പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം:സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ സി പി ജോൺ, കെ എ തുളസി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങയവർ വനിതകൾക്കൊപ്പം ആദ്യ യാത്രയിൽ പങ്കെടുത്തു. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കായിരുന്നു ആദ്യ സർവീസ്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ ഉണ്ടാകുക മത്സ്യത്തൊഴിലാളികൾ, വീടുകളിൽ ജോലിക്കെത്തുന്ന തൊഴിലാളികൾ, വിദ്യാർഥികൾ, ജീവനക്കാർ, ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കുമടക്കം പദ്ധതി ഗുണകരമാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുകയും വികേന്ദ്രീകരിക്കുകയും ചെയ്യുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്‌പോൺസർ ചെയ്യുന്നതിനുള്ള മാർഗരേഖ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ സീറോ യാത്രാ ടിക്കറ്റ് മുഖ്യമന്ത്രി ഡൽവിക്കും അമേയ പ്രസാദിനും കൈമാറി. പ്രിയദർശിനി യാത്രാ പദ്ധതിയുടെ ഹ്രസ്വ വീഡിയോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ ജയശങ്കർ സ്വാഗതമാശംസിച്ചു. പട്ടിക ജാതി,പട്ടിക വർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി വിശിഷ്ടാതിഥിയായി. എം എൽ എ മാരായ എം വിൻസൻ്റ്, എൻ ശക്തൻ, ഗതാഗത സെക്രട്ടറി ടി വി അനുപമ, ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, വാർഡ് കൗൺസിലർ സി ഹരികുമാർ, കെ എസ് ആർ ടി സി സി എം ഡി ഡോ. പി എസ് പ്രമോജ് ശങ്കർ എന്നിവർ സംബന്ധിച്ചു.
കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ വി പി ഷീല ആദ്യ യാത്രയുടെ ഡ്രൈവറായി.ജയകുമാരിയായിരുന്നു കണ്ടക്ടർ. സംസ്ഥാനത്തുടനീളമുള്ള 3125 ഓർഡിനറി വിഭാഗം ബസുകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽഎസ്, ടൗൺ ടു ടൗൺ വിഭാഗങ്ങളിലെ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ സൗകര്യം ലഭിക്കും.
സൗജന്യ യാത്രയ്ക്കായി പ്രത്യേക രജിസ്‌ട്രേഷനോ കാർഡുകളോ സർട്ടിഫിക്കറ്റുകളോ ആവശ്യമില്ല. കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി സീറോ ടിക്കറ്റ് നൽകും. യാത്രക്കാരുടെ സൗകര്യാർത്ഥം പദ്ധതിയിൽ ഉൾപ്പെട്ട ബസുകളിൽ പ്രത്യേക സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്. ഇന്ദിര ഗ്യാരന്റികളുടെ ഭാഗമായാണ് പ്രിയദർശിനി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയത്.
സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. ഡ്രൈവറുടെ കാഴ്ച മറയ്ക്കാത്ത രീതിയിൽ ബസിന്‍റെ മുൻവശത്തെ ചില്ലിലും രണ്ട് വാതിലുകളുടെയും വശങ്ങളിലുമായാണ് സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നത്.






