‘അക്വാൻ’ ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

അടുത്ത ചുഴലിക്കാറ്റിൻ്റെ പേര് ‘കാനി’,പേരിട്ടത് മാലിദ്വീപ്
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ ചുഴലിക്കാറ്റിന് ആ പേര് നിർദ്ദേശിച്ചത് ഇറാൻ . പേർഷ്യൻ പുരാണങ്ങളിലെയും സാഹിത്യത്തിലെയും ഒരു ഇതിഹാസ കഥാപാത്രത്തിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം.
പേർഷ്യൻ കവി ഫിർദൗസി രചിച്ച ‘ഷാ നാമെ’എന്ന ഇതിഹാസ കാവ്യത്തിലെ ‘അക്വാൻ ദിവ്’ എന്ന രാക്ഷസ കഥാപാത്രത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. കാട്ടുകഴുതയുടെ രൂപം ധരിച്ച് ഇതിഹാസ നായകനായ റുസ്തമിനോട് ഏറ്റുമുട്ടുന്ന, കൊടുങ്കാറ്റായി മാറാൻ കഴിവുള്ള തന്ത്രശാലിയായ ഒരു ദുഷ്ടശക്തിയായാണ് അക്വാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.പുരാതന സൊരാഷ്ട്രിയൻ ഗ്രന്ഥങ്ങളിൽ കാണുന്ന ‘അക മന’ എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് അക്വാൻ എന്ന വാക്ക് ഉണ്ടായത്. ഇതിന് ‘ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’ എന്നാണ് അർത്ഥം.
വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ (ബംഗാൾ ഉൾക്കടലും അറബിക്കടലും) രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ലോക കാലാവസ്ഥാ സംഘടനയുടെ കീഴിലുള്ള 13 അംഗരാജ്യങ്ങൾ ചേർന്നാണ്.ബംഗ്ലാദേശ്, ഇന്ത്യ, ഇറാൻ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്ലൻഡ്, യു.എ.ഇ, യെമൻ എന്നിവയാണ് ഈ പാനലിലെ 13 രാജ്യങ്ങൾ. ഈ രാജ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കി നൽകിയ 169 പേരുകളുടെ പട്ടികയിൽ നിന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ക്രമപ്രകാരം ചുഴലിക്കാറ്റുകൾക്ക് പേര് നൽകും. ആ പട്ടികയിൽ ഇറാൻ നൽകിയ പേരാണ് ‘അക്വാൻ’.
ഒരു ചുഴലിക്കാറ്റിന് പേര് നൽകണമെങ്കിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ കുറഞ്ഞത് 62 കിലോമീറ്റർ (34 നോട്സ്) എങ്കിലും എത്തണം. നിർദ്ദേശിക്കുന്ന പേരുകൾ പരമാവധി 8 അക്ഷരങ്ങളിൽ കൂടാൻ പാടില്ല, ഒരിക്കൽ ഉപയോഗിച്ച പേര് പിന്നീട് ആവർത്തിക്കില്ല, കൂടാതെ രാഷ്ട്രീയമോ മതപരമോ ആയ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത്.
രാജ്യങ്ങളുടെ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് പേരുകൾ തിരഞ്ഞെടുക്കുന്നത്. ഓരോ രാജ്യവും നൽകിയ 13 പേരുകൾ വീതമുള്ള 169 പേരുകളുടെ പട്ടികയിൽ നിന്നാണ് ന്യൂഡൽഹിയിലെ റീജിയണൽ സ്പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കൽ സെന്റർ പേരുകൾ നൽകുന്നത്.
അടുത്ത ചുഴലിക്കാറ്റിൻ്റെ പേര് കാനി.പേരിട്ടത് മാലിദ്വീപ്.അതിനുശേഷം വരുന്ന ചുഴലിക്കാറ്റുകളും പേരിട്ട രാജ്യങ്ങളും ചുവടെ:
ഗമാൻ ( മ്യാൻമർ),സെയിൽ (ഒമാൻ),സഹാബ് (പാകിസ്ഥാൻ),ലുലു (ഖത്തർ).






