‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ? പുതിയ വൈദ്യുതി വാങ്ങൽ കരാറിനുള്ള നീക്കം വമ്പൻ അഴിമിതിയുടെ കേളികൊട്ട്

ആറുമാസം മുമ്പ്,യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടനെ മാറ്റി നിയമിച്ച കെഎസ്ഇബി സിഎംഡി എം.ജി രാജമാണിക്യം എന്ന ഐഎഎസ് ഉദ്യോഗസ്ഥന് അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൻ്റെ പേരിൽ സ്ഥാനനഷ്ടം
അതീതം/എം.ബി.സന്തോഷ്
‘വെളിച്ചം ദുഖമാണുണ്ണീ,തമസ്സല്ലോ സുഖപ്രദം’എന്നെഴുതിയത് യശശ്ശരീരനായ കവി അക്കിത്തമാണ്.എന്നാൽ,നമ്മെ ഇരുട്ടത്തിരുത്തി അവിടെനിന്ന് വെളിച്ചം പകരാനെന്ന മട്ടിൽ നടക്കുന്ന ഇടപാടുകൾക്ക് കോടികളുടെ അഴിമതിക്കിലുക്കം!ആറുമാസം മുമ്പ്,യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടനെ മാറ്റി നിയമിച്ച കെഎസ്ഇബി സിഎംഡി എം.ജി രാജമാണിക്യം എന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഈ അഴിമതിക്ക് കൂട്ടുനിൽക്കാത്തതിൻ്റെ പേരിൽ പുറത്ത് പോകേണ്ടി വന്നിരിക്കുന്നു.
കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന ന്യായീകരണങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നതിൻ്റെ വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞു.ഈ ഇപാടിനുപിന്നിൽ വമ്പൻ സാമ്പത്തിക അഴിമതി താല്പര്യമാണെന്ന് വ്യക്തമാണ്.
ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി വാങ്ങിയാല്‍ 2232 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ വാദം തെറ്റാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. 1105 കോടി രൂപയുടേതാണ് ഹിമാചല്‍ പ്രദേശ് വൈദ്യുതി കരാര്‍ എന്നിരിക്കെ എങ്ങനെയാണ് 2232 കോടി രൂപയുടെ ബാധ്യതയുണ്ടാകുന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം നൽകേണ്ടിയിരിക്കുന്നു.

വി ഡി സതീശൻ
കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ഹിമാചല്‍ സംവിധാനത്തിലൂടെ പീക്ക് സമയത്ത് 864 മുതല്‍ 1280 മെഗാവാട്ട് വരെ വൈദ്യുതി ലഭിക്കും. ജി.എന്‍.എയുടെ ഓഫര്‍ വെറും 500 മെഗാവാട്ടില്‍ മാത്രം ഒതുങ്ങുന്നു. എന്നാൽ, ജി.എന്‍.എ കൂടുതല്‍ പീക്ക് വൈദ്യുതി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് ആധാരമായ അടിസ്ഥാന രേഖ എന്താണെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല. കെ.എസ്.ഇ.ബിയോ റെഗുലേറ്ററി കമ്മീഷനോ ഔദ്യോഗികമായി അംഗീകരിക്കാത്ത ഇത്തരം കണക്കുകള്‍ മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നത് പറയേണ്ടത് മറ്റാരുമല്ല.
ഹിമാചല്‍ ഓഫര്‍ സ്വീകരിച്ചിരുന്നെങ്കില്‍ രണ്ടായിരത്തിലധികം കോടി രൂപയുടെ ബാധ്യത വരുമെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാപരമായി തെറ്റാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കെ.എസ്.ഇ.ബിയുടെ യഥാര്‍ത്ഥ കണക്കുകള്‍ പ്രകാരം ഹിമാചല്‍ സംവിധാനത്തിന്റെ ആകെ ചെലവ് 1105 കോടി രൂപ മാത്രമാണ്. യൂണിറ്റിന് 14.50 രൂപ നിരക്കില്‍ കണക്കാക്കിയാല്‍ പോലും അത് 1281 കോടി രൂപയിലേറെ വരില്ല.
ജി.എന്‍.എ വാഗ്ദാനവും അതുമൂലമുണ്ടാകുന്ന അധിക പീക്ക് വൈദ്യുതി വാങ്ങലും ചേരുമ്പോള്‍ മൊത്തം ചെലവ് 2008 കോടി രൂപയ്ക്ക് മുകളിലേക്ക് ഉയരും.ആ സ്ഥിതിക്ക് ഹിമാചല്‍ നഷ്ടവും ജി.എന്‍.എ ലാഭവുമാകുന്ന സാമ്പത്തിക ശാസ്ത്രം മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടിവരും.
വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരമുള്ള ടെണ്ടറുകളോ റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമോ ഇല്ലാതെയാണ് ജി.എന്‍.എ ഓഫറിലെ 8.63 രൂപ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.ജി.എന്‍.എ വൈദ്യുതി ഉല്പാദന കമ്പനിയോ ലൈസന്‍സുള്ള പവര്‍ ട്രേഡറോ അല്ല. അതൊരു ഡിജിറ്റല്‍ ഒ.ടി.സി പ്ലാറ്റ്ഫോം മാത്രമാണ്. അങ്ങനെയൊന്നിന് വൈദ്യുതി ഓഫര്‍ ചെയ്യാന്‍ എന്ത് നിയമപരമായ അധികാരമാണുള്ളതെന്ന ചോദ്യത്തിനും ഇനിയും മറുപടി കിട്ടിയിട്ടില്ല.സുതാര്യത ഒട്ടുമില്ലാത്ത, കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ തന്നെ അന്വേഷണം നേരിടുന്ന ഒരു പ്ലാറ്റ്ഫോമിൻ്റെ ഓഫറിനെ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങി ന്യായീകരിക്കുന്നത് എന്തിനുവേണ്ടിയാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്.

എം ജി രാജമാണിക്യം
വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതും ശരിയല്ല. സെക്ഷന്‍ 62, 63 പ്രകാരം ടെണ്ടര്‍ ഇല്ലാതെ വൈദ്യുതി വാങ്ങാന്‍ കഴിയില്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.ടെണ്ടറില്ലാതെ വൈദ്യുതി വാങ്ങിയാല്‍ റെഗുലേറ്ററി കമ്മീഷന് അംഗീകാരം ലഭിക്കില്ല. സെക്ഷന്‍ 108 പ്രകാരം വൈദ്യുതി വാങ്ങുമ്പോഴും റെഗുലേറ്ററി കമ്മീഷന് അംഗീകാരം വേണമെന്നാണ് ചട്ടം.
ജിഎന്‍എ കരാര്‍ 903 കോടി രൂപയിലേറെ കെഎസ്ഇബിക്ക് ബാധ്യത ഉണ്ടാക്കുമെന്നാണ് സിഎംഡിയുടെ റിപ്പോര്‍ട്ട്. സിഎംഡിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ജിഎന്‍എ കരാറിനെ മന്ത്രി സണ്ണി ജോസഫും എതിര്‍ത്തത്.യൂണിറ്റിന് 12 രൂപ 50 പൈസയ്ക്കാണ് ഹിമാചല്‍ സര്‍ക്കാര്‍ വൈദ്യുതി നല്‍കുന്നത്. എന്നാല്‍ 8 രൂപ 63 പൈസയാണ് ജിഎന്‍എ യൂണിറ്റിന് ഈടാക്കുമെന്ന് ക്വാട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ 500 മെഗാവാട്ടാണ് പീക്ക് സമയത്ത് അവര്‍ നല്‍കുന്നത്. ഇത് സംസ്ഥാനത്തിന്റെ ഒരു ദിവസത്തെ ഉപയോഗത്തിന് മതിയാകാതെ വരും. അങ്ങനെയെങ്കില്‍ ബാക്കി വൈദ്യുതി സംസ്ഥാനം കണ്ടെത്തേണ്ട സാഹചര്യമുണ്ടാകും. പീക്ക് സമയത്ത് ഏതാണ്ട് 20 രൂപയോളം ഒരു യൂണിറ്റിന് വരും എന്നതാണ് ഈ കരാറിലെ പ്രതിസന്ധിയായി രാജമാണിക്യം ചൂണ്ടിക്കാട്ടിയത്. ഹമാചലിൻ്റെ കരാര്‍ അനുസരിച്ച് 12 രൂപയ്ക്ക് സംസ്ഥാനത്തില്‍ എത്ര വൈദ്യുതി ആവശ്യമാണോ അത്രയും ലഭിക്കും എന്നതാണ് സവിശേഷത. ജിഎന്‍എയുടെ കരാറില്‍ പകല്‍ സമയത്തും 8 രൂപ 63 പൈസയ്ക്ക് സംസ്ഥാനം വൈദ്യുതി വാങ്ങണം എന്ന കുരുക്ക് കൂടി നിലനില്‍ക്കുന്നുണ്ട്. പകല്‍ സമയം വൈദ്യുതി ക്ഷാമം ഇല്ലാതെ തന്നെ 500 വാട്ട് വൈദ്യുതി വാങ്ങേണി വരുമെന്നതാണ് ജിഎന്‍എ കരാറിലെ വലിയ പ്രതിസന്ധി.
ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നൽകിയ റിപ്പോർട്ടുകൾ ആരാണ് മുക്കിയതെന്നും കെഎസ്ഇബി മുൻ ചെയർമാൻ എം ജി രാജമാണിക്യത്തിന്റെ കുറിപ്പുകൾ അടങ്ങിയ ഫയലുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്നും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ മുഖ്യമന്ത്രിയോട് ചോദിച്ചിട്ടുണ്ട്.ജിഎൻഎ പീക്ക് അവറിൽ കൂടുതൽ വൈദ്യുതി നൽകുമെന്ന വാദത്തിന് അടിസ്ഥാനമെന്ത്? കെഎസ്ഇബിയോ റെഗുലേറ്ററി കമ്മീഷനോ നൽകാത്ത കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്ന് കിട്ടി? യൂണിറ്റിന് 8.63 രൂപ നിശ്ചയിച്ചത് ഏത് സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ? ടെൻഡർ വിളിക്കാതെയോ കമ്മീഷൻ അംഗീകരിക്കാതെയോ എങ്ങനെ വില നിർണയിച്ചു?

അധിക വൈദ്യുതി വാങ്ങാൻ അമിത താത്പര്യം എന്തിന്? ജിഎൻഎയ്ക്ക് വൈദ്യുതി ഓഫറിന് അധികാരമുണ്ടോ? ജിഎൻഎ റെഗുലേറ്ററി കമ്മീഷൻ രേഖകൾ ദുരുപയോഗം ചെയ്തതിന് അന്വേഷണം നേരിടുന്ന കമ്പനിയാണെന്ന് അറിയാമോ എന്നിവയാണ് മുഖ്യമന്ത്രിയോടുള്ള ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ്റെ ചോദ്യങ്ങൾ.
ഈ കരാറുമായി മുന്നോട്ടുപോവുകയാണ് എങ്കിൽ അഴിമതി അല്ലെന്നും സുതാര്യമാണെന്നും വ്യക്തമാക്കി ഇതുവരെയുള്ളതും ഇനി ഏർപ്പെടുന്നതുമായ കരാർ വിവരങ്ങൾ പൊതുസമൂഹത്തന് മുന്നിൽ വെളിപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.ഇതുവരെ മുഖ്യമന്ത്രിക്ക് മുൻകൂർ ക്ലീൻചിറ്റ് നൽകിയിരുന്ന മുഖ്യധാരാ മാധ്യമങ്ങൾക്കപോലും ഈ ഇടപാടിനെതിരേ രംഗത്തുവരേണ്ടി വന്നു എങ്കിൽ സ്വന്തം കണ്ണിലെ കോല് മുഖ്യമന്ത്രി കണ്ടെത്തുകതന്നെ വേണം.ഇതുവരെയുള്ള വിവരങ്ങളനുസരിച്ച് കേരളത്തിൽ സമീപകാലത്ത് നടക്കാനിടയുള്ള വമ്പൻ അഴിമിതിയുടെ കേളികൊട്ടാണിത്.വെളിച്ചം അഴിമതിയാണുണ്ണീ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ?






