കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ആറാഴ്ചക്കുള്ളിൽ തുക നൽകണം,അതിനുശേഷം എസ്.ഐ.യിൽ നിന്നും 1,60,000 രൂപയും നാലുപോലീസുകാരിൽ നിന്നും 10,000 രൂപ വീതവും നിയമാനുസൃതം തിരിച്ചുപിടിക്കാമെന്നും മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :റോഡരികിൽ ബസ് കാത്തിരുന്ന വിദ്യാർത്ഥിയെ വെഞ്ഞാറമൂട് എസ്.ഐ യും പോലീസുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായുള്ള പരാതിയിൽ രണ്ടുലക്ഷം രൂപ സർക്കാർ വിദ്യാർത്ഥിക്ക് നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. 2023 ഫെബ്രുവരി 22 നാണ് വിദ്യാർത്ഥിക്ക് മർദനമേറ്റത്.
എസ് ഐ. പി ആർ രാഹുൽ,സിപിഒമാരായ അനൂപ്, വൈശാഖ്, സുധീഷ് എസ്, ഗോപകുമാർ എന്നിവരാണ് നഷ്ടപരിഹാരം നൽകേണ്ടത്.ആറാഴ്ചക്കുള്ളിൽ തുക നൽകണം. ഇതിനുശേഷം എസ്.ഐ.യിൽ നിന്നും 1,60,000 രൂപയും നാലുപോലീസുകാരിൽ നിന്നും 10,000 രൂപ വീതവും നിയമാനുസൃതം തിരിച്ചുപിടിക്കാമെന്നും ഉത്തരവിൽ പറഞ്ഞു. ആറാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 8 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മൂന്നുമാസത്തിനകം കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.
20 വയസ്സുള്ള വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി ജില്ലാ പോലീസ് മേധാവിയും സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ടുകൾ വഴി സമ്മതിച്ചിട്ടും എസ്.ഐ. യ്ക്ക് റിക്കാർഡ് വാണിംഗ് എന്ന സാമാന്യം ലഘുവായ ശിക്ഷ മാത്രം ജില്ലാ പോലീസ് മേധാവി നൽകിയതിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആശ്ചര്യം രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് സർക്കാർ പുന:പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. എസ്.ഐ ക്കും വിദ്യാർത്ഥിയെ മർദ്ദിച്ച നാലുപോലീസുകാർക്കുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ ഉചിതമായ അച്ചടക്ക നടപടികൾ സംസ്ഥാന പോലീസ് മേധാവിയും ജില്ലാ പോലീസ് മേധാവിയും നിയമാനുസൃതം സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മർദ്ദനത്തെതുടർന്ന് വിദ്യാർത്ഥിയുടെ ഇടതു കൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരിക്കേറ്റു. ഇടതു ചെവിയിൽ രക്തം ഉണങ്ങി കിടപ്പുണ്ട്. പൊതുജനമധ്യത്തിൽ തന്‍റെ അന്തസിനെ ചോദ്യം ചെയ്ത വിദ്യാർത്ഥിയുടെ പേരിൽ നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് എസ്.ഐ കമ്മീഷനിൽ മൊഴി നൽകി. എന്നാൽ കലുങ്കിൽ ഇരുന്ന സമയം പോലീസുകാരെ കണ്ട് ഓടാത്തതു കൊണ്ടാണ് തന്നെ ജീപ്പിൽ കയറ്റി കൊണ്ടുപോയതെന്ന് പരാതിക്കാരനായ വിദ്യാർത്ഥി പറഞ്ഞു.തന്‍റെ കൈയിൽ വിലങ്ങിട്ടെന്നും വിദ്യാർത്ഥി പറഞ്ഞു.
സ്റ്റേഷനിലെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ച കമ്മീഷനും സർക്കാരും എസ്.ഐ വിദ്യാർത്ഥിയെ ദേഹോപദ്രവം ഏല്പിക്കുന്ന രംഗങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എസ്.ഐ യുടെയും പോലീസുകാരുടെയും ഭാഗത്ത് അച്ചടക്കലംഘനമുണ്ടായതായി കമ്മീഷൻ അന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു. കോരാണി ചെമ്പകമംഗലം സ്വദേശിയാണ് വിദ്യാർത്ഥി.






