പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ

അബ്കാരി നിയമപ്രകാരം 631 കേസുകളും,കോട്പ നിയമപ്രകാരം 382 കേസുകളും,എൻഡിപിഎസ് നിയമപ്രകാരം 177 കേസുകളും രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ 29 വൈകുന്നേരം 4 മണി മുതൽ ഒക്ടോബർ 30 രാവിലെ 8 മണി വരെയാണ് പരിശോധനകൾ നടന്നത്.ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ്റെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലെയും സ്പെഷ്യൽ യൂണിറ്റുകളിലെയും പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.
മദ്യപിച്ചുള്ള വാഹനമോടിക്കൽ, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, ലഹരിമരുന്ന്-അബ്കാരി കേസുകൾ എന്നിവ കണ്ടെത്തുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.അബ്കാരി നിയമപ്രകാരം 631 കേസുകളും,കോട്പ നിയമപ്രകാരം 382 കേസുകളും,എൻഡിപിഎസ് നിയമപ്രകാരം 177 കേസുകളും രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചതിന് 124 കേസുകളും ഗെയിമിംഗ് ആക്ട് പ്രകാരം 30 കേസുകളും സ്പെഷ്യൽ ലോക്കൽ ലോ പ്രകാരം 523 കേസുകളും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ 796 പരിശോധനകൾ നടത്തുകയും, 469 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള വാറന്റുകളും 87 ലോംഗ് പെൻഡിംഗ് വാറന്റുകളും നടപ്പിലാക്കുകയും ചെയ്തു. യു.ഐ കേസുമായി ബന്ധപ്പെട്ട് 51 പേരെ അറസ്റ്റ് ചെയ്തു. കാപ നിയമപ്രകാരം 67 പരിശോധനകൾ നടത്തുകയും അതിൽ ഒരു നിയമലംഘനം കണ്ടെത്തുകയും ചെയ്തു.






