കോഫി ഹൗസില്‍ നിന്ന് കോഡ് ഹൗസിലേക്ക്:’കോറോ ഹെല്‍ത്തി’ൽനിന്ന് പിരിച്ചുവിടപ്പെട്ട 800-ലധികം ജീവനക്കാർ സഹകരണ സംഘം രൂപീകരിക്കാനൊരുങ്ങുന്നു

ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജോലി കണ്ടെത്തുക എന്നതിലുപരി, അവര്‍ക്ക് സ്വന്തമായി ഒരു സ്ഥാപനം കെട്ടിപ്പടുക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് ഈ ആശയത്തിന്റെ പ്രത്യേകത
തിരുവനന്തപുരം : ജോലി നഷ്ടപ്പെട്ട ഒരു കൂട്ടം ജീവനക്കാര്‍ ഒരുമിച്ചുനിന്ന് സ്വന്തം സ്ഥാപനം കെട്ടിപ്പടുത്ത കഥയാണ് സഹകരണ ചരിത്രത്തിലെ ഇന്ത്യന്‍ കോഫി ഹൗസ്. ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം, സമാനമായൊരു ആശയം പുതിയ കാലത്തെ ടെക് പ്രൊഫഷണലുകള്‍ക്കിടയില്‍ രൂപപ്പെടുകയാണ്. അന്ന് കോഫി ഹൗസ് ജീവനക്കാര്‍ സ്വന്തം തൊഴില്‍ നിലനിര്‍ത്താന്‍ ഒന്നിച്ചുനിന്നെങ്കില്‍, ഇന്ന് ഹെല്‍ത്ത്കെയര്‍ ഐ.ടി, മെഡിക്കല്‍ കോഡിങ് മേഖലകളിലെ പ്രൊഫഷണലുകള്‍ സ്വന്തം സംരംഭം കെട്ടിപ്പടുക്കാനാണ് ഒരുങ്ങുന്നത്. കോറോ ഹെല്‍ത്തില്‍ നിന്ന് ജോലി നഷ്ടപ്പെട്ട 800-ലധികം പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി ഹെല്‍ത്ത്കെയര്‍ ഐടി ആന്‍ഡ് റവന്യൂ സൈക്ക്ള് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് രൂപീകരിക്കാനുള്ള പദ്ധതിരേഖ സഹകരണ വകുപ്പിന് സമര്‍പ്പിച്ചു. പ്രാഥമിക സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷയും നല്‍കിയിട്ടുണ്ട്. സ്വന്തം കഴിവുകളും പ്രവൃത്തിപരിചയവും ഒരുമിപ്പിച്ച് ജോലികള്‍ ഏറ്റെടുക്കുകയും സ്ഥാപനത്തിൻ്റെ ഉടമകളായി അതിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.
സഹകരണ മേഖലയിലൂടെ പുതിയ സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ആസ്ഥാനമായ യുഎസിസിയുടെ സ്ഥാപകനും സിഇഒയുമായ ജിജി ഫിലിപ്പാണ് ഈ ആശയം കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്കു മുന്നില്‍ വെച്ചത്. ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ സാഹചര്യം മനസ്സിലാക്കിയ അദ്ദേഹം, അവരുടെ തൊഴില്‍പരിചയം തന്നെ പുതിയൊരു ബിസിനസ് സംരംഭത്തിന്റെ അടിത്തറയാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്ത് പദ്ധതിയോട് താല്‍പ്പര്യം പ്രകടിപ്പിച്ചു. വിഷ്ണു ടി പി ചീഫ് പ്രൊമോട്ടറായി 26 പേരാണ് സ്ഥാപക അംഗങ്ങളാകാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. മെഡിക്കല്‍ കോഡിങ്, ഹെല്‍ത്ത്കെയര്‍ ഐ.ടി., ബില്ലിങ്, റവന്യൂ സൈക്കിള്‍ മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലെയും വിദേശത്തെയും ക്ലയന്റുകളില്‍ നിന്ന് ജോലികള്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതിനായി ഒരു അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെ വിപണനവും ക്ലയന്റുകളെ കണ്ടെത്തലും സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജോലി കണ്ടെത്തുക എന്നതിലുപരി, അവര്‍ക്ക് സ്വന്തമായി ഒരു സ്ഥാപനം കെട്ടിപ്പടുക്കാനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് ഈ ആശയത്തിന്റെ പ്രത്യേകത. ഈ മാതൃക വിജയിച്ചാല്‍, മറ്റ് മേഖലകളിലെ പ്രൊഫഷണലുകള്‍ക്കും യുവാക്കള്‍ക്കും ഒരുമിച്ച് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പ്രചോദനമാകാം.
സഹകരണ മന്ത്രി എം. ലിജുവിൻ്റെ പിന്തുണ തേടി
പദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനായി സഹകരണ മന്ത്രി എം. ലിജുവിൻ്റെ പിന്തുണ സംഘാടകര്‍ തേടിയിട്ടുണ്ട്. മന്ത്രിയെ പദ്ധതിയെക്കുറിച്ച് ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുകൂലമായി പ്രതികരിച്ചുവെന്നും സംഘാടകര്‍ അറിയിച്ചു.
കോഫി ഹൗസ് നല്കിയ പാഠം, പുതിയ തലമുറയ്ക്ക് പുതിയ സാധ്യത
1950-കളില്‍ കോഫി ബോര്‍ഡ് കോഫി ഹൗസുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ ജീവനക്കാര്‍ സഹകരണ മാതൃകയില്‍ അവ ഏറ്റെടുത്തു. 1958-ല്‍ തലശ്ശേരിയില്‍ കേരളത്തിലെ ആദ്യ ഇന്ത്യന്‍ കോഫി ഹൗസ് തുറന്നു. തൊഴിലാളികളുടെ കൂട്ടായ്മയില്‍ ആരംഭിച്ച ആ സംരംഭം പിന്നീട് കേരളത്തിന്റെ സുപരിചിതമായ സ്ഥാപനങ്ങളിലൊന്നായി വളര്‍ന്നു.
ഇപ്പോള്‍ മുന്നിലുള്ള വെല്ലുവിളി വ്യത്യസ്തമാണ്. കോഫി ഹൗസിന് പകരം ഇവിടെ സാങ്കേതികവിദ്യയും പ്രൊഫഷണല്‍ സേവനങ്ങളുമാണ് അടിസ്ഥാനം. എന്നാല്‍ അടിസ്ഥാന ആശയം ഒന്നുതന്നെ: സ്വന്തം കഴിവുകള്‍ ഒരുമിപ്പിച്ച് സ്വന്തം ഭാവി കെട്ടിപ്പടുക്കുക.
‘സഹകരണ സംഘങ്ങളിലൂടെ യുവാക്കളെ സംരംഭകരാക്കുകയും പുതിയ തലമുറയെ സഹകരണ മേഖലയിലേക്ക് കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യം. പുതിയ ആശയങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. ഈ സംരംഭം അതിനൊരു മാതൃകയാകുമെന്നാണ് പ്രതീക്ഷ’- ജിജി ഫിലിപ്പ് പറഞ്ഞു.
യുഎസിസിയുടെ ലക്ഷ്യം ഇത്തരം സംരംഭങ്ങള്‍ ഒരു മേഖലയില്‍ മാത്രം ഒതുക്കാതെ 40-ലധികം മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും കൂടുതല്‍ സഹകരണ സംഘങ്ങളിലൂടെ ആളുകളെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുകയുമാണെന്നും അദ്ദേഹം അറിയിച്ചു.
ഹെല്‍ത്ത്കെയര്‍ ഐ.ടി., മെഡിക്കല്‍ കോഡിങ്, ബില്ലിങ്, സാങ്കേതിക പിന്തുണ, ബാക്ക് ഓഫീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പദ്ധതിയില്‍ ചേരാന്‍ താല്‍പ്പര്യമുള്ള പുതുബിരുദധാരികള്ക്കും സംഘാടകരുമായി ബന്ധപ്പെടാം.കൂടുതല്‍ വിവരങ്ങള്‍ക്ക്: യുഎസിസി സ്ഥാപകന്‍, സിഇഒ ജിജി ഫിലിപ്പ് +91 755 992 3388; ചീഫ് പ്രൊമോട്ടര്‍ വിഷ്ണു ടി പി +91 93801 42968
ഫോട്ടോ – കോറോ ഹെല്‍ത്തിലെ മുന്‍ജീവനക്കാര്‍ ചേര്‍ന്ന് സഹകരണ മേഖലയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഐടി സംരംഭത്തിൻ്റെ പദ്ധതിരേഖ തിരുവനന്തപുരത്ത് മുഖ്യപ്രൊമോട്ടര്‍ വിഷ്ണു ടി പി, കണ്‍സള്‍ട്ടൻ്റ് യുഎസിസി സ്ഥാപകനും സിഇഒയുമായ ജിജി ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് സഹകരണമന്ത്രി എം എം ലിജുവിന് സമര്‍പ്പിക്കുന്നു. മറ്റ് പ്രമോട്ടര്‍മാരായ ലുദിയ ഫെര്‍ണാണ്ടസ്, കൃഷ്ണ ആര് എസ്, ഫൗസിയ ഷംസുദ്ദീന്, ജിഷ്ണ പി ആര് ഹലീമ ഷാജഹാന്, അരവിന്ദ് എം എസ് എന്നിവര്‍ സമീപം.





