നാഷണൽ എംപ്ലോയ്മെന്റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഭരണഭാഷാ ഗ്രന്ഥരചനാപുരസ്കാരം വിഭാഗത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി സൺദേവ് എൻ-ന് ഒന്നാം സ്ഥാനം, തിരുവനന്തപുരം ആൾസെയിന്റ്സ് കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി ഉദയകലയ്ക്ക് രണ്ടാം സ്ഥാനം
തിരുവനന്തപുരം :ഭരണത്തിന്റെ വിവിധ തലങ്ങളിൽ മലയാള ഭാഷയുടെ ഉപയോഗം സാർവത്രികമാക്കുന്ന നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് മികച്ചരീതിയിൽ ഭരണഭാഷാമാറ്റപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച വകുപ്പിനും ജില്ലയ്ക്കും ഭരണഭാഷാപുരസ്കാരവും ഉദ്യോഗസ്ഥർക്ക് ഭരണഭാഷാസേവനപുരസ്കാരവും പ്രഖ്യാപിച്ചു.
നാഷണൽ എംപ്ലോയ്മെന്റ് സർവീസസ് മികച്ച വകുപ്പായി തിരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. തൃശൂരാണ് മികച്ച ജില്ല. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.ഭരണഭാഷാ ഗ്രന്ഥരചനാപുരസ്കാരം വിഭാഗത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി സൺദേവ് എൻ ഒന്നാം സ്ഥാനവും തിരുവനന്തപുരം ആൾസെയിന്റ്സ് കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി ഉദയകല രണ്ടാം സ്ഥാനവും നേടി.
ഭരണഭാഷാസേവന പുരസ്കാരം ഗ്രൂപ്പ് എ വിഭാഗത്തിൽ നിയമവകുപ്പ്, അണ്ടർ സെക്രട്ടറി (ഹയർ ഗ്രേഡ്) കിരൺ ശങ്കർ ഒന്നാം സ്ഥാനവും കാക്കനാട്, സിവിൽ സ്റ്റേഷൻ, റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ സുരേഷ് കുമാർ ഡി രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പ് ബി വിഭാഗത്തിൽ കണ്ണൂർ മുഴക്കുന്ന് ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ (ഹയർ ഗ്രേഡ്) ഡോ. സുധീർ ഇളമ്പിലാൻ ഒന്നാം സ്ഥാനവും നെടുമങ്ങാട് ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സോഫി ആർ. ദാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ്പ് സി വിഭാഗത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ജൂനിയർ സൂപ്രണ്ട് പ്രസീത ഇ എസ് ഒന്നാം സ്ഥാനവും മഹാത്മാഗാന്ധി സർവകലാശാലയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ഇന്ദു സി വി രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പ് സി (ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ്/സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്) വിഭാഗത്തിൽ കോട്ടയം കളക്ടറേറ്റിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് അർച്ചനാദേവി എൽ ഒന്നാം സ്ഥാനവും ജലസേചന വകുപ്പ് മാവേലിക്കര പി.ഡബ്ല്യു.ഡി. മെക്കാനിക്കൽ സബ് ഡിവിഷനിലെ സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് ബസീന ബി കെ രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും ഫലകവും സത്സേവനരേഖയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും ഫലകവും സത്സേവനരേഖയുമാണ് പുരസ്കാരമായി ലഭിക്കുന്നത്.






