കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു

ബോർഡ് നിയമനങ്ങളിലും പി.എസ്.സിയിലും ദേവസ്വത്തിലും പരിഗണന കിട്ടാത്തതിൽ പഴയ എ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും വലിയ പരാതി
തിരുവനന്തപുരം:കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന ശക്തമായ നിലപാടുമായി കോൺഗ്രസിലെ ഗ്രൂപ്പുകൾ. കോൺഗ്രസ്സിൽ ഇനി കൂടിയാലോചന ഇല്ലാതെ തീരുമാനങ്ങൾ എടുക്കാൻ പറ്റില്ല എന്ന നിലപാട് കടുപ്പിക്കുകയാണ് വിവിധ ഗ്രൂപ്പുകൾ. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാൻ കെസി വേണുഗോപാൽ പക്ഷം തീരുമാനിച്ചുകഴിഞ്ഞു. ബോർഡ് നിയമനങ്ങളിലും പി.എസ്.സിയിലും ദേവസ്വത്തിലും പരിഗണന കിട്ടാത്തതിൽ പഴയ എ ഗ്രൂപ്പിനും രമേശ് ചെന്നിത്തലയ്ക്കും വലിയ പരാതിയുണ്ട്.
തർക്കത്തിനൊടുവിൽ കെസി വേണുഗോപാൽ പക്ഷം അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നുണ്ട്.ഇതിൽ ഉമ്മൻ ചാണ്ടിക്കൊപ്പം നിലയുറിപ്പച്ച വിഭാഗത്തിന് വലിയ അമർഷമുണ്ടെങ്കിലും തങ്ങളോടൊപ്പമുള്ള പലരും ഇപ്പോൾ എവിടെയാണെന്ന് പഴയ എ ഗ്രൂപ്പ് നേതാക്കൾക്ക് നിശ്ചയമില്ലാത്ത സ്ഥിയാണ്. ബോർഡ് കോർപ്പറേഷൻ ചർച്ചയിൽ പ്രാധിനിത്യമില്ല, കൂടാതെ പിഎസ്‍സി, ദേവസ്വം ബോർഡിലും പരിഗണനയില്ല എന്നതിൽ ഇവരും കടുത്ത അതൃപ്തിയിലാണ്.
ഘടക കക്ഷികളും മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളിലും അതൃപ്തിയിലാണ്.മുസ്ലിംലീഗ് അവരുടെ ആവശ്യങ്ങൾ കൃത്യമായി നേടിയെടുക്കുന്നതിനാൽ അവർക്ക് വലിയ പരാതിയില്ല.മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി സതീശൻ എത്താൻ കാരണം ലീഗ് ആയതിനാലാണ് അദ്ദേഹം ലീഗിൻ്റെ ആവശ്യങ്ങളോട് പച്ചക്കൊടി കാട്ടുന്നതെന്ന വികാരം കോൺഗ്രസിൽ ശക്തമാണ്.കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ നേതൃത്വപരമായ പങ്കുവഹിച്ചിട്ടും അദ്ദേഹത്തിന് കാബിനറ്റ് പദവി അനുവദിക്കാത്തതിൽ അവരുടെ അമർഷം വലുതാണ്.അതിനു പുറമേയാണ് പാർട്ടിക്ക് അനുവദിച്ച പദവികളിലൊന്നും ലഭിക്കാത്ത തോമസ് ഉണ്ണിയാടനെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുന്നുവെന്ന ആക്ഷേപം.ലീഗ് നേതാവ് ഡോ എം കെ മുനീറിന് അനുവദിച്ച കാബിനറ്റ് പദവി യുഡിഎഫിൻ്റെ സ്ഥാപകനേതാവ് പി.ജെ ജോസഫിന് നൽകാത്തതിലുള്ള അമർഷം അണികളിൽ അണപൊട്ടുകയാണ്.ആർ എസ് പിയും ആറുമാസം തികഞ്ഞ അന്നു നടന്ന കാബിനറ്റിൽ തങ്ങളുടെ അമർഷം രേഖപ്പെടുത്തി.
കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ ശക്തമായി ഇടപെടാൻ ആണ് സണ്ണി ജോസഫും ഒരുങ്ങുന്നത്. കെപിസിസി അധ്യക്ഷൻ ദുർബലനാണെന്ന് വിമർശനം ഉയരുന്നതിനിടെ ഞാൻ അധ്യക്ഷനാണെങ്കിൽ എല്ലാം താൻ അറിയണം എന്ന് സണ്ണി ജോസഫ് മന്ത്രിസഭാ യോഗത്തിൽ തറപ്പിച്ച് പറഞ്ഞത്.മുഖ്യമന്ത്രിക്ക് ഇനി കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്ന മുന്നറിയിപ്പുകൂടിയാണിത്.
മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനങ്ങളെടുത്ത് അത് അടിച്ചേൽപ്പിക്കുന്നുവെന്ന് മന്ത്രി സഭാ യോഗത്തിൽ ഉയർന്ന വിമർശനം ശക്തമായ സന്ദേശമാണെന്ന് വിഡി സതീശൻ വിരുദ്ധ ചേരികൾ പറയുന്നു. എഴുതി തന്നാൽ ഇനി ഒപ്പിടില്ലെന്നും പല കാര്യങ്ങളിലും ചർച്ച അനിവാര്യമാണെന്നും വിഡി വിരുദ്ധ വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ചർച്ചയില്ലാതെ ഒരു തീരുമാനവും അനുവദിക്കില്ലെന്നാണ് ഉറച്ച തീരുമാനം






