ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

സര്‍ക്കാര്‍ ആറ്മാസം പിന്നിടുന്ന ദിവസം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ മന്ത്രിസഭായോഗത്തിലെ എതിര്‍പ്പ് മുഖ്യമന്ത്രിക്ക് തിരിച്ചടി
തിരുവനന്തപുരം:ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നീക്കത്തെ മന്ത്രിമാർ കൂട്ടത്തോടെ ചോദ്യം ചെയ്തതോടെ യോഗത്തിൽ അസാധാരണ പ്രതിസന്ധിയുണ്ടായി. പിഎസ്സി അംഗങ്ങളുടെ പട്ടിക അടക്കം ഉന്നയിച്ച് വിമർശനത്തിന് തുടക്കമിട്ടത് എ.പി.അനിൽകുമാറാണ്. പിന്നാലെ വകുപ്പിൽ നടക്കുന്നതൊന്നും അറിയുന്നില്ലെന്ന് വ്യക്തമാക്കി സണ്ണി ജോസഫും രംഗത്തെത്തി.
മന്ത്രിസഭാ യോഗത്തിൽ വി.ഡി.സതീശനെ പ്രതിരോധിച്ചത് കെ.മുരളീധരൻ മാത്രമാണ്. അതേസമയം, മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രിയും സമ്മതിച്ചു.
പുതിയ പിഎസ്സി അംഗങ്ങളുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി മന്ത്രിസഭയില്‍ വെച്ചപ്പോള്‍ എവിടെ ചര്‍ച്ച നടത്തിയെന്ന ചോദ്യവുമായി അനില്‍കുമാര്‍ രംഗത്ത് വന്നു. ഗുരുവായൂര്‍ ദേവസ്വം അംഗങ്ങളുടെ കാര്യത്തിലും എതിര്‍പ്പ് ഉയര്‍ന്നു. തനിക്കും പരാതി ഉണ്ടെന്ന് സണ്ണി ജോസഫും അറിയിച്ചു. ഘടക കക്ഷി മന്ത്രിയായ ഷിബു ബേബി ജോണും അഭിപ്രായം തുറന്ന് പറഞ്ഞു. തുടക്കം മുതല്‍ വി ഡി സതീശനെ പിന്തുണക്കുന്ന കെ മുരളീധരന് മാത്രമാണ് സതീശന് പ്രതിരോധം തീര്‍ത്തത്.ഇതേതുടർന്ന് വിശദമായ ചർച്ചയ്ക്കൊടുവിൽ പിഎസ്സി അംഗങ്ങളുടേയും ഗുരുവായൂര്‍ ഭരണസമിതിയുടേയും നിര്‍ദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്കി. നിര്‍ണായക തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
സര്‍ക്കാര്‍ ആറ്മാസം പിന്നിടുന്ന ദിവസം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ മന്ത്രിസഭായോഗത്തിലെ എതിര്‍പ്പ് മുഖ്യമന്ത്രിക്ക് തിരിച്ചടിയാണ് എന്നാണ് വിലയിരുത്തല്‍. കെപിസിസി അധ്യക്ഷന്‍, മുന്‍ അധ്യക്ഷന്‍ ഒക്കെ മന്ത്രി സഭയില്‍ ഉണ്ട് എന്നാണ് മുഖ്യമന്ത്രി പ്രതിരോധത്തിനായി നേരത്തെ പറഞ്ഞിരുന്നത്. പാര്‍ട്ടിയില്‍ കൂടി ആലോചന ഇല്ല എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി ഇത്തരത്തില്‍ മറുപടി നല്‍കിയത്. മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉണ്ട്. അവരോട് കൂടിയാലോചന നടത്താറുണ്ട് എന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. എന്നാല്‍ അവര്‍ തന്നെയാണ് മന്ത്രസഭ യോഗത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നടന്നത് ചർച്ച, എല്ലാ കാര്യത്തിലും ഏകാഭിപ്രായത്തിൽ തീരുമാനമുണ്ടായി. ഇതാണ് ജനാധിപത്യമെന്നും ഇത് പിണറായി വിജയന്റെ ക്യാബിനറ്റ് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോക്കറ്റിൽ നിന്ന് എടുത്ത കടലാസ് അംഗീകരിക്കുന്ന രീതിയല്ല യുഡിഎഫിന്. മന്ത്രിസഭാ യോഗത്തിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവസരമുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ഏറ്റവും ചെറുപ്പക്കാരനായ ജനീഷ് പോലും തൻ്റെ മുഖത്ത് നോക്കി അഭിപ്രായം പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗത്തിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി. എന്നാൽ എല്ലാ കാര്യത്തിലും ഏകാഭിപ്രായത്തിൽ തീരുമാനമുണ്ടായി. ടീം യുഡിഫ് ടീം യുഡിഫ് തന്നെ ആണ്. യുഡിഫ് മന്ത്രിസഭയിൽ എടുക്കുന്ന എല്ലാ തീരുമാനവും ഒറ്റകെട്ടായാണ്. തീരുമാനമെടുക്കാൻ പറ്റിയില്ലെങ്കിൽ മാറ്റിവെക്കും. മന്ത്രിസഭയിൽ തർക്കമുണ്ടായി എന്ന് അഭിമാനത്തോടെ പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ ക്യാബിനറ്റ് എത്ര തവണ ചേർന്നു. ഒളിച്ചു പിഎം ശ്രീ ഒപ്പിട്ട് വന്നു ഇരുന്ന ക്യാബിനറ്റാണ് പിണറായി വിജയന്റേതെന്ന് അദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് സ്തുതിപാടക സംഘമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിഎസ്സി അംഗങ്ങളുടെ പട്ടികയിൽ തർക്കമുണ്ടായോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി മറുപടി നൽകിയില്ല. വന്ന പേരുകൾ എല്ലാം ശരിയാണ്. പലരും പല രീതിയിലാണ് അഭിപ്രായം പറയുക. ചിലർ പറയുന്നത് തർക്കമായി തോന്നാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സി അംഗങ്ങളെ പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ നൽകിയ നീക്കം തെറ്റാണെന്നും പക്ഷേ അതിൻ്റെ മറവിൽ വൃത്തിക്കേടുകൾ മറച്ചുവെക്കാം എന്ന് പ്രതിപക്ഷം കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.






