ക്രാഫ്റ്റ്സ് വില്ലേജ് കലാകാരന്മാര്ക്ക് ദേശീയതലത്തില് അഭിമാനനേട്ടം;രണ്ട് ശില്പഗുരു പുരസ്കാരങ്ങള്

കേരളത്തില് നിന്ന് നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി ആശ
തിരുവനന്തപുരം: പരമ്പരാഗത കരകൗശല മേഖലയിലെ മികവിനും സര്ഗാത്മകതയ്ക്കുമുള്ള ദേശീയ അംഗീകാരമായി 2025-ലെ ശില്പഗുരു, ദേശീയ അവാര്ഡുകള് പ്രഖ്യാപിച്ചപ്പോള് കേരള ആര്ട്സ് ആന്ഡ് ക്രാഫ്റ്റ്സ് വില്ലേജിലെ കലാകാരന്മാര്ക്ക് അഭിമാനനേട്ടം. കേന്ദ്ര ടെക്സ്റ്റൈല് മന്ത്രാലയത്തിന് കീഴിലുള്ള ഹാന്ഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കമ്മീഷണര് ആണ് ഈ പുരസ്കാരം നല്കുന്നത്.
നാളികേരച്ചകിരി ഉപയോഗിച്ചുള്ള ശില്പനിര്മാണത്തില് തിരുവനന്തപുരം കോവളം സ്വദേശിയായ എ. പ്രതാപ് ശില്പഗുരു പുരസ്കാരവും (മൂന്ന് ലക്ഷം രൂപയും 20 ഗ്രാം സ്വര്ണവും അടങ്ങുന്നതാണ് ശില്പഗുരു പുരസ്കാരം) പേപ്പര് ക്വില്ലിങ് വിഭാഗത്തില് തിരുവനന്തപുരം കോവളം സ്വദേശിയായ ആശ ജി. കൃഷ്ണ ദേശീയ പുരസ്കാരവും (രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം) കരസ്ഥമാക്കി. കേരളത്തിന്റെ പരമ്പരാഗത കരകൗശല പൈതൃകത്തിന് ദേശീയതലത്തില് കൂടുതല് ശ്രദ്ധ നേടിക്കൊടുക്കുന്നതാണ് ഈ നേട്ടം.

പേപ്പര് ക്വില്ലിങ് വിഭാഗത്തില് ദേശീയ അവാര്ഡ് നേടിയ ആശ ജി. കൃഷ്ണ അവാർഡിനർഹമായ കലാസൃഷ്ടിയ്ക്കൊപ്പം
പേപ്പര് ക്വില്ലിങ് വിഭാഗത്തില് ദേശീയ അവാര്ഡ് നേടിയ ആശ ജി. കൃഷ്ണ കേരളത്തില് നിന്ന് ഈ വിഭാഗത്തില് പുരസ്കാരം നേടുന്ന ആദ്യ വനിതയെന്ന നേട്ടവും സ്വന്തമാക്കി. പേപ്പര് ക്വില്ലിങ് വിദ്യ ഉപയോഗിച്ച് നിര്മിച്ച കഥകളി രൂപത്തിനാണ് ആശയ്ക്ക് പുരസ്കാരം ലഭിച്ചത്. ഏകദേശം എട്ടര അടി ഉയരവും 6 അടി വീതിയുമുള്ള ഈ കലാസൃഷ്ടി പൂര്ത്തിയാക്കാന് രണ്ടര വര്ഷമെടുത്തുവെന്ന് ആശ പറഞ്ഞു. കടലാസിന്റെ നേര്ത്ത ചുരുളുകളെ സൂക്ഷ്മതയോടെയും ക്ഷമയോടെയും ക്രമീകരിച്ച് കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെ ആവിഷ്കരിച്ച സൃഷ്ടി ആശയുടെ കലാസമര്പ്പണത്തിന്റെയും വൈദഗ്ധ്യത്തിന്റെയും തെളിവാണ്. പേപ്പര് ക്വില്ലിങ് പോലുള്ള കലാരീതികളിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പുതിയ ആവിഷ്കാരങ്ങളിലൂടെ അവതരിപ്പിക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ നേട്ടം.

നാളികേരച്ചകിരി ഉപയോഗിച്ച് അഞ്ചടി നീളത്തിലും മൂന്നടി ഉയരത്തിലുമായി രൂപകല്പ്പന ചെയ്ത ഡ്രാഗണ് ശില്പത്തിനൊപ്പം എ. പ്രതാപ്
നാളികേരച്ചകിരി ഉപയോഗിച്ച് അഞ്ചടി നീളത്തിലും മൂന്നടി ഉയരത്തിലുമായി രൂപകല്പ്പന ചെയ്ത ഡ്രാഗണ് ശില്പത്തിനാണ് എ. പ്രതാപിന് ശില്പഗുരു പുരസ്കാരം ലഭിച്ചത്. പ്രകൃതിദത്തമായ ചകിരിയെ സൂക്ഷ്മമായ കലാവൈദഗ്ധ്യത്തിലൂടെ മനോഹരമായ ശില്പമാക്കി മാറ്റിയ സൃഷ്ടി പൂര്ത്തിയാക്കാന് രണ്ടര മാസമെടുത്തു. നാളികേരച്ചകിരി പോലുള്ള പ്രകൃതിദത്ത വസ്തുക്കളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി പരമ്പരാഗത കരകൗശലവിദ്യയെ കലാപരമായ മികവിലേക്ക് ഉയര്ത്തുന്നതാണ് പ്രതാപിന്റെ സൃഷ്ടി.
1994-ലും 2012-ലും ദേശീയ അവാര്ഡ് നേടിയിട്ടുള്ള പ്രതാപിന് ഇത് പുരസ്കാരങ്ങളുടെ തുടര്ച്ചയാണ്. രാഷ്ട്രപതിയില് നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നുവെന്നത് ഏറെ അഭിമാനത്തോടെ കാത്തിരിക്കുന്ന മുഹൂര്ത്തമാണെന്ന് പ്രതാപ് പറഞ്ഞു.
കേരളത്തിന്റെ തനത് കരകൗശല പാരമ്പര്യത്തെ സംരക്ഷിക്കുകയും സമകാലിക കലാസങ്കല്പ്പങ്ങളുമായി കൂട്ടിയിണക്കി മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന കേരള ആര്ട്സ് ആന്ഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ പ്രവര്ത്തനങ്ങള്ക്ക് ഈ നേട്ടങ്ങള് കൂടുതല് കരുത്തേകും. കലാകാരന്മാരുടെ കഴിവുകള്ക്ക് ദേശീയതലത്തില് അംഗീകാരം ലഭ്യമാക്കുന്നത് പരമ്പരാഗത കരകൗശലവിദ്യകളുടെ സാധ്യതകളും മൂല്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് പ്രചോദനമാകുമെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര് ടി.യു ശ്രീപ്രസാദ് പറഞ്ഞു.






