‘ജയിലർ 2’:മാത്യു എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

മോഹൻലാലിനായി ഒരുക്കിയ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്ന് ലാലിൻ്റെ പേഴ്സണൽ സ്റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമായ ജിഷാദ് ഷംസുദ്ദീൻ
ചെന്നൈ:സൂപ്പർ താരം രജനികാന്ത് നായകനായെത്തിയ ‘ജയിലർ 2’ വിവാദത്തിൽ. ചിത്രത്തിൽ മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിനായി ഒരുക്കിയ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്നാണ് താരത്തിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമായ ജിഷാദ് ഷംസുദ്ദീൻ ആരോപിച്ചിരിക്കുന്നത്. ട്രെയിലറിൽ ഹ്രസ്വമായി പ്രത്യക്ഷപ്പെട്ട ഒരു രംഗവും അന്തിമ പതിപ്പിൽ നിന്ന് നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ജിഷാദ് നിരാശ തുറന്നുപറഞ്ഞത്. ട്രെയിലറിൽ മോഹൻലാലിൻ്റെ ലുക്ക് വെറും രണ്ട് സെക്കൻഡ് മാത്രമാണ് കാണിച്ചിരുന്നതെങ്കിലും താൻ ഒരുക്കിയ വേഷങ്ങളിലും ലുക്കുകളിലും വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ മാത്യുവിനായി തയ്യാറാക്കിയ ലുക്കുകളൊന്നും സ്ക്രീനിൽ കാണാനായില്ലെന്നാണ് ജിഷാദിൻ്റെ പരാതി

മോഹൻലാലിന്റെ ക്ലൈമാക്സ് രംഗങ്ങളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച നടക്കുകയാണ്.ചിത്രത്തിന്റെ ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയമാണ് ആരാധകർക്കിടയിൽ ഉയരുന്നത്. ക്ലൈമാക്സ് രംഗങ്ങളിലെ മോഹൻലാലിന്റെ രൂപത്തിലും ചലനങ്ങളിലും വ്യത്യാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിലർ സംശയം പ്രകടിപ്പിക്കുന്നത്. എന്നാൽ, ഈ ആരോപണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മലയാളി മിമിക്രി താരം ജോബി കൊടകരയാണ് ജയിലർ 2-ൽ മോഹൻലാലിന്റെ ബോഡി ഡബിളായി പ്രവർത്തിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏകദേശം 20 വർഷമായി മോഹൻലാലിന്റെ രൂപസാദൃശ്യമുള്ള വേഷങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്ന ജോബിക്ക് ജയിലർ 2-ൽ ഈ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജോബി കൊടകര ഒരു വീഡിയോ ഇന്റർവ്യൂവിൽ പറയുന്നുണ്ട്. ചിത്രത്തിന്റെ സെറ്റിൽനിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. അതേസമയം, ക്ലൈമാക്സിൽ കാണുന്ന മോഹൻലാൽ യഥാർഥ താരമല്ലെന്നും പകരം ഡ്യൂപ്പാണെന്നും എ.ഐ ആണെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ ഉയരുന്ന സംശയത്തിന് ഇതുവരെ വ്യക്തമായ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.






