2023 ഫെബ്രുവരി 2ന് തുടങ്ങിയ ‘ബക്കാർഡി ഫയല്‍’,എൽഡിഎഫ് കാലത്ത് ചലിച്ചില്ല,വി ഡി സതീശൻ വന്നതോടെ എക്സൈസ് മന്ത്രിപോലും അറിയാതെ അതിവേഗ ഫയൽയാത്ര

വെറും രണ്ടര മണിക്കൂര്‍ കൊണ്ടാണ് ‘ബക്കാർഡിഫയല്‍’ മുഖ്യമന്ത്രി വി ഡി സതീശന്‍റെ മുന്നിലെത്തിയത്
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയ ഫയല്‍ നീങ്ങിയത് ശരവേഗത്തിലാണെന്നതിൻ്റെ വിവരങ്ങൾ പുറത്തുവന്നു.എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് 2023 ഫെബ്രുവരി 2ന് തുടങ്ങിയ ഫയല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വേഗത്തില്‍ നീങ്ങിയതിന് ഫയല്‍ മൂവ്‌മെൻ്റ് ഹിസ്റ്ററി തെളിവായി. മെയ് 18ന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി. മെയ് 21ന് നികുതിയളവ് ഫയല്‍ സജീവമായി. വെറും രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഫയല്‍ അന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍റെ മുന്നിലെത്തിയത്.എക്സൈസ് മന്ത്രി എം.ലിജു അറിയാതെയായിരുന്നു ഇതു സംബന്ധിച്ച ഫയൽനീക്കമെന്നാണ് വിവരം.
മുഖ്യമന്ത്രി കണ്ടതിന് ശേഷം ഫയല്‍ അതിവേഗത്തില്‍ നീങ്ങുകയായിരുന്നു. ജൂണ്‍ 15ന് മുഖ്യമന്ത്രി ഫയലില്‍ തീരുമാനമാക്കി. ജൂണ്‍ 16ന് അതിരാവിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ ഫയല്‍ കണ്ടു. രാവിലെ 8.45നാണ് ജ്യോതിലാല്‍ ഫയല്‍ നീക്കിയത്. അതിനുശേഷം ഒരു മിനിറ്റ് കൊണ്ടും രണ്ടുമിനിറ്റ് കൊണ്ടും ഫയല്‍ നീങ്ങുന്നത് രേഖകളില്‍ നിന്നും മനസിലാകും.
ബക്കാഡിക്ക് വേണ്ടിയാണ് നികുതിയിളവ് നല്‍കിയത്. ഫയലില്‍ ബക്കാഡി കമ്പനിയുടെ അപേക്ഷ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത ഫയല്‍ ആയിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ തന്നെ നികുതി കുറച്ചു കൊടുത്തിരിക്കുന്നത്. 2023ല്‍ അന്നത്തെ നികുതി വകുപ്പ് സെക്രട്ടറിയായ രത്തന്‍ ഖേല്‍ക്കര്‍ ഈ ഫയല്‍ കണ്ടിരുന്നു. ഇതേ രത്തന്‍ ഖേല്‍ക്കര്‍ക്ക് ആണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതല.
വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിൽ ഇളവ് വരുത്തിയ മുഖ്യമന്ത്രി വി ഡി സതീശന്‍റെ നീക്കത്തിന് പിന്നിൽ വലിയ അഴിമതിയെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ ആരോപിച്ചു. റെക്കോർഡ് വേഗതയിലാണ് ബക്കാർഡി എന്ന മദ്യ കമ്പനിക്കായി ഫയൽനീക്കം നടന്നത്. യുദ്ധകാല അടിസ്ഥാനത്തിലാണ് നീക്കങ്ങൾ നടന്നതെന്നും കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.
എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കാത്തതിന് കാരണം കൂടുതൽ ആളുകൾ മദ്യപിക്കുന്നതിന് കാരണമാകും എന്നതുകൊണ്ടാണ്. അതിൽ നിന്ന് റവന്യൂ ലഭിക്കും, എന്നാലും ഞങ്ങൾ വേണ്ട എന്ന തീരുമാനമെടുത്തു. വീര്യം കുറഞ്ഞ മദ്യം എന്നത് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മുന്നോട്ട് വെച്ചത് കാർഷിക മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് വേണ്ടിയാണ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ അഴിമതി ആരോപണം സഭാ ടിവിയിൽ നിന്ന് നീക്കിയ സംഭവത്തിൽ വി ഡി സതീശൻ സർക്കാർ വന്നതിനുശേഷം എങ്ങനെയാണ് നിയമസഭ കൈകാര്യം ചെയ്യാൻ പോകുന്നത് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരുണ്ട നാളുകളിലേക്ക് നിയമസഭയെ കൊണ്ടെത്തിക്കാനുള്ള ശ്രമമാണിതെന്നും സഭാ ടിവിയിൽ നിന്ന് പ്രസംഗം നീക്കം ചെയ്താൽ അഴിമതി അഴിമതി അല്ലാതാകുന്നില്ലെന്നും കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.






