പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

പെട്രോള്‍ ഡീസല്‍ വിലയിലുണ്ടായ വര്‍ദ്ധന പാലിന്‍റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗതാഗതച്ചെലവ് ഗണ്യമായി വര്‍ധിപ്പിച്ചെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ്. മണി
തിരുവനന്തപുരം:മില്‍മ പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും. ബുധനാഴ്ച ചേര്‍ന്ന ഫെഡറേഷന്‍റെ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം. ജൂണ്‍ ഒന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.മിൽമ പാൽവില വർധിപ്പിക്കുന്നതോടെ സംസ്ഥാനത്തൊട്ടാകെ എല്ലാ പാലിനും വിലവർധന ബാധകമാകാറാണ് പതിവ്.
മിൽമയുടെ വർധന പ്രകാരം കര്‍ഷകന് മൊത്തം വര്‍ദ്ധനയുടെ 83.75 ശതമാനവും (3 രൂപ 35 പൈസ), പാല്‍ സൊസൈറ്റിക്ക് 6.25 ശതമാനവും (25 പൈസ) ലഭിക്കും.
കടുത്ത വരള്‍ച്ചയും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്‍റെ വില ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മേഖലാ യൂണിയനുകള്‍ക്ക് പാല്‍ വില്‍പനയില്‍ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ്. മണി പറഞ്ഞു. ഉത്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവും വരുമാനത്തിലെ കുറവും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കി. ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിന് പാല്‍ വില വര്‍ദ്ധനവ് അത്യന്തം അനിവാര്യമാണ്.
ഈയിടെ ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധികള്‍ കാരണം പെട്രോള്‍ ഡീസല്‍ വിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ദ്ധനവ് പാലിന്‍റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗതാഗതച്ചെലവ് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പാലും പാലുത്പന്നങ്ങളും പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന എല്‍ഡിപിഇ ഫിലിം, പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, കപ്പുകള്‍ മുതലായവയുടെ വില 50-75 ശതമാനം വരെ വര്‍ദ്ധിച്ചതിനാല്‍ പാലിന്‍റെ പ്രോസ്സസ്സിംഗ്, പാക്കിംഗ് വിപണന ചെലവുകള്‍ കുത്തനെ ഉയര്‍ന്നതായും അദ്ദേഹം അറിയിച്ചു.
പാല്‍വില വര്‍ദ്ധന നിലവില്‍ വരുന്നതോടെ ക്ഷീരകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റര്‍ പാലിന് 43.39 രൂപ നല്കണം. ഇത് നേരത്തെ 40.04 രൂപയായിരുന്നു. മുന്‍പ് 26 രൂപയായിരുന്ന ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്‍റെ അരലിറ്റര്‍ പാക്കറ്റിന് പുതുക്കിയ വില 28 രൂപയാണ്.






