ക് മനസിലായിട്ടില്ല.
ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാൻ ഒരു ടെലിവിഷൻ ചാനൽ കമ്പനി ശ്രമം നടത്തുന്നു. അതിന് പ്രചാരണം കൊടുക്കുന്നു. സർക്കാരിനോട് സഹകരണം ചോദിക്കുന്നു. മെസ്സി കേരളത്തിൽ വരുന്നത് സംസ്ഥാനത്തിന്റെ കായിക മേഖലയ്ക്ക് ഉണർവ്വേകുമെന്ന വിലയിരുത്തലിൽ സർക്കാർ സഹകരിക്കാൻ തയ്യാറാകുന്നു. സർക്കാർ പണം ഒന്നും മുടക്കുന്നില്ല, എഗ്രിമെന്റ് ഒന്നും ഒപ്പുവയ്ക്കുന്നില്ല. സ്വന്തം കയ്യിലെ പണമെടുത്താണ് കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. കൃത്യം എത്ര ചിലവായി എന്ന് എനിക്കറിയില്ല. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ GCDA സ്റ്റേഡിയം നവീകരണം കമ്പനി അവരുടെ പണം ചിലവാക്കി നടത്തുന്നു.
ശ്രമം വിജയിച്ചില്ല, മെസ്സി വന്നില്ല, കമ്പനിക്ക് പണം നഷ്ടം വന്നു എന്ന് അവർ പറയുന്നു. ഒരു പക്ഷേ, GCDA സ്റ്റേഡിയത്തിന്റെ നവീകരണം പറഞ്ഞതുപോലെ പൂർണ്ണമായി നടന്നുകാണില്ല. പക്ഷേ, നടന്നിടത്തോളം സർക്കാരിന് ലാഭമാണ്.
എന്തിന് ഒരു ടെലിവിഷൻ ചാനൽ 126 കോടി രൂപ മെസ്സിയെ കൊണ്ടുവരാൻ ചിലവഴിക്കണം? അതിന്റെ റവന്യു മോഡൽ എനിക്ക് അറിയില്ല. അവർ അതിൽ നിന്നും വരുമാനം കണ്ടുകാണും. ഇന്ന് നമ്മുടെ നാട്ടിൽ മാധ്യമ പ്രചാരണത്തിനായി എന്തെല്ലാം പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. മനോരമയ്ക്ക് ഹോർത്തൂസ്, മാതൃഭൂമിക്ക് ക, ദേശാഭിമാനിക്ക് അക്ഷരമുറ്റം എന്നിവയുണ്ട്. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി ഇതിനൊക്കെ അപ്പുറമുള്ള മറ്റൊരു വമ്പൻ പരിപാടി അവതരിപ്പിക്കുന്നു:
മെസ്സിയേയും അർജന്റീന ഫുട്ബോൾ ടീമിനേയും കേരളത്തിൽ കൊണ്ടുവരാൻ പരിപാടിയിടുന്നു. സർക്കാരിൽ നിന്നോ നാട്ടിൽ നിന്നോ പിരിക്കുന്നില്ല. അവരുടെ പണം. അത് വിജയിച്ചില്ല. ഇതിൽ എന്താണ് തട്ടിപ്പ്? ഇതിൽ എന്താണ് കേസ്? ഇതിൽ എന്താണ് സർക്കാരിന്റെ വീഴ്ച്ച?
ഒന്നുമില്ല എന്നാണ് ഉത്തരം.
GST അടച്ചില്ല എന്നതാണ് മറ്റൊരു വാദം. അത് അടച്ചാലോ അല്ലെങ്കിൽ പിഴയടക്കം അടച്ചാലോ തീരുന്ന പ്രശ്നമല്ലേയുള്ളൂ? ഇത്രവലിയ കോളിളക്കം സൃഷ്ടിക്കേണ്ട കാര്യമുണ്ടോ? ഇനി ഏതായാലും ഇതുസംബന്ധിച്ച വിവാദത്തിന് അർത്ഥമില്ല. കാരണം, മെസ്സി വരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ സേവനം ആർസിബി വാങ്ങുന്നുമില്ല. വാങ്ങാത്ത സേവനത്തിനുമേൽ നികുതി അടയ്ക്കേണ്ട പ്രശ്നവുമില്ല. ഇതു സംബന്ധിച്ച് പ്രത്യേകം എഴുതാം.
ഇനി മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിച്ച് നിയമപരമായ നടപടി എടുത്തോളൂ. എന്നാൽ റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല. കേരളത്തിൽ തന്നെ പാരമ്പര്യമുള്ളതും ഇല്ലാത്തതുമായ മറ്റു മീഡിയ സ്ഥാപനങ്ങൾ ഉണ്ടല്ലോ, അതിൽ പലതിന്‍റെയും ഉടമകളുടെ പേരിൽ പലതരം കേസുകളും ഉണ്ടല്ലോ? ആ മാധ്യമങ്ങളുടെയൊക്കെ ഡസ്കുകളിൽ പോലീസ് കടന്നുചെല്ലുമോ? അവിടെയൊക്കെ എന്തുകൊണ്ട് ചെല്ലുന്നില്ല എന്നതും റിപ്പോർട്ടറിൽ എന്തുകൊണ്ട് ചെല്ലുന്നു എന്നതും രാഷ്ട്രീയമാണ്.
മറ്റു ചാനലുകൾ ഇക്കാര്യത്തിലെടുക്കുന്ന നിലപാട് സത്യത്തിൽ കൗതുകകരമാണ്. അടിസ്ഥാനപരമായി തങ്ങളും നടത്തുന്നത് ഒരു വാർത്താ ചാനൽ ആണ് എന്നതൊക്കെ മറന്ന് കഴുത്തറുപ്പൻ ബിസിനസുകാരുടെ കുടിപ്പകയുടെ മാതൃകയാണ് സ്വീകരിക്കുന്നത്. ഇത് ഭാവിയിൽ അവർക്കുതന്നെ പാരയാകുമെന്ന് ഉറപ്പാണ്.
തങ്ങൾക്കെതിരെ ഒരു വാക്കെങ്കിലും പറഞ്ഞവരെ വെറുതെവിടില്ലെന്ന അധികാര ഹുങ്കാണ് കേരള സർക്കാർ കാണിക്കുന്നത്. ഇതുതന്നെയാണ് മോദിയും ചെയ്യുന്നത്.’






