സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

‘റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നതും സർട്ടിഫിക്കേഷൻ നടപടികളെ സ്വാധീനിക്കില്ല’
തിരുവനന്തപുരം:സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ . സിനിമയുടെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാരണത്താൽ സർട്ടിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കില്ലെന്നും അപൂർണമായ സിനിമകൾ പരിശോധനയ്ക്കായി സ്വീകരിക്കില്ലെന്നും ബോർഡ് വ്യക്തമാക്കി. ഒക്ടോബർ 26-ന് പുറത്തിറക്കിയ പുതിയ നിർദേശങ്ങളാണ് പുറത്തുവന്നത്.
സിനിമയുടെ പൂർണരൂപം മാത്രമേ സർട്ടിഫിക്കേഷനായി സമർപ്പിക്കാവൂ എന്നാണ് പ്രധാന നിർദേശം. ഫൈനൽ ഗ്രാഫിക്സ്, പശ്ചാത്തല സംഗീതം, സൗണ്ട് മിക്സിങ്, സബ്ടൈറ്റിലുകൾ, ആവശ്യമായ ആക്സസിബിലിറ്റി സംവിധാനങ്ങൾ എന്നിവയെല്ലാം പൂർത്തിയാക്കിയിരിക്കണം. താൽക്കാലിക ഗ്രാഫിക്സുകളോ അപൂർണമായ പ്രിന്റുകളോ സമർപ്പിക്കുന്ന അപേക്ഷകൾ ചട്ടങ്ങൾ പാലിക്കാത്തവയായി കണക്കാക്കും. ഇത്തരം അപേക്ഷകൾ വൈകുകയോ തിരിച്ചയക്കുകയോ നിരസിക്കുകയോ ചെയ്യാം.സിനിമയുടെ പേരിനും അന്തിമ അംഗീകാരം ലഭിച്ചുവെന്ന് കരുതാനാകില്ല. പ്രമോഷനുകളിൽ ഉപയോഗിക്കുന്നതോ സർട്ടിഫിക്കേഷനായി സമർപ്പിക്കുന്നതോ ആയ പേര് പരിശോധിച്ച് മാറ്റം വരുത്താൻ എക്സാമിനിങ്, റിവൈസിങ് കമ്മിറ്റികൾക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നതും സർട്ടിഫിക്കേഷൻ നടപടികളെ സ്വാധീനിക്കില്ല. നിയമപ്രകാരമുള്ള നടപടിക്രമങ്ങളും സമയക്രമവും പാലിച്ചായിരിക്കും സർട്ടിഫിക്കേഷൻ. അതിനാൽ റിലീസ് തീയതിക്ക് അനുസരിച്ച് നടപടികൾ വേഗത്തിലാക്കണമെന്ന് ബോർഡിനോട് ആവശ്യപ്പെടാനാകില്ല. സിനിമയുടെ റിലീസിന് ആവശ്യമായ സമയത്തിന് മുമ്പുതന്നെ സർട്ടിഫിക്കേഷനായി അപേക്ഷ സമർപ്പിക്കണമെന്നും നിർദേശമുണ്ട്.വിജയ് ചിത്രം ‘ജനനായകൻ’ ഉൾപ്പെടെയുള്ള സിനിമകൾ സർട്ടിഫിക്കേഷൻ നടപടികളുമായി ബന്ധപ്പെട്ട് നേരിട്ട പ്രതിസന്ധികൾക്കിടയിലാണ് പുതിയ നിർദേശങ്ങൾ . 2017ന് ശേഷം ആദ്യമായി പുനഃസംഘടിപ്പിച്ച 18 അംഗ ബോർഡ് നിലവിൽ വന്നതിന് പിന്നാലെയാണ് പുതിയ മാർഗനിർദേശങ്ങൾ.






