‘മലബാർ റിവർ ഫെസ്റ്റിവൽ’ ജൂലൈ 30 മുതൽ,ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ യോഗം ജൂൺ 2ന്

‘കേരളത്തിലെ അമ്യൂസ്മെന്‍റ് പാർക്കുകളിൽ സുരക്ഷാ പരിശോധന നടത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്’
തിരുവനന്തപുരം:മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പന്ത്രണ്ടാമത് എഡിഷൻ ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുമെന്ന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് .
ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളയുമാണ് മലബാർ റിവർ ഫെസ്റ്റിവൽ. 20ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കയാക്കർമാരെയും നൂറിലധികം ദേശീയ കയാക്കർമാരെയും പ്രതീക്ഷിക്കുന്നു. ഫെസ്റ്റിവലിന്‍റെ പ്രചരണാർത്ഥം കോഴിക്കോട് മുനിസിപ്പാലിറ്റിയിലും എട്ടു പഞ്ചായത്തുകളിലും 18 ഓളം സാഹസിക കായിക പരിപാടികൾ സംഘടിപ്പിക്കും. കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവലിൽ അമേരിക്ക, ന്യൂസിലൻഡ്, ചിലി, റഷ്യ, ബെൽജിയം, ഇറ്റലി, മലേഷ്യ, ഉക്രൈൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 18 കയാക്കർമാർ പങ്കെടുത്തിരുന്നു. 85 ഇന്ത്യൻ കയാക്കർമാരും ഇതിൽ പങ്കാളികളായിരുന്നതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടൂറിസം മന്ത്രി രക്ഷാധികാരിയായി സംഘാടക സമിതി പ്രവർത്തിക്കും. കോഴിക്കോട് ജില്ലാ കളക്ടർ സമിതിയുടെ ചെയർമാനായിരിക്കും. കൂടാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രതിനിധികളും സമിതിയിലുണ്ട്. ഇന്ത്യൻ കയാക്കിംഗ് ആന്‍റ് കനോയിംഗ് അസോസിയേഷന്‍റെ സാങ്കേതിക സഹകരണത്തോടെയാണ് കേരള ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. സാഹസിക കായിക പ്രേമികൾ, ടൂറിസം പ്രതിനിധികൾ, അന്താരാഷ്ട്ര കയാക്കർമാർ എന്നിവരുടെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

കേരളത്തിലെ അമ്യൂസ്മെന്‍റ് പാർക്കുകളിൽ സുരക്ഷാ പരിശോധന നടത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. റെസ്പോൺസിബിൾ ടൂറിസം പോലെ സസ്റ്റൈനബിൾ ടൂറിസം ഉണ്ടാകേണ്ടതാണ്. ഈ വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടർ എം. അഞ്ജന, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സെക്രട്ടറി ബിനു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ യോഗം ജൂൺ 2ന്
സംസ്ഥാനത്തെ ചലച്ചിത്ര മേഖലയിലെ മുഴുവൻ സംഘടനകളുടെയും യോഗം ജൂൺ രണ്ടിന് തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ടെന്ന് സാംസ്‌കാരിക മന്ത്രികൂടിയായ വിഷ്ണുനാഥ് അറിയിച്ചു. ചലച്ചിത്ര മേഖലയിലെ സംഘടനകൾക്ക് പറയാനുള്ളത് കേൾക്കും. കെ. എസ്. എഫ്. ഡി. ഡി, കേരള ചലച്ചിത്ര അക്കാഡമി എന്നിവയുടെ തലപ്പത്തേക്കുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിലവിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. അത് ഒരു സ്വകാര്യ സംഘടനയ്ക്കുള്ളിലെ വിഷയങ്ങളാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.






