സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

ഫാർമക്കോളജി വിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവാർഡ് ജേതാവും
കോഴിക്കോട് :സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു .90 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.തിരുവണ്ണൂർ പുതിയകോവിലകത്ത് തെക്കെകെട്ട് താവഴി അംഗമാണ്.സഞ്ചയനം വെള്ളിയാഴ്ച.
സാമൂതിരി രാജയായി 2025 ലാണ് അധികാരമേറ്റത്.ഫാർമക്കോളജി വിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവാർഡ് ജേതാവുമാണ്.
ഗാന്ധിജിയുടെ കോഴിക്കോട് സന്ദർശനവേളയിൽ കൈയിലെ സ്വർണവള അദ്ദേഹത്തിന് ഊരിനൽകി സ്വാത ന്ത്ര്യ സമരത്തിന്‍റെ ഭാഗമായ മുൻ അമ്പാടി കോവിലകത്തെ ശ്രീദേവിവർമയുടെയും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബാല രാമവർമയുടെയും മകനാണ്.

സാമൂതിരി രാജ പി.കെ. കേരളവർമ
1936 സെപ്റ്റംബർ മൂന്നിനാണ് ജനനം. ഇന്റർമീഡിയറ്റ് വരെ സാമൂതിരി കോളജിലാണ് കേരളവർമ പഠിച്ചത്. അഹമ്മദാബാദ് എൽഎം കോളജ് ഓഫ് ഫാർമസിയിൽനിന്ന് ബിരുദം നേടി. മുംബൈയിൽ ജർമൻ റെമഡീസ് മരുന്നു നിർമാണ കമ്പനിയിൽ ജോലി ചെയ്തു,തുടർന്ന് നാട്ടിലെത്തി മെഡിക്കൽ കോളജിൽ നോൺ മെഡിക്കൽ ട്യൂട്ടർ ആയി പ്രവർത്തിച്ചു. പിന്നീട് വെസ്റ്റ്‌ഹിൽ വ്യവസായ എസ്റ്റേറ്റിൽ സ്വന്തമായി മരുന്നു നിർമാണ കമ്പനിയായ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങി.ലക്ഷദ്വീപിൽ മന്തുരോഗ വ്യാപനം തടയാൻ സംസ്ഥാന സർക്കാരിന്റെ ഫൈലേറിയാസിസ് റിസർച് സെന്ററുമായി ചേർന്ന് മരുന്നു കലർത്തിയ കറിയുപ്പ് വിതരണം ചെയ്യുന്ന മാതൃകാ പദ്ധതി തയാറാക്കിയ സംഘത്തിലും പി.കെ.കേരളവർമ അംഗമായിരുന്നു.കോട്ടയ്ക്കൽ ആര്യവൈദ്യശാല, ഔഷധി, വൈദ്യമഠം എന്നീ സ്ഥാപനങ്ങളുടെ ഫാർമക്കോളജി ഉപദേശകൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
ചിന്താവളപ്പിലെ ഫ്ലാറ്റിലായിരുന്നു താമസം.തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീവർമയാണ് ഭാര്യ. മക്കൾ: സുനീതി രാജ (വിവർത്തകയും ബുക്ക് എഡിറ്ററും, ഡൽഹി), ഡോ. കെ. സുജിത്ത് വർമ (പ്രിൻസിപ്പൽ, നാഷണൽ കോളേജ് ഓഫ് ഫാർമസി,
കെഎംസിടി). മരുമക്കൾ: കെ.സി. രവീന്ദ്രൻ രാജ (കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, ഉദ്യോഗസ്ഥൻ), ആർ. ദിവ്യ (അധ്യാപിക കൊയിലാണ്ടി ഗവ. എം.വി. ഹൈസ്കൂൾ). സഹോദരങ്ങൾ: ഇന്ദിര രവിവർമ, സര സ്വതിവർമ, പരേതയായ സേതുവർമ.






