ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹിച്ചു,ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടു:വി.ഡി സതീശൻ

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിൽ മത്സരമില്ലെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം:മുൻകാലങ്ങളിൽ ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടതായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അന്നത് വിഷമമുണ്ടാക്കിയെങ്കിലും ഇപ്പോൾ അതിൽ ദുഃഖമില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് അസി.എക്‌സിക്യൂട്ടിവ് എഡിറ്റര്‍ വിനു വി ജോണിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
‘ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അന്ന് അത് നടക്കാത്തത്തിൽ വിഷമമുണ്ടായി. നഷ്ടപ്പെട്ടതിനെ ഓർത്ത് സങ്കടമില്ല. ഞാനിപ്പോൾ സംതൃപ്തനാണ്’ – സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിൽ മത്സരമില്ല. നേതാവിനെ ഉയര്‍ത്തിക്കാട്ടിയല്ല മത്സരം. എഐസിസി നടപടി ക്രമം അനുസരിച്ച് തീരുമാനമെടുക്കും.കേരളത്തിലുള്ളത് കൂട്ടായ നേതൃത്വമാണ്. കെസി വേണുഗോപാലും രമേശ് ചെന്നിത്തലയുമായും ധാരണയുണ്ട്. സിപിഎമ്മിലെ പോലെ ഒരു വടംവലിയും ഉണ്ടാകില്ല.സിപിഎമ്മില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാൻ അവിടെ ആരുമില്ല. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിൻ്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയില്ല. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. സീറ്റ് നിര്‍ണയത്തില്‍ ഘടകകക്ഷികളുമായി ഒരു അപസ്വരവും ഉണ്ടായില്ല. ഡല്‍ഹിയില്‍ ചര്‍ച്ച നീണ്ടത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്. എത്രയോ വിസ്മയളുണ്ടായി. ജി സുധാകരന്‍, എ സുരേഷ്, ശശി എല്ലാം വിസ്മയങ്ങളാണ്. സിപിഎം മുതിര്‍ന്ന നേതാക്കള്‍ പിന്നണിയില്‍ പിന്തുണ നല്‍കുന്നുണ്ട്. നാല് സ്വതന്ത്രരുമായി ധാരണ ഉണ്ട്. ജയിച്ചാല്‍ അവര്‍ യുഡിഎഫിനൊപ്പം നില്‍ക്കും. കുഞ്ഞികൃഷ്ണന്‍, ഗോവിന്ദന്‍ തുറന്നുപറച്ചിലുകള്‍ക്ക് കര്‍ട്ടന് പിന്നില്‍ സിപിഎം മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നും സതീശന്‍ പറഞ്ഞു.
2005 മുതല്‍ യുഡിഎഫില്‍ നിന്ന് അകന്നുപോയ സാമൂഹിക ഘടകങ്ങള്‍ തിരിച്ചുവന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ജയത്തിന് കാരണം ഇതാണ്. അകന്നുപോയത് എന്തൊക്കെ എന്ന് രഹസ്യമായി പരിശോധിച്ചു. സര്‍ക്കാര്‍ പ്രചാരണം എല്ലാം പച്ചക്കള്ളമാണ്. അതെല്ലാം പൊളിച്ചടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.






