മൃഗശാല മാറ്റിയാൽ കൂട്ടിലല്ലാതെ സ്വതന്ത്രമായി പറക്കുന്ന 65-ലധികം ഇനം ജീവികൾ പട്ടത്തും പാളയത്തും തമ്പാനൂരും വെള്ളയമ്പലത്തും ഉള്ള നിങ്ങളുടെ വീട്ടിലേക്ക്…


ജേക്കബ് അലക്സാണ്ടർ
റിട്ട.ജോയിൻ്റ് ഡയറക്ടർ,മൃഗസംരക്ഷണ വകുപ്പ്
ഒരു One Health മുന്നറിയിപ്പ്
മ്യൂസിയം-മൃഗശാല കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ചാൽ എന്ത് സംഭവിക്കും?
പലരും വിചാരിക്കുന്നു മ്യൂസിയം-മൃഗശാല എന്നാൽ കൂടുകളും മ്യൂസിയവും മാത്രമാണെന്ന്. അല്ല. ഇത് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയത്തിലുള്ള 55 ഏക്കർ കാടാണ്.
കൂട്ടിലല്ലാതെ സ്വതന്ത്രമായി പറക്കുന്ന 65-ലധികം ഇനം ജീവികൾ ഇവിടെയുണ്ട് – പഴംതീനി വവ്വാലുകൾ, 65 ഇനം തദ്ദേശ-ദേശാടന പക്ഷികൾ (മൈന, തത്ത, മൂങ്ങ, കൊക്ക്, മീൻകൊത്തി), കുരങ്ങ്, കീരി, മരപ്പട്ടി, ചിത്രശലഭങ്ങൾ, തേനീച്ചകൾ.
ഈ മരങ്ങൾ മുറിച്ചാൽ അവ ഇല്ലാതാകില്ല, അവ നഗരത്തിലേക്ക് ഇറങ്ങും. പട്ടത്തും പാളയത്തും തമ്പാനൂരും വെള്ളയമ്പലത്തും ഉള്ള നിങ്ങളുടെ വീട്ടിലേക്ക്.
1. രോഗം പരത്തുന്ന ജീവികൾ നഗരത്തിലേക്ക് വരും
വവ്വാൽ – നിപ്പയുടെ വാഹകൻ:
മൃഗശാലയിലെ ഉയരമുള്ള മരങ്ങളിലാണ് വവ്വാലുകൾ കൂടുകൂട്ടിയിരിക്കുന്നത്. മരം മുറിച്ചാൽ അവ വീടുകളിലെ മരങ്ങളിലേക്ക് മാറും. അവയുടെ മൂത്രം, ഉമിനീർ, കടിച്ച മാങ്ങ നിങ്ങളുടെ കിണറ്റിലും ടെറസിലും വീഴും. കേരളത്തിൽ 2018, 2021, 2023-ൽ നിപ്പ വന്നത് ഈ കാരണം കൊണ്ടാണ്. 70% മരണനിരക്ക് ഉള്ള രോഗം.
പക്ഷികൾ – പനിയും ഫംഗസ് രോഗങ്ങളും:
തത്ത, മൈന പോലുള്ള പക്ഷികൾ ബാൽക്കണികളിലേക്ക് വരും. അവയുടെ കാഷ്ഠം ഉണങ്ങി പൊടിയായി ശ്വസിക്കുമ്പോൾ കുട്ടികൾക്കും പ്രായമായവർക്കും Psittacosis (ന്യുമോണിയ), Histoplasmosis പോലുള്ള ഫംഗസ് രോഗങ്ങൾ വരും.
2. കൊതുകും എലിയും പെരുകും – Dilution Effect നഷ്ടപ്പെടും.
ഇത് One Health-ലെ പ്രധാന തത്വമാണ്. ജൈവവൈവിധ്യം കൂടുതൽ ഉള്ളിടത്ത് രോഗം കുറവാണ്.
മരങ്ങൾ മുറിക്കുമ്പോൾ കൊതുകിനെ തിന്നുന്ന പക്ഷികളും (മരംകൊത്തി, തീക്കുരുവി) വവ്വാലുകളും ചാകും.
ഫലം?
– കൊതുക് പെരുകും -ഡെങ്കി, ചിക്കുൻഗുനിയ മ്യൂസിയം, പാളയം ഭാഗത്ത് കൂടും.

– കീരിയും മരപ്പട്ടിയും പോകുമ്പോൾ എലികൾ കൂടും – എലിപ്പനി (Leptospirosis) മഴക്കാലത്ത് പെരുകും. കാരണം മരം ഉണ്ടായിരുന്നെങ്കിൽ വെള്ളം പിടിച്ചുനിർത്തുമായിരുന്ന മണ്ണ്, ഇനി കോൺക്രീറ്റ് ആകും, വെള്ളം കെട്ടിനിൽക്കും.
3. ആൻ്റിബയോട്ടിക്കിനെ തോൽപ്പിക്കുന്ന അണുക്കൾ (AMR) കൂടും
നഗരത്തിലെ കാടുകൾ AMR-നെ ഫിൽട്ടർ ചെയ്യും. മരം മുറിച്ച് കോൺക്രീറ്റ് ആക്കുമ്പോൾ മണ്ണിലെ നല്ല ബാക്ടീരിയ ചാകും. ICMR പഠനങ്ങൾ പറയുന്നു, കാട്ടിലെ മണ്ണിനേക്കാൾ 100 മടങ്ങ് കൂടുതൽ അപകടകാരികളായ E.coli, NDM-1 ജീനുകൾ കോൺക്രീറ്റ് നഗരത്തിലെ ഓടയിലുണ്ട്. ഇപ്പോൾ മൃഗശാല ഒരു ഫിൽട്ടറാണ്. നശിപ്പിച്ചാൽ അത് പട്ടം തോട് വഴി ആക്കുളത്തേക്ക് രോഗം ഒഴുക്കുന്ന സ്രോതസ്സാകും.
4. One Health തന്നെ ഇല്ലാതാകും
WHO, FAO, WOAH, UNEP എന്നീ നാല് ലോക സംഘടനകൾ പറയുന്നു: മനുഷ്യൻ്റെ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം, പരിസ്ഥിതിയുടെ ആരോഗ്യം ഇവ മൂന്നും ഒന്നാണ്.
തിരുവനന്തപുരം മൃഗശാലയിൽ 55 ഏക്കറിൽ നിങ്ങൾക്ക് മൂന്നും ഒരുമിച്ച് കാണാം – ഒരു കുട്ടി + ടിബി വരാൻ സാധ്യതയുള്ള കടുവ + സ്വതന്ത്രമായി പറക്കുന്ന കൊക്ക് + വവ്വാൽ + 150 വർഷം പഴക്കമുള്ള മഹാഗണി മരം.
ഇത് ഒരു ജീവനുള്ള One Health ക്ലാസ് മുറിയാണ്. ഒരിക്കൽ മുറിച്ചാൽ 150 വർഷം പഴക്കമുള്ള മരം ഇനി നട്ടുപിടിപ്പിക്കാൻ പറ്റില്ല.
ഇന്ത്യയിൽ ഒരു മൃഗശാലയെ വിലയിരുത്താൻ അധികാരം CZA-ക്കേ ഉള്ളൂ. CZA 2026-ൽ തിരുവനന്തപുരം മൃഗശാലയെ നല്ല മൃഗശാലയായി റേറ്റ് ചെയ്തതാണ്. മൃഗങ്ങൾ കഷ്ടപ്പെടുകയായിരുന്നെങ്കിൽ തൃശൂർ മൃഗശാലയെ പോലെ അടച്ചുപൂട്ടുമായിരുന്നു.

ചോദ്യം ഇതാണ്:
മൃഗശാല ജയിലാണെങ്കിൽ, എന്തിനാണ് നെയ്യാറിൽ അപൂർവ്വ മരങ്ങൾ മുറിച്ച് 1000 കോടി മുടക്കി ഒരു വലിയ ജയിൽ കൂടി ഉണ്ടാക്കുന്നത്? കേരളം ശമ്പളം കൊടുക്കാൻ പോലും കഷ്ടപ്പെടുമ്പോൾ?
ഈ പച്ചത്തുരുത്ത് സംരക്ഷിച്ച്, 2 വർഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതാണ് One Health. ഇത് നശിപ്പിക്കുന്നത് One Health-ന് എതിരാണ്.
ഒരിക്കൽ നശിപ്പിച്ചാൽ, പിന്നെ ആർക്കും തിരികെ പണിയാൻ പറ്റില്ല.






