‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

രജനികാന്തിനൊപ്പം മോഹൻലാലും ഋത്വിക്ക് റോഷനും മിഥുൻ ചക്രവർത്തിയും ജാക്കി ഷ്റോഫും ശിവരാജ് കുമാറും എസ് ജെ സൂര്യയും സുരാജ് വെഞ്ഞാറമ്മൂടും വിദ്യാ ബാലനും ഉൾപ്പെടുന്ന വൻതാരനിരയാണ് ചിത്രത്തിലുള്ളത്
ചെന്നൈ:രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ 2 ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം. ചിത്രം ആദ്യദിനം ഇന്ത്യയിൽ നിന്ന് 59.70 കോടി രൂപ നെറ്റ് കളക്ഷൻ നേടിയതായാണ് പ്രമുഖ ട്രേഡ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ.ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 70.25 കോടി രൂപയാണ്. വിദേശ വിപണിയിൽ നിന്ന് 55 കോടി രൂപ കൂടി നേടിയതോടെ ആദ്യദിനം ചിത്രത്തിൻ്റെ ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപയിലെത്തി.
നാല് ഭാഷകളിലായി 16,599 ഷോകളിൽ നിന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യദിനത്തിലെ മൊത്തം ഒക്യുപ്പൻസി 55.4 ശതമാനമായിരുന്നു. 37,46,734 പ്രേക്ഷകരാണ് ചിത്രം കണ്ടതെന്നാണ് റിപ്പോർട്ട്.തമിഴ് പതിപ്പാണ് കളക്ഷനിൽ മുന്നിൽ. 9,326 ഷോകളിൽ നിന്ന് 43.35 കോടി രൂപ നെറ്റ് നേടിയ തമിഴ് പതിപ്പിന് 70.8 ശതമാനം ഒക്ക്യുപ്പെൻസിയുണ്ടായിരുന്നു. തെലുങ്ക് പതിപ്പ് 2,792 ഷോകളിൽ നിന്ന് 12.50 കോടി രൂപ നേടി; ഒക്ക്യുപ്പെൻസി 56.2 ശതമാനം. 4,371 ഷോകളിൽ നിന്ന് ഹിന്ദി പതിപ്പ് 3.50 കോടി രൂപ നേടിയപ്പോൾ ഒക്ക്യുപ്പെൻസി 22 ശതമാനമായിരുന്നു. 110 ഷോകളിൽ നിന്ന് 35 ലക്ഷം രൂപയാണ് കന്നഡ പതിപ്പിന്റെ കളക്ഷൻ; ഒക്ക്യുപ്പെൻസി 54 ശതമാനവും.
ഇന്ത്യൻ നെറ്റ് കളക്ഷനിൽ 50 കോടി രൂപയുടെ നാഴികക്കല്ല് ആദ്യദിനം തന്നെ പിന്നിട്ട ജയിലർ 2, ആഗോള ബോക്സ് ഓഫീസിലും ശ്രദ്ധേയമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം മോഹൻലാലും ഋത്വിക്ക് റോഷനും മിഥുൻ ചക്രവർത്തിയും ജാക്കി ഷ്റോഫും ശിവരാജ് കുമാറും എസ് ജെ സൂര്യയും സുരാജ് വെഞ്ഞാറമ്മൂടും വിദ്യാ ബാലനും ഉൾപ്പെടുന്ന വൻതാരനിരയാണ് ചിത്രത്തിലുള്ളത്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.






